Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇന്ധനവില ദിവസവും മാറുന്നത് ജനത്തിനു ദുരിതമാവില്ലെന്നു മന്ത്രി

Fuel price

രാജ്യത്തെ ഇന്ധനവില ദിവസവും മാറുന്നതു മൂലം ജനങ്ങൾക്കു ദുരിതമാവില്ലെന്നു കേന്ദ്ര പെട്രോളിയം, പ്രകൃതി വാതക മന്ത്രി ധർമേന്ദ്ര പ്രധാൻ. പെട്രോളും ഡീസലുമൊക്കെ സുപ്രധാന ഉൽപന്നങ്ങളാണ്; ഇവയുടെ വിലയിലെ ദൈനംദിന വ്യതിയാനം ജനത്തിനു ബുദ്ധിമുട്ട് സൃഷ്ടിക്കില്ലെന്ന് ഉറപ്പാക്കും. അതേസമയം നിത്യേന വില മാറുന്നതു മൂലം ഉപയോക്താക്കൾക്കു ചില്ലറ ലാഭമോ നഷ്ടമോ നേരിടുമെന്നും അദ്ദേഹം വ്യക്തമാക്കി. വിലനിലവാരത്തിൽ ദിവസേനയുള്ള മാറ്റം ഡീലർമാരിലെത്തിക്കാൻ ബുദ്ധിമുട്ടുണ്ടാവില്ല. ദിവസവും എസ് എം എസ് വഴി റീട്ടെയ്ൽ ഔട്ട്ലെറ്റുകളിൽ പുതിയ വിലയെത്തുമെന്നും മന്ത്രി ഉറപ്പു നൽകി. 

പെട്രോൾ, ഡീസൽ വിലകൾ ദിവസവും പരിഷ്കരിക്കുന്ന രീതി രാജ്യവ്യാപകമാക്കുമെന്നു കഴിഞ്ഞ എട്ടിനാണു പൊതുമേഖല എണ്ണ കമ്പനികളായ ഇന്ത്യൻ ഓയിലും ഭാരത് പെട്രോളിയവും ഹിന്ദുസ്ഥാൻ പെട്രോളിയവും പ്രഖ്യാപിച്ചത്. എന്നാൽ ഈ തീരുമാനം നടപ്പാവുംമുമ്പ് വിലയിലെ വ്യതിയാനം പമ്പുകളിൽ നടപ്പാവുന്ന ഓട്ടമേറ്റഡ് സംവിധാനം ഏർപ്പെടുത്തണമെന്നായിരുന്നു ഫെഡറേഷൻ ഓഫ് ഓൾ ഇന്ത്യ പെട്രോളിയം ട്രേഡേഴ്സി(എഫ് എ ഐ പി ടി)ന്റെ ആവശ്യം. പുതുക്കിയ വില പ്രതീക്ഷിച്ച് അർധരാത്രി മുതൽ വിൽപ്പന നിർത്തിവയ്ക്കേണ്ട സാഹചര്യമുണ്ടാവുമോ എന്നായിരുന്നു സംഘടനയുടെ പ്രധാന ആശങ്ക.

എന്നാൽ ഇത്തരം സംശയങ്ങൾ അസ്ഥാനത്താണെന്നു വ്യക്തമാക്കി കഴിഞ്ഞ വെള്ളിയാഴ്ച മുതൽ ഇന്ത്യൻ ഓയിൽ കോർപറേഷൻ ഇന്ധന വില നിത്യേന പുതുക്കിത്തുടങ്ങി. മൊത്തം 26,000 ചില്ലറ വിൽപ്പന ശാലകളാണു കമ്പനിക്കുള്ളത്.  സുതാര്യതയിൽ പുതിയ നിലവാരം സൃഷ്ടിക്കുന്നതിനൊപ്പം ഓട്ടമേഷൻ നടപടികൾ വേഗത്തിലാക്കാനും സ്റ്റോക്ക് മാനേജ്മെന്റ് കാര്യക്ഷമമാക്കാനും വിലകളിലെ ദൈനംദിന പുതുക്കൽ വഴി തെളിക്കുമെന്ന് ഇന്ത്യൻ ഓയിൽ അവകാശപ്പെട്ടു. ഉപയോക്താക്കൾക്കും വ്യവസായത്തിനും ഡീലർമാർക്കുമൊക്കെ ഇതുവഴി നേട്ടമുണ്ടാവുമെന്നും കമ്പനി അഭിപ്രായപ്പെട്ടു.

ഇത്ര വ്യാപകമായ ഡൈനമിക് ഫ്യുവൽ പ്രൈസിങ് ഒറ്റയടിക്ക് നടപ്പാക്കിയ ആദ്യ രാജ്യമായി ഇന്ത്യ മാറിയെന്നു പ്രധാൻ അവകാശപ്പെട്ടു. ഈ നേട്ടം കൈവരിച്ചതിന് എണ്ണ, വാതക വ്യവസായത്തെ അദ്ദേഹം അഭിനന്ദിച്ചു. രാജ്യവ്യാപകമായുള്ള 87 കൺട്രോൾ റൂമുകൾ വഴിയാണ് ഇന്ത്യൻ ഓയിൽ ദിവസം തോറും ഇന്ധന വില പരിഷ്കരിക്കുന്നത്; 70 ഡിവിഷനൽ ഓഫിസും 16 സംസ്ഥാന ഓഫിസും മുംബൈയിലെ മാർക്കറ്റിങ് ഹെഡ് ഓഫിസും ചേർന്നാണ് വില പരിഷ്കരണം നടപ്പാക്കുന്നത്. ]

Read More: Auto News, Car Magazine Malayalam, Fasttrack