Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

‘ഫിയസ്റ്റ ക്ലാസിക്’, ‘ഫിഗൊ’ കാറുകൾക്ക് തിരിച്ചുവിളി

ford-figo-old Figo

പവർ അസിസ്റ്റഡ് സ്റ്റീയറിങ് ഹോസിലെ നിർമാണ പിഴവ് മൂലം അഗ്നിബാധയ്ക്കുള്ള സാധ്യത മുൻനിർത്തി നാൽപതിനായിരത്തോളം കാറുകൾ തിരിച്ചുവിളിച്ചു പരിശോധിക്കാൻ യു എസ് നിർമാതാക്കളായ ഫോഡ് ഇന്ത്യ തീരുമാനിച്ചു. ചെന്നൈ മാരൈമലൈനഗർ ശാലയിൽ 2004 — 2012 കാലത്തു നിർമിച്ച ‘ഫിയസ്റ്റ ക്ലാസിക്കി’നും പഴയ തലമുറ ‘ഫിഗൊ’യ്ക്കുമാണു പരിശോധന വേണ്ടിവരികയെന്നും കമ്പനി വ്യക്തമാക്കി. 

ഉയർന്ന മർദം നേരിടുന്ന പവർ അസിസ്റ്റഡ് സ്റ്റീയറിങ് ഹോസിൽ പിഴവ് സംശയിച്ച് 39,315 ‘ഫിയസ്റ്റ ക്ലാസിക്’, പഴയ തലമുറ ‘ഫിഗൊ’ കാറുകൾ സ്വന്തം നിലയിൽ തിരിച്ചുവിളിച്ചു പരിശോധിക്കുമെന്നാണു ഫോഡ് ഇന്ത്യയുടെ പ്രഖ്യാപനം. നിർമാണ തകരാർ കണ്ടെത്തുന്ന പക്ഷം കാറുകളിലെ ഹൈ പ്രഷർ പവർ അസിസ്റ്റഡ് സ്റ്റീയറിങ് ഹോസ് കമ്പനി ഡീലർമാർ സൗജന്യമായി മാറ്റി നൽകുമെന്നും ഫോഡ് വാഗ്ദാനം ചെയ്യുന്നു. 

ഹോസിലെ പിഴവ് മൂലം സ്റ്റീയറിങ് ഫ്ളൂയ്ഡ ചോരാനും അതിന്റെ ഫലമായി എൻജിൻ കംപാർട്മെന്റിൽ തീ പിടുത്തമുണ്ടാവാനുമുള്ള സാധ്യതയാണു ഫോഡ് സംശയിക്കുന്നത്. കൂടാതെ പവർ സ്റ്റീയറിങ് ഫ്ളൂയിഡും വാഹനത്തിന്റെ എക്സോസ്റ്റിലെ പുകയും കൂടിക്കലർന്ന് കനത്ത പുകപടലമുണ്ടാവാനും അപൂർവ സാഹചര്യത്തിൽ അഗ്നിബാധയിൽ കലാശിക്കാനും സാധ്യതയുണ്ട്. ഈ പ്രശ്നം മൂലം 2004 — 2012 കാലഘട്ടത്തിൽ ഇന്ത്യയിൽ നിർമിച്ചു ദക്ഷിണാഫ്രിക്കയിൽ വിറ്റ 16,000 കാറുകൾക്കും പരിധോധന ആവശ്യമാണെന്നു ഫോഡ് അറിയിച്ചു. ‘ഐകൺ’, ‘ഫിഗൊ’ എന്നീ പേരുകളിലാണ് ഈ കാറുകൾ ആഫ്രിക്കൻ വിപണിയിൽ വിറ്റത്. 

ഹൈ പ്രഷർ പവർ അസിസ്റ്റഡ് സ്റ്റീയറിങ് ഹോസിനൊപ്പം പിന്നിലെ ട്വിസ്റ്റ് ബീമിൽ കൂടി തകരാർ സംശയിച്ച് 2013 സെപ്റ്റംബറിൽ ഫോഡ് ഇന്ത്യ 1,66,021 ‘ഫിഗൊ’, ‘ഫിയസ്റ്റ ക്ലാസിക്’ കാറുകൾ തിരിച്ചുവിളിച്ചു പരിശോധിച്ചിരുന്നു. അപകട വേളയിൽ എയർബാഗുകളുടെ വിന്യാസം തടസ്സപ്പെടുത്താൻ സാധ്യതയുള്ള സോഫ്റ്റ്വെയർ തകരാറിന്റെ പേരിൽ കഴിഞ്ഞ വർഷം പുതുതലമുറ ‘ഫിഗൊ’ ഹാച്ച്ബാക്കും കോംപാക്ട് സെഡാനായ ‘ഫിഗൊ ആസ്പയറു’മായി 42,300 കാറുകൾ തിരിച്ചുവിളിച്ചിരുന്നു.  പിൻ സസ്പെൻഷനിലെ ട്വിസ്റ്റ് ബീം ബോൾട്ട് തകരാറിന്റെ പേരിൽ 2015 നവംബറിൽ കോംപാക്ട് എസ് യു വിയായ ‘ഇകോസ്പോർട്ടി’ന്റെ 16,444 യൂണിറ്റുകൾ ഫോഡ് തിരിച്ചുവിളിച്ചിരുന്നു.