Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇന്ത്യൻ നിർമിത ‘വെസ്പ’ ശ്രീലങ്കയിലേക്ക്

vespa-elegante-150-special-edition Vespa

ഇന്ത്യയിൽ നിർമിച്ച ‘വെസ്പ’, ‘ഏപ്രിലിയ എസ് ആർ 150’ സ്കൂട്ടറുകൾ ശ്രീലങ്കയിൽ വിൽപ്പനയ്ക്കെത്തിക്കാൻ ഇറ്റാലിയൻ നിർമാതാക്കളായ പിയാജിയൊ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ്(പി വി പി എൽ) ഒരുങ്ങുന്നു. മഹാരാഷ്ട്രയിലെ ബാരാമതിയിലുള്ള ശാലയിൽ നിർമിക്കുന്ന ‘വെസ്പ’ ശ്രേണിയിലെ ‘എൽ എക്സ്’, ‘വി എക്സ് എൽ’, ‘എസ് എക്സ് എൽ 125’, ‘ഇ എൽ ഇ 125’, ‘വി എക്സ് എൽ 150’, ‘എസ് എക്സ് ഐ 150’, ‘എസ് എക്സ് എൽ 150’ സ്കൂട്ടറുകളാണു ശ്രീലങ്കയിൽ വിൽപ്പനയ്ക്കെത്തുക; 3,25,008 മുതൽ 4,18,747 വരെ ശ്രീലങ്കൻ രൂപ(ഏകദേശം 1.36 — 1.76 ലക്ഷം ഇന്ത്യൻ രൂപ)യാവും ഇവയുടെ വില. അതേസമയം ‘ഏപ്രിലിയ എസ് ആർ 150’, ‘എസ് ആർ 150 റേസ്’ എന്നിവയ്ക്ക് യഥാക്രമം 3,31,954 ശ്രീലങ്കൻ രൂപ(ഏകദേശം 1.39 ലക്ഷം ഇന്ത്യൻ രൂപ)യും 3,39,485 ശ്രീലങ്കൻ രൂപ(ഏകദേശം 1.42 ലക്ഷം ഇന്ത്യൻ രൂപ)യുമാവും വില.

ഇന്ത്യയിൽ നിർമിച്ച സ്കൂട്ടറുകൾ പിയാജിയൊ നിലവിൽ നേപ്പാളിൽ വിൽപ്പനയ്ക്കെത്തിക്കുന്നുണ്ട്. ഇന്ത്യയിൽ നിന്നുള്ള കയറ്റുമതി വർധിപ്പിക്കുന്നതിന്റെ ഭാഗമായാണു ശ്രീലങ്കയിലേക്കു കൂടി വിൽപ്പന വ്യാപിപ്പിക്കുന്നതെന്ന് പി വി പി എൽ മാനേജിങ് ഡയറക്ടറും ചീഫ് എക്സിക്യൂട്ടീവ് ഓഫിസറുമായി ചുമതലയേറ്റ ഡിയഗൊ ഗ്രാഫി അഭിപ്രായപ്പെട്ടു. ഇന്ത്യൻ ഇരുചക്രവാഹന വിപണിയിൽ പുതിയ നിലവാരം സൃഷ്ടിക്കാൻ സാധിച്ച ഈ മോഡലുകൾക്ക് വിദേശ വിപണികളിലും മികച്ച സ്വീകാര്യത ലഭ്യമാവുമെന്ന് അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു. 

വെസ്പയുടെ പുത്തൻ ശ്രേണി 2012 ഏപ്രിലിലാണ് ഇന്ത്യയിൽ വിൽപ്പനയ്ക്കെത്തിയത്; ‘ഏപ്രിലിയ എസ് ആർ 150’ അരങ്ങേറിയതാവട്ടെ കഴിഞ്ഞ വർഷവും. 125 സി സി, മൂന്നു വാർവ് എൻജിനിൽ രണ്ടു സാധ്യതകളാണ് ‘വെസ്പ’യിൽ പിയാജിയൊ  വാഗ്ദാനം ചെയ്യുന്നത്; 7,500 ആർ പി എമ്മിൽ 10 ബി എച്ച് പി കരുത്തും 6000 ആർ പി എമ്മിൽ 10.6 എൻ എം ടോർക്കും സൃഷ്ടിക്കുന്ന എൻജിനും 7,000 ആർ പി എമ്മിൽ 11 ബി എച്ച് പി കരുത്തും 5,500 ആർ പി എമ്മിൽ 11.5 എൻ എം ടോർക്കും സൃഷ്ടിക്കുന്ന എൻജിനും. ‘എപ്രിലിയ എസ് ആർ 150’, ‘എസ് ആർ 150 റേസ്’ എന്നിവ എത്തുന്നത് 154.4 സി സി, സിംഗിൾ സിലിണ്ടർ, മൂന്നു വാൽവ്, എയർ കൂൾഡ് എൻജിനുമായാണ്; 7,000 ആർ പി എമ്മിൽ 10.4 ബി എച്ച് പി കരുത്തും 5500 ആർ പി എമ്മിൽ 11.5 എൻ എം ടോർക്കുമാണ് ഈ എൻജിൻ സൃഷ്ടിക്കുക. ഓട്ടമാറ്റിക് ട്രാൻസ്മിഷനോടെയാണു പിയാജിയൊ ശ്രേണിയിലെ സ്കൂട്ടറുകളുടെയെല്ലാം വരവ്.

Read More: Auto News Auto Tips Fasttrack