Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഓസ്ട്രിയ: മക്‌ലാരനു പുതിയ എൻജിനെന്നു ഹോണ്ട

mclaren-honda-mp4-30

വാരാന്ത്യത്തിലെ ഓസ്ട്രിയൻ ഗ്രാൻപ്രിയിൽ പൊരുതാൻ കരുത്തേറിയ എൻജിൻ ലഭ്യമാക്കുമെന്നു ജാപ്പനീസ് നിർമാതാക്കളായ ഹോണ്ട ഉറപ്പു നൽകിയതായി  മക്‌ലാരൻ ഫോർമുല വൺ ടീം. ഫോർമുല വൺ ചരിത്രത്തിൽ ഇറ്റാലിയൻ ടീമായ ഫെറാരി കഴിഞ്ഞാൽ ഏറ്റവുമധികം വിജയം വരിച്ച ചരിത്രമാണു  മക്‌ലാരന്റേത്; എന്നാൽ ഈ സീസണിൽ നിർമാതാക്കളുടെ ചാംപ്യൻഷിപ്പിൽ അവസാന സ്ഥാനത്താണ്  മക്‌ലാരൻ. 2017 സീസണിലെ എട്ടാം റൗണ്ടായ അസർബൈജാൻ ഗ്രാൻപ്രിയിലാണു ടീമിനായി സ്പാനിഷ് ഡ്രൈവർ ഫെർണാണ്ടോ അലൊൻസോ ആദ്യ പോയിന്റുകൾ നേടിയത്. 

ബാകുവിൽ നടന്ന അസർബൈജാൻ ഗ്രാൻപ്രിക്കിടെ പുതിയ നിലവാരത്തിലുള്ള എൻജിൻ  മക്‌ലാരൻ പരീക്ഷിച്ചിരുന്നു. സ്പീൽബർഗിൽ നടക്കുന്ന ഓസ്ട്രിയൻ ഗ്രാൻപ്രിയിൽ ഈ എൻജിനുമായിട്ടാവും  മക്‌ലാരൻ മത്സരിക്കുകയെന്നു ഹോണ്ട എഫ് വൺ മേധാവി യുസുകെ ഹസെഗാവ സ്ഥിരീകരിച്ചു. കരുത്തിന്റെ കാര്യത്തിൽ പുരോഗതി കൈവരിക്കാൻ പുത്തൻ എൻജിനു കഴിഞ്ഞിട്ടുണ്ടെന്നും അദ്ദേഹം അവകാശപ്പെട്ടു.

പരീക്ഷണവേളയിൽ ലഭിച്ച വിവരങ്ങൾ ഉപയോഗിച്ചു നിർമാണശാലയിൽ മാപ്പിങ് നടപടികൾ പൂർത്തിയാക്കിയെന്നും ഹസെഗാവ അറിയിച്ചു. ഈ അവലോകനത്തിന്റെ അടിസ്ഥാനത്തിലാണ് ഈ ആഴ്ചത്തെ ഗ്രാൻപ്രിയിൽ  മക്‌ലാരൻ ടീമിലെ രണ്ടു ഡ്രൈവർമാർക്കും പുതിയ എൻജിൻ ലഭ്യമാക്കാൻ ഹോണ്ട തീരുമാനിച്ചിരിക്കുന്നത്. രണ്ടു റൗണ്ട് മുമ്പ് നടന്ന കനേഡിയൻ ഗ്രാൻപ്രിയിൽ പുതിയ എൻജിൻ ലഭ്യമാക്കുന്നതിൽ ഹോണ്ട വരുത്തിയ വീഴ്ചയെ  മക്‌ലാരൻ മാനേജ്മെന്റ് രൂക്ഷമായി വിമർശിച്ചിരുന്നു. തുടർന്ന് ഹോണ്ടയും മക്ലാരനും വഴിപിരിയലിന്റെ വക്കിലാണെന്ന അഭ്യൂഹവും പ്രചരിച്ചിരുന്നു.

അഞ്ചു സീസൺ മുമ്പ് 2012ലായിരുന്നു  മക്‌ലാരന്റെ അവസാന ഗ്രാൻപ്രി ജയം. കാറിന്റെ വിശ്വാസ്യതയിൽ പ്രശ്നങ്ങൾ നേരിട്ടിരുന്ന  മക്‌ലാരനൊപ്പം 2015ൽ ഹോണ്ട ചേർന്നെങ്കിലും എൻജിന്റെ പ്രകടനക്ഷമത പ്രതീക്ഷയ്ക്കൊത്ത് ഉയരാത്തതു തിരിച്ചടിയായി. 

Read More: Auto News  Malayalam Car Magazine Auto Tips Fasttrack