Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ജി എസ് ടി: ഭാരത് ബെൻസിനു വിലക്കിഴിവ്

bharat-benz

ചരക്ക്, സേവന നികുതി(ജി എസ് ടി) നടപ്പായതു വഴി ലഭിച്ച ആനുകൂല്യം ഉപയോക്താക്കൾക്കു കൈമാറാൻ വാണിജ്യ വാഹന നിർമാതാക്കളായ ഭാരത് ബെൻസ് അറിയിച്ചു. ഇന്ത്യയിൽ വിൽപ്പനയ്ക്കുള്ള വാഹന ശ്രേണിയുടെ വിലയിൽ 0.4% മുതൽ 2.5% വിലക്കിഴിവാണ് അനുവദിച്ചതെന്ന് ഭാരത് ബെൻസ് വെളിപ്പെടുത്തി.

ജി എസ് ടി വഴിയുള്ള ഇളവുകൾ ലഭിക്കുന്നതോടെ ഭാരത് ബെൻസ് ശ്രേണിയുടെ വിൽപ്പന മെച്ചപ്പെടുമെന്ന് ഡ്മ്ലെർ ഇന്ത്യ കൊമേഴ്സ്യൽ വെഹിക്കിൾസ് മാനേജിങ് ഡയറക്ടറും ചീഫ് എക്സിക്യൂട്ടീവ് ഓഫിസറുമായ എറിക് നെസെൽഹോഫ് പ്രതീക്ഷ പ്രകടിപ്പിച്ചു. നികുതി പിരിവിനു നിർണയിച്ചിരുന്ന അതിർത്തികൾ മായുന്നതോടെ ലോജിസ്റ്റിക്സ് കമ്പനികളുടെ കാര്യക്ഷമത മൊത്തത്തിൽ മെച്ചപ്പെടും. ഇതോടെ കൂടുതൽ ആധുനികവും ഇന്ധനക്ഷമതയുമുള്ള ട്രക്കുകൾ നിരത്തിലെത്തുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.

ലോകത്തിലെ മുൻനിര വാണിജ്യ വാഹന നിർമാതാക്കളായ ