Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സ്കൂട്ടേഴ്സ് ഇന്ത്യ വിറ്റൊഴിവാക്കാൻ നീക്കം

scooters-india-ltd

പൊതുമേഖലയിൽ പ്രവർത്തിക്കുന്ന ഇരുചക്ര, ത്രിചക്ര വാഹന നിർമാതാക്കളായ സ്കൂട്ടേഴ്സ് ഇന്ത്യ ലിമിറ്റഡിന്റെ ഓഹരികൾ പൂർണമായും വിറ്റൊഴിയാൻ കേന്ദ്ര ഘന വ്യവസായ മന്ത്രാലയം നടപടി തുടങ്ങി. രണ്ടു ഘട്ടങ്ങളിലായുള്ള ലേലത്തിലൂടെ ലക്നൗ ആസ്ഥാനമായ കമ്പനിക്കു പുതിയ ഉടമസ്ഥരെ കണ്ടെത്താനാണു കേന്ദ്ര സർക്കാരിന്റെ പദ്ധതി. സർക്കാരിനു വേണ്ടി ഘന വ്യവസായ മന്ത്രാലയമാണു ലേല നടപടികൾ നടപ്പാക്കുക.

കേന്ദ്ര ഘന വ്യവസായ പൊതു സംരംഭ മന്ത്രാലയത്തിന്റെ നിയന്ത്രണത്തിലുള്ള കേന്ദ്ര പൊതു മേഖല സ്ഥാപനമായ സ്കൂട്ടേഴ്സ് ഇന്ത്യ ലിമിറ്റഡ് 1972ലാണു സ്ഥാപിതമായത്. സ്ഥാപനത്തിന്റെ 93.74% ഓഹരികൾ സർക്കാരിന്റെ പക്കലാണ്; അവശേഷിക്കുന്ന ഓഹരികളിൽ 3.94% സ്പെഷൽ നാഷനൽ ഇൻവെസ്റ്റ്മെന്റ് ഫണ്ടിന്റെയും ബാക്കി 2.32% പൊതുജനങ്ങളുടെയും ഉടമസ്ഥതയിലും.

വസ്തു, കെട്ടിടം, ഫർണിച്ചർ — ഫിക്സ്ചർ, റോഡ്, സംരക്ഷണ ഭിത്തി തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങൾ, പ്ലാന്റ്, യന്ത്ര സാമഗ്രി, സ്റ്റോക്ക്, സ്പെയർ തുടങ്ങി കമ്പനിയുടെ ആസ്തികളെല്ലാം ഉൾപ്പെടുത്തിയാവും കേന്ദ്ര ഘന മന്ത്രാലയം ലേല നടപടികൾക്കു തുടക്കം കുറിക്കുക. ഓഹരി വിറ്റഴിക്കൽ എന്ന ലക്ഷ്യം മുൻനിർത്തിയാവും മൂല്യനിർണയം നടത്തുകയെന്നും ഇതു സംബന്ധിച്ച വിജ്ഞാപനം വ്യക്തമാക്കുന്നു.