Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇറ്റാലിയൻ കമ്പനിയെ ഏറ്റെടുക്കാൻ ബോഷ്

bosch

ജർമൻ ആഡംബര കാർ ബ്രാൻഡായ ബി എം ഡബ്ല്യുവിന്റെ ഉൽപ്പാദനം താറുമാറാക്കിയ ഇറ്റാലിയൻ ഉപകരാറുകാരനെ ഏറ്റെടുക്കാൻ ജർമൻ വാഹനഘടക നിർമാതാക്കളായ ബോഷ് തീരുമാനിച്ചു. സ്റ്റീയറിങ് ഘടക നിർമാണത്തിനുള്ള അലൂമിനിയം കേസിങ് ലഭ്യമാക്കുന്നതിൽ വൈദഗ്ധ്യമുള്ള ഇറ്റാലിയൻ കമ്പനിയായ അൽബർട്ടിനി സെസാരെയെയാണു ബോഷ് ഏറ്റെടുക്കുക. ഈ ഇറ്റാലിയൻ കമ്പനിയുടെ വീഴ്ച മൂലമാണത്രെ കഴിഞ്ഞ ആഴ്ച ബി എം ഡബ്ല്യു പ്ലാന്റുകളിലെ ഉൽപ്പാദനം നിലച്ചത്.

ഇറ്റാലിയൻ കമ്പനിയെ ഏറ്റെടുക്കാനുള്ള നടപടികൾക്കു തുടക്കമായെന്നു ബോഷ് വക്താവ് സ്ഥിരീകരിച്ചു. വിശ്വസനീയരീതിയിൽ പ്രവർത്തിക്കുന്ന ഘടകദാതാക്കളെ ഉറപ്പാക്കാനാവുമെന്നതാണ് ഈ ഏറ്റെടുക്കലിന്റെ നേട്ടമെന്നും  കമ്പനി വിശദീകരിച്ചു. എന്നാൽ ഈ  ഇടപാടിന്റെ മൂല്യം വെളിപ്പെടുത്താൻ ബോഷ് വിസമ്മതിച്ചു. കുടുംബ ഉടമസ്ഥതയിലുള്ള ആൽബർട്ടിനി സെസാരെയിൽ മുന്നൂറ്റി അൻപതോളം ജീവനക്കാരുണ്ട്. 

യന്ത്രഘടകങ്ങളുടെ ദൗർലഭ്യം കഴിഞ്ഞ ആഴ്ച ബി എം ഡബ്ല്യുവിന്റെ ജർമനിക്കു പുറമെ ചൈനയിലെയും ദക്ഷിണ ആഫ്രിക്കയിലെയും ശാലകളിലെ ഉൽപ്പാദനത്തെ ബാധിച്ചിരുന്നു.  റോബർട്ട് ബോഷിൽ നിന്നു സ്റ്റീയറിങ് ഗീയറുകൾ ലഭിക്കുന്നതിലെ കാലതാമസമാണു ‘വൺ സീരീസ്’, ‘ടു സീരീസ്’, ത്രീ സീരീസ്’, ‘ഫോർ സീരീസ്’ കാറുകളുടെ ഉൽപ്പാദനത്തെ ബാധിച്ചതെന്നു ബി എം ഡബ്ല്യു വ്യക്തമാക്കിയിരുന്നു.

‘വൺ’, ‘ടു’, ‘ത്രീ’, ‘ഫോർ’ സീരീസുകളുടെ ഉൽപ്പാദനം പ്രതീക്ഷിച്ച നിലവാരത്തിൽ തുടരാൻ ആവശ്യമായ സ്റ്റീയറിങ് ഗീയറുകൾ ബോഷിൽ നിന്നു ലഭിക്കാതെ വന്നതോടെ ചൈനയിലെ ടിയക്സിയിലും ദക്ഷിണ ആഫ്രിക്കയിലെ റേസ്ലിനിലുമുള്ള ശാലകൾ അറ്റകുറ്റപ്പണിക്കായി ബോഷ് അടച്ചിടുകയായിരുന്നു. സ്റ്റീയറിങ് ഗീയർ ലഭ്യതയിലെ പരിമിതികൾ ബി എം ഡബ്ല്യുവിന്റെ ലീപ്സിഗ് ശാലയുടെ പ്രവർത്തനത്തെയാണ് ആദ്യം ബാധിച്ചത്. പിന്നാലെ  മ്യൂനിച്ച് ശാലയുടെ പ്രവർത്തനത്തിനും തിരിച്ചടി നേരിട്ടു. തുടർന്നാണ് ചൈനയിലും ദക്ഷിണ ആഫ്രിക്കയിലുമുള്ള ശാലകളുടെ പ്രവർത്തനത്തെയും ഗീയർക്ഷാമം ബാധിച്ചത്. എന്നാൽ പ്രശ്നങ്ങൾ പരിഹരിച്ചെന്നും ശാലകളുടെ ഉൽപ്പാദനം പൂർവസ്ഥിതിയിലെത്തിയെന്നുമാണു ബോഷിന്റെ നിലപാട്.