Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഓട്ടോ എക്സ്പോ: ഫോക്സ്‍‌വാഗനും ജി എമ്മുമില്ല

Auto Expo 2018 Auto Expo 2018

അടുത്ത വർഷത്തെ ഓട്ടോ എക്സ്പോയിൽ പങ്കെടുക്കില്ലെന്നു ഫോക്സ്‍‌വാഗൻ ഗ്രൂപ് അടക്കമുള്ള പ്രമുഖ നിർമാതാക്കൾ പ്രഖ്യാപിച്ചു. ജർമൻ വാഹന നിർമാണ ഗ്രൂപ്പായ ഫോക്സ്‍‌വാഗനു പുറമെ ഇന്ത്യയിൽ വാഹന വിൽപ്പന അവസാനിപ്പിക്കുമെന്നു പ്രഖ്യാപിച്ച യു എസ് നിർമാതാക്കളായ ജനറൽ മോട്ടോഴ്സും 2018 ഓട്ടോ എക്സ്പോയിൽ പങ്കെടുക്കില്ല. ഫോക്സ്‍‌വാഗനു പുറമെ ഗ്രൂപ് കമ്പനികളായ ഔഡിയും സ്കോഡയുമാണ് ഓട്ടോ എക്സ്പോയ്ക്കില്ലെന്നു വ്യക്തമാക്കിയത്.

മുടക്കുന്ന പണത്തിനൊത്ത മൂല്യം ലഭിക്കുന്നില്ലെന്ന വിലയിരുത്തലും പങ്കാളിത്തം കൊണ്ടു കാര്യമായ പ്രയോജനമില്ലെന്ന തിരിച്ചറിവുമാണു വാഹന നിർമാതാക്കളെ ഓട്ടോ എക്സ്പോയിൽ നിന്ന് അകറ്റുന്നതെന്നാണു സൂചന. ജാപ്പനീസ് നിർമാതാക്കളായ നിസ്സാനും യു എസിൽ നിന്നുള്ള ഫോഡും ഇരുചക്രവാഹന നിർമാതാക്കളായ റോയൽ എൻഫീൽഡും ബജാജ് ഓട്ടോയുമൊക്കെ 2018 ഓട്ടോ എക്സ്പോയ്ക്കെത്തില്ലെന്ന അഭ്യൂഹം ശക്തമാണ്.

ഉത്തർപ്രദേശിലെ ഗ്രേറ്റർ നോയ്ഡയിൽ അടുത്ത ഫെബ്രുവരിയിലാണ് ഓട്ടോ എക്സ്പോ അരങ്ങേറുക; ഇന്ത്യൻ വാഹന നിർമാതാക്കളുടെ സൊസൈറ്റിയായ ‘സയാം’, വാണിജ്യ — വ്യാപാര സംഘടനയായ കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രി(സി ഐ ഐ) എന്നിവരാണു പരിപാടിയുടെ സംഘാടകർ. നിലവിലുള്ള നിർമാതാക്കൾ വിട്ടുനിൽക്കുമ്പോഴും പുതിയ കമ്പനികളായ കൊറിയൻ കിയ, ചൈനീസ് എസ് എ ഐ സി, ഫ്രഞ്ച് പ്യുഷൊ തുടങ്ങിയവർ ഓട്ടോ എക്സ്പോയ്ക്കെത്തുമെന്നു പ്രഖ്യാപിച്ചത് സംഘാടകർക്ക് ആശ്വാസമാകുന്നുണ്ട്. 

ഔഡിക്കും സ്കോഡയ്ക്കും പുറമെ ഡ്യുകാറ്റി, പോർഷെ, ലംബോർഗ്നി തുടങ്ങിയ ബ്രാൻഡുകളുടെയും ഉടമകളായ ഫോക്സ്‍‌വാഗൻ ഗ്രൂപ് ഓട്ടോ എക്സ്പോയിൽ നിന്നു പിൻമാറാനുള്ള തീരുമാനം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്. 2018 ഓട്ടോ എക്സ്പോയിൽ പങ്കെടുക്കുന്നില്ലെന്നാണു ഗ്രൂപ്പിന്റെ നിലപാടെന്ന് ഫോക്സ്‍‌വാഗൻ ഗ്രൂപ് സെയിൽസ് ഇന്ത്യ മാനേജിങ് ഡയറക്ടർ തിയറി ലെസ്പിയോക് വ്യക്തമാക്കി. മുൻ എക്സ്പോകളിൽ പങ്കെടുത്ത അനുഭവം ആഹ്ലാദകരമായിരുന്നെന്നും 2020ൽ തിരിച്ചെത്താനാവുമെന്നാണു പ്രതീക്ഷയെന്നും അദ്ദേഹം വിശദീകരിച്ചു.