Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

57,000 ബൈക്ക് തിരിച്ചുവിളിക്കാൻ ഹാർലി

Electra Glide Electra Glide

ഓയിൽ കൂളർ ലൈനിലെ ക്ലാംപുകൾ ഘടിപ്പിച്ചതിലെ പിഴവിന്റെ പേരിൽ ലോകവ്യാപകമായി 57,000 മോട്ടോർ സൈക്കിളുകൾ തിരിച്ചുവിളിക്കുകയാണെന്നു യു എസ് നിർമാതാക്കളായ ഹാർലി ഡേവിഡ്സൻ. നിർമാണത്തിലെ ഈ പിഴവു മൂലം ബൈക്കുകൾ അപകടത്തിൽപെടാൻ സാധ്യതയുണ്ടെന്ന വിലയിരുത്തലിനെ തുടർന്നാണ് ഈ നടപടി.  പുതിയ 2017 മോഡലിൽപെട്ട ‘ഇലക്ട്ര ഗ്ലൈഡ് അൾട്ര ക്ലാസിക്’, ‘പൊലീസ് ഇലക്ട്ര ഗ്ലൈഡ്’, ‘പൊലീസ് റോഡ് കിങ്’, ‘റോഡ് കിങ്’, ‘റോഡ് കിങ് സ്പെഷൽ’, ‘സ്ട്രീറ്റ് ഗ്ലൈഡ്’, ‘സ്ട്രീറ്റ് ഗ്ലൈഡ് സ്പെഷൽ’, ‘റോഡ് ഗ്ലൈഡ്’, ‘റോഡ് ഗ്ലൈഡ് സ്പെഷൽ’ ബൈക്കുകൾക്കാണു പരിശോധന ആവശ്യമായി വരിക. 2016 ജൂലൈ രണ്ടിനും 2017 മേയ് ഒൻപതിനുമിടയിൽ നിർമിച്ച ബൈക്കുകളാണു തിരിച്ചുവിളിക്കുന്നതെന്നു ഹാർലി ഡേവിഡ്സൻ വ്യക്തമാക്കി.

ക്ലാംപിങ്ങിലെ പിഴവു മൂലം ഗുരുതര അപകടങ്ങളോ അളപായമോ സംഭവിച്ചിട്ടില്ലെന്നും ഉപയോക്താക്കളുടെ സുരക്ഷ പരിഗണിച്ചുള്ള മുൻകരുതലെന്ന നിലയിലാണ് ഈ നടപടിയെന്നും ഹാർലി ഡേവിഡ്സൻ വിശദീകരിച്ചു.നിർമാണ പിഴവു സംശയിക്കുന്ന ബൈക്കുകളിൽ എൻജിൻ ഓയിൽ കൂളർ ലൈനിലെ ക്ലാംപ് ശരിയാംവണ്ണം ഘടിപ്പിച്ചിട്ടില്ലെന്നതാണു പ്രശ്നം. ഇതുമൂലം ഓയിൽ ലൈൻ അയയാനും പിൻ ചക്രത്തിന്റെ പാതയിൽ ഓയിൽ വീഴാനും സാധ്യതയുണ്ടെന്നു കമ്പനി കരുതുന്നു. ഇപ്രകാരം ഓയിൽ ലൈൻ ഇളകിയ ഒൻപതു സംഭവങ്ങൾ കമ്പനിയുടെ ശ്രദ്ധയിൽപെട്ടിട്ടുണ്ട്. രണ്ട് അപകടങ്ങളിൽ ഒരാൾക്കു നിസ്സാര പരുക്കുമേറ്റു.

ക്ലാംപിങ് പിഴവുള്ള ബൈക്കുകൾ ഹാർലി ഡേവിഡ്സൻ ഡീലർമാർ സൗജന്യമായി അറ്റകുറ്റപ്പണി നടത്തി നൽകും. മിക്കവാറും അടുത്ത ചൊവ്വാഴ്ച മുതൽ ബൈക്കുകൾ തിരിച്ചുവിളിക്കാനാണു കമ്പനി ഒരുങ്ങുന്നത്. നിർമാണ പിഴവിനെ തുടർന്ന് ഇക്കൊല്ലം ഇതാദ്യമായല്ല ഹാർലി ഡേവിഡ്സൻ ബൈക്കുകൾ തിരിച്ചുവിളിക്കുന്നത്. ജനുവരിയിൽ ക്ലച് അസംബ്ലി പ്രവർത്തനത്തിൽ ഗുരുതര പാളിച്ച ശ്രദ്ധയിൽപെട്ടതിനെ തുടർന്നു പെൻസിൽവാനിയ ശാല അടച്ചിട്ടതായി വാർത്തകളുണ്ടായിരുന്നു.