Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇന്ധനവില ദിവസവും മാറിയാൽ ജനത്തിനെന്തു പ്രയോജനം ?

fuel-price-hike

‘എന്റെ വണ്ടിയാണു വണ്ടി. ഓരോ ദിവസവും മൈലേജ് കൂടിക്കൂടിവരുന്നു’– ഇങ്ങനെയൊരാൾ പറഞ്ഞാൽ, ‘തള്ളരുത്, പ്ലീസ്’ എന്നു പറയാൻ തോന്നും, പക്ഷേ പറയരുത്. പെട്രോൾ, ഡീസൽ വില ദിവസവും മാറ്റാൻ സർക്കാരിന്റെ എണ്ണക്കമ്പനികൾ തീരുമാനിച്ചതോടെ ഇനി ഇങ്ങനെ സംഭവിക്കാം. വില ദിവസവും കുറയുകയാണെന്നു കരുതുക. ദിവസം 100 രൂപയ്ക്കു പെട്രോളടിക്കുന്ന ശീലമുള്ള ഒരാൾക്ക് ഈ വിലക്കുറവ് മൈലേജ് വർധനയായി അനുഭവപ്പെടും. വില ഏതാനും പൈസകളായി ഉയർന്നുയർന്നുപോകുമ്പോൾ, ‘വണ്ടിക്കു മൈലേജില്ല’ എന്ന പരാതിയുമായും ജനം വരും. 

ഇന്ധനത്തിന്റെ രാജ്യാന്തര വിലയും രൂപയുടെ പ്രതിദിന വിനിമയ മൂല്യവും കണക്കിലെടുത്ത് ദിവസവും പെട്രോൾ, ഡീസൽ വില മാറ്റാനാണു തീരുമാനം. പതിനാറിനു നിലവിൽ വരും. ഇപ്പോഴത്തെ നിലയിൽ ഏതാനും പൈസയുടെ വ്യത്യാസമേ ഓരോ ദിനവും ഉണ്ടാകൂ. അതിനാൽ അതു ശ്രദ്ധയിൽപ്പെടില്ല. ‘ഇന്നലെ 100 രൂപയ്ക്കടിച്ചപ്പോൾ ഇത്രയുമല്ലല്ലോ ഓടിയതെന്നു’ സൂക്ഷ്മദൃക്കുകൾക്കേ മനസ്സിലാകൂ. 

രണ്ടാഴ്ചത്തെ ശരാശരി കണക്കാക്കി മാസാദ്യവും പകുതിക്കും വില മാറ്റുന്ന ഇപ്പോഴത്തെ രീതി മാറ്റുമ്പോൾ ഫെയ്സ്ബുക്കിലെ പൊങ്കാലക്കാർക്ക് ഒരു വിഷയം നഷ്ടമാകുകയാണ്. ഡീസലിനു രണ്ടു രൂപ കൂട്ടിയ നിലയ്ക്ക് ബസ് ചാർജ് അഞ്ചുരൂപ കൂട്ടണം എന്ന മുറവിളിക്കും ചാൻസ് കുറയും.

ഇന്ധനവില ഇങ്ങനെ പ്രതിദിനമാറ്റലിനു വിടുന്നതുകൊണ്ട് ജനത്തിനെന്തു പ്രയോജനം എന്നു ചോദിക്കരുത്. ഇന്ധനവില കണക്കാക്കുന്ന രീതി എക്കാലവും എണ്ണക്കമ്പനികൾക്കും സർക്കാരിനും മാത്രം സന്തോഷമേകുന്നതാണ്. ഓരോ ലീറ്ററിനും എണ്ണക്കമ്പനി നിശ്ചയിക്കുന്ന വിലയ്ക്കൊപ്പം ആ വിലയെക്കാൾ കൂടുതൽ നികുതിയും നൽകിയാണു നമ്മൾ ഇന്ധനം വാങ്ങുന്നത്. ‘രാജ്യാന്തര വിപണിയിൽ പെട്രോളിനുണ്ടായ വിലവർധന കണക്കിലെടുത്താണു വില കൂട്ടിയത്’ എന്ന വിശദീകരണം പതിവായി കാണാം.

