Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വിൽപ്പന അര ലക്ഷത്തിലെത്തിച്ചു ഭാരത് ബെൻസ്

Bharat Benz Bharat Benz

വാണിജ്യ വാഹന നിർമാതാക്കളായ ഭാരത് ബെൻസിന്റെ ഇതുവരെയുള്ള ആഭ്യന്തര വിൽപ്പ ന അര ലക്ഷം യൂണിറ്റിലെത്തി. കഴിഞ്ഞ ദിവസം പുറത്തെത്തിയ ‘4928’ ടി ടി ട്രാക്ടറാണു കമ്പനിക്ക് ഈ നേട്ടം സമ്മാനിച്ചത്; ഹൈദരബാദിലുള്ള ഉടമയ്ക്കാണു കമ്പനി ഈ ട്രാക്ടർ കൈമാറിയത്. അഞ്ചു വർഷത്തിനകം അര ലക്ഷം ട്രക്കുകൾ വിൽക്കാനായത് ഉജ്വല നേട്ടമാണെന്ന് ഡെയ്മ്ലർ ഇന്ത്യ കൊമേഴ്സ്യൽ വെഹിക്കിൾസ് മാനേജിങ് ഡയറക്ടറും ചീഫ് എക്സിക്യൂട്ടീവ് ഓഫിസറുമായ എറിക് നെസെൽഹോഫ് അഭിപ്രായപ്പെട്ടു. ഇന്ത്യയിൽ പുതുതായി പ്രവർത്തനം ആരംഭിച്ച കമ്പനികൾക്കൊന്നും ഈ നേട്ടം കൈവരിക്കാൻ കഴിഞ്ഞിട്ടില്ലെന്നും അദ്ദേഹം അവകാശപ്പെട്ടു.

ആഗോളതലത്തിൽ തന്നെ ഏറ്റവും മത്സരമുള്ള വാണിജ്യ വാഹന വിപണിയിൽ സ്വന്തം ഇടം ഉറപ്പാക്കാൻ ഭാരത് ബെൻസിന് ഇതിനോടകം സാധിച്ചതായും അദ്ദേഹം വിലയിരുത്തി. പുതിയ സുരക്ഷാ സംവിധാനങ്ങളും പരിസ്ഥിതി സൗഹൃദ നടപടികളും ഉയർന്ന ഇന്ധനക്ഷമതയുമൊക്കെയായി വാണിജ്യ വാഹന വ്യവസായത്തിൽ പുതിയ ഉയരങ്ങൾ കീഴടക്കാൻ കമ്പനി നിരന്തരം ശ്രമിക്കുമെന്നും അദ്ദേഹം വാഗ്ദാനം ചെയ്തു.

ഇന്ത്യൻ വിപണിക്കായി ജർമൻ വാണിജ്യ വാഹന നിർമാതാക്കളായ ഡെയ്‌മ്‌ലർ എ ജി വികസിപ്പിച്ച പ്രത്യേക ബ്രാൻഡായിരുന്നു ഭാരത് ബെൻസ്. 2011 ഫെബ്രുവരിയിൽ അനാവരണം ചെയ്ത ബ്രാൻഡിലെ വാണിജ്യ വാഹനങ്ങൾ അടുത്ത വർഷം സെപ്റ്റംബറിലാണു വിൽപ്പനയ്ക്കെത്തിയത്. ഇടത്തരം, ഹെവി ഡ്യൂട്ടിവ ഭാഗങ്ങളിലായി സമ്പൂർണ മോഡൽ ശ്രേണി അനാവരണം ചെയ്ത കമ്പനി 2014 ഏപ്രിലിൽ 10,000 യൂണിറ്റ് വിൽപ്പന പൂർത്തിയാക്കി. തുടർന്ന് ഉപയോക്താക്കൾക്കു പണത്തിനൊത്ത മൂല്യം ഉറപ്പാക്കുകയെന്ന ലക്ഷ്യത്തോടെ2016ൽ നവീകരിച്ച മീഡിയം ഡ്യൂട്ടി ശ്രേണിയും അടുത്തയിടെ പുത്തൻ ഹെവി ഡ്യൂട്ടി ശ്രേണിയും കമ്പനി പുറത്തിറക്കി. രണ്ടാം നിര, മൂന്നാം നിര പട്ടണങ്ങളിലടക്കം നൂറ്റി മുപ്പതോളം ടച് പോയിന്റുകളാണു ഭാരത് ബെൻസിന് രാജ്യത്തുള്ളത്.