Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

‘ഫെയിം ഇന്ത്യ’ പദ്ധതി നീതി ആയോഗിനു കീഴിൽ

Green Cars Fame India

രാജ്യത്ത് വൈദ്യുത വാഹനങ്ങൾ പ്രോത്സാഹിപ്പിക്കാനുള്ള ‘ഫെയിം ഇന്ത്യ’ പദ്ധതി നടത്തിപ്പ് ഇനി നീതി ആയോഗിന്. ഇതുവരെ കേന്ദ്ര ഘന വ്യവസായ മന്ത്രാലയത്തിനായിരുന്നു ‘ഫാസ്റ്റർ അഡോപ്ഷൻ ആൻഡ് മാനുഫാക്ചറിങ് ഓഫ് ഹൈബ്രിഡ് ആൻഡ് ഇലക്ട്രിക് വെഹിക്കിൾസ്’(ഫെയിം) ഇന്ത്യ പദ്ധതിയുടെ ചുമതല. വിവിധ മന്ത്രാലയങ്ങൾക്കു ‘ഫെയിം ഇന്ത്യ’യിൽ കൂടുതൽ പങ്കാളിത്തം ഉറപ്പാക്കാൻ ലക്ഷ്യമിട്ടാണ് ഈ മാറ്റം. കേന്ദ്ര സർക്കാരിന്റെ പ്രധാന നയരൂപീകരണ സമിതിയായ നീതി ആയോഗിനെ ‘ഫെയിം ഇന്ത്യ’ ഏൽപ്പിക്കുന്നതിലൂടെ 2030ൽ രാജ്യത്ത് പൂർണമായും വൈദ്യുതി വാഹനങ്ങളിലേക്കു മാറ്റുകയെന്ന ലക്ഷ്യം കൈവരിക്കാനാവുമെന്നാണു പ്രതീക്ഷ. 

പദ്ധതിയിൽ സജീവ സാന്നിധ്യമാവാൻ വിവിധ മന്ത്രാലയങ്ങൾ താൽപര്യം പ്രകടിപ്പിച്ചിരുന്നു; പലരും ഇതിനുള്ള മുന്നൊരുക്കങ്ങളും നടത്തിയെന്നാണു സൂചന. ‘ഫെയിം ഇന്ത്യ’ നീതി ആയോഗിനു കീഴിലാവുന്നതോടെ പദ്ധതിയിലെ പങ്കാളിത്തം ഗണ്യമായി ഉയരുമെന്നാണു പ്രതീക്ഷ.

ചെലവ് കുറയ്ക്കുകയെന്ന ലക്ഷ്യത്തോടെ ബാറ്ററി ഒഴിവാക്കി സിറ്റി ബസ്സുകളുടെയും ഇരുചക്ര, ത്രിചക്ര വാഹനങ്ങളുടെയുമൊക്കെ വിൽപ്പന പ്രോത്സാഹിപ്പിക്കാനാണ് ഐ ഐ ടി എം പ്രഫസർ അശോക് ഝുൻഝുൻവാല വിഭാവന ചെയ്ത ‘ഫെയിം ഇന്ത്യ’ പദ്ധതിയുടെ ദൗത്യം. പകരം പാട്ട വ്യവസ്ഥയിലാവും ഈ വാഹനങ്ങൾക്കു ബാറ്ററികൾ ലഭ്യമാക്കുക; ചാർജിങ് കേന്ദ്രങ്ങളിൽ ബാറ്ററി മാറ്റിയെടുക്കാനുള്ള സൗകര്യവും ഏർപ്പെടുത്തും. രൂപകൽപ്പനയിലെ സവിശേഷത മുൻനിർത്തി കാറുകൾക്കായി അതിവേഗം ബാറ്ററി ചാർജ് ചെയ്യാവുന്ന സ്റ്റേഷനുകളും ലഭ്യമാക്കും. ഇതിനു പുറമെ ഓഫിസിലും വീട്ടിലുമൊക്കെ വാഹനങ്ങളിലെ ബാറ്ററി സാധാരണ വേഗത്തിലും ചാർജ് ചെയ്യാനാവും. ഒറ്റ മണിക്കൂറിൽ കാറിലെ ബാറ്ററി ചാർജ് ചെയ്തെടുക്കാൻ 15 — 30 യൂണിറ്റ് വൈദ്യുതി ആവശ്യമായി വരും. ഈ ആവശ്യത്തിനുള്ള വൈദ്യുതിക്ക് കേന്ദ്ര വൈദ്യുതി റഗുലേറ്ററി കമ്മിഷൻ പ്രത്യേക നിരക്കാവും ഈടാക്കുക.

പൊതുമേഖല സ്ഥാപനങ്ങളായ എൻ ടി പി സി, പവർ ഗ്രിഡ് കോർപറേഷൻ, ഇന്ത്യൻ ഓയിൽ കോർപറേഷൻ തുടങ്ങിയവരൊക്കെ ചാർജിങ് സ്റ്റേഷൻ സജ്ജമാക്കാൻ സന്നദ്ധരായി രംഗത്തുണ്ട്. എൻ ടി പി സിയാവട്ടെ നോയ്ഡയിലെയും ഡൽഹിയിലെയും ഓഫിസ് പരിസരത്ത് ആദ്യ ചാർജിങ് നിലയങ്ങൾ സ്ഥാപിച്ചു കഴിഞ്ഞു.