Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇന്നോവ ക്രിസ്റ്റയെ തകർക്കാൻ മഹീന്ദ്ര

Ssangyong Rexton 2018, Representative Image Ssangyong Rexton 2018, Representative Image

ടൊയോട്ടയുടെ ജനപ്രിയ എംപിവി ഇന്നോവ ക്രിസ്റ്റയ്ക്ക് എതിരാളിയുമായി മഹീന്ദ്ര എത്തുന്നു. കമ്പനിയുടെ നോർത്ത് അമേരിക്കൻ ടെക്നിക്കൽ സെന്ററിൽ ഇപ്പോഴും വികസനഘട്ടത്തിലുള്ള ‘യു 321’ ഇക്കൊല്ലം രണ്ടാം പകുതിയിൽ വിൽപ്പനയ്ക്കെത്തുമെന്നാണു പ്രതീക്ഷ. ഇതോടൊപ്പം ചെന്നൈയ്ക്കടുത്തുള്ള മഹീന്ദ്ര റിസർച് വാലിയിൽ പുതിയ വാഹനത്തിന്റെ പരീക്ഷണ ഓട്ടവും പുരോഗമിക്കുന്നുണ്ട്.

ഉയരം കൂടിയ ഡിസൈൻ കൺസെപ്റ്റിലാണ് പുതിയ എംപിവിയുടെ ഡിസൈൻ. രാജ്യന്തര വിപണിയിൽ ഉടൻ പുറത്തിറങ്ങുന്ന പുതിയ സാങ്‍യോങ് റെക്സ്റ്റണിന്റെ ഡിസൈൻ ഘടകങ്ങൾ കടംകൊണ്ടായിരികും മഹീന്ദ്ര പുതിയ എംപിവിയെ പുറത്തിറക്കുക. അകത്തളത്തിൽ പരമാവധി സ്ഥലസൗകര്യം ഉറപ്പാക്കാൻ നീളമേറിയ വീൽബേസും മുന്നിലും പിന്നിലും നീളം കുറഞ്ഞ ഓവർഹാങ്ങുമാവും പുതിയ എം പി വിക്കുണ്ടാവുക. പ്രകടമായ എയർ ഇൻടേക്കും ഫോഗ് ലാംപിനുള്ള സ്ഥലസൗകര്യവുമുള്ള നീളമേറിയ ബംപറും മഹീന്ദ്രയുടെ തനതു ഗ്രില്ലുമാണ് എം പി വിയിലുള്ളത്.

ഈ പുതിയ മോഡലിന്റെ വികസനത്തിനും നിർമാണത്തിനുമായി മഹാരാഷ്ട്രയിലെ നാസിക്കിലും ഇഗ്ഗത്പുരിയിലുമുള്ള ശാലകളിൽ 1,500 കോടി രൂപ നിക്ഷേപിക്കുമെന്നും എം ആൻഡ് എം പ്രഖ്യാപിച്ചിട്ടുണ്ട്. എൻജിൻ നിർമാണത്തിനു വേണ്ടിയാണ് ഇഗ്ഗത്പുരി ശാലയിൽ കമ്പനി പണം മുടക്കുക. നാസിക് ശാലയിലെ നിക്ഷേപമാവട്ടെ വാഹന നിർമാണം ലക്ഷ്യമിട്ടുള്ളതാണ്. 1.6 എംഫാൽക്കൺ എൻജിനായിരിക്കും പുതിയ എംപിവിയിൽ ഉപയോഗിക്കുക. 14 ലക്ഷം രൂപമുതൽ 18 ലക്ഷം വരെയായിരിക്കും വാഹനത്തിന്റെ വില.