രാജ്യം അസംസ്കൃത എണ്ണ എന്ന ക്രൂഡ് ഓയിൽ ആണ് ഇറക്കുമതി ചെയ്യുന്നതെന്നും ഇവിടെയുള്ള റിഫൈനറികളാണ് അതിനെ പെട്രോളും ഡീസലുമൊക്കെ ആക്കുന്നതെന്നും അതേ ടീം തന്നെയല്ലേ നമ്മോടു പറയുന്നത്. അങ്ങനെ ഇന്ത്യയിലുണ്ടാക്കിയെടുക്കുന്ന പെട്രോളിന്റെ വില നിർണയിക്കാൻ വിദേശത്തെ പെട്രോളിന്റെ വില പറയുന്നതെന്തിനാകാം. ഡീസൽ അതികഠിനമായ മലിനീകരണമുണ്ടാക്കുന്നു എന്നു പറയുകയും ഡീസലിനെക്കാൾ 10 രൂപയോളം കൂടുതൽ നികുതി പെട്രോളിന് ഈടാക്കുകയും ചെയ്യുന്നതിന്റെ പരിസ്ഥിതിസൗഹൃദവും മനസ്സിലാക്കാൻ പ്രയാസമാണ്.

ഇന്ധനവും പരിസ്ഥിതിയും തമ്മിലുള്ള ബന്ധം കണക്കിലെടുത്ത്, 2030 ആകുമ്പോഴേക്ക് എല്ലാ വാഹനങ്ങളും വൈദ്യുതവാഹനങ്ങളാക്കണമെന്നാണു സർക്കാരിന്റെ ഏറ്റവും പുതിയ തീരുമാനം. എന്നാലോ, വൈദ്യുതിയും ഡീസലും അഥവാ വൈദ്യുതിയും പെട്രോളും ഉപയോഗിക്കുന്ന സങ്കര ഇന്ധന (ഹൈബ്രിഡ് ) വാഹനങ്ങൾക്ക് ചരക്ക്,സേവന നികുതി (ജിഎസ്ടി) നിർണയിച്ചപ്പോൾ ഒരു പരിഗണനയും കിട്ടിയില്ല. ഡീസൽ എസ്‌യുവിക്കും ഹൈബ്രിഡ് കാറിനുമൊക്കെ ഒരേ നികുതിനിരക്ക്. 

അതു സഹിക്കാം; വൈദ്യുത വാഹനമെന്ന ലക്ഷ്യം വെറും 15 വർഷം മാത്രം അകലെ നിൽക്കുമ്പോൾ പ്രകൃതിവാതകം (എൽഎൻജി ആയും സിഎൻജി ആയും) വാഹനങ്ങളിൽ ഇന്ധനമാക്കാൻ ഇപ്പോൾ നടക്കുന്ന പരിശ്രമങ്ങൾക്ക് അർഥമെന്ത്? കോടാനുകോടി രൂപയുടെ മുതൽമുടക്കിൽ വാഹന നിർമാതാക്കൾ എൽഎൻജി അഥവാ സിഎൻജി സംവിധാനങ്ങൾ ഉണ്ടാക്കിയെടുക്കുകയും ഇന്ധനക്കമ്പനികൾ നാടെങ്ങും അവയ്ക്കുവേണ്ടി പമ്പുകൾ സ്ഥാപിക്കുകയും ചെയ്തുവരുമ്പോഴേക്ക്, അയ്യോ സോറിയുണ്ട് കേട്ടോ, വൈദ്യുതി ആണ് നമ്മുടെ രാജ്യത്തിന്റെ ഇന്ധനം എന്നു പറയില്ലേ...

ഒരുപാട് ചിന്തിച്ച് തലയുടെ ഇന്ധനം പാഴാക്കുന്നതെന്തിന്... ഫിൽ ഇറ്റ്, ഷട്ട് ഇറ്റ്, ഫർഗെറ്റ് ഇറ്റ് എന്ന പഴയ പരസ്യം അനുസരിച്ചങ്ങു ജീവിക്കുക. 

രാത്രിയാത്രക്കാർ ശ്രദ്ധിക്കണം: ഓരോ ദിവസവും അർധരാത്രി വില മാറുന്ന സമയത്ത് പെട്രോൾ പമ്പുകളിൽ വിൽപന തടസ്സപ്പെടാനുള്ള സാധ്യതയുണ്ട്. പുതുക്കിയ വില എണ്ണക്കമ്പനിയിൽനിന്നു ഡീലർക്കു കിട്ടുകയും അത് പമ്പുമായി ബന്ധിപ്പിക്കുകയും ചെയ്യാനുള്ള സമയമാണിത്.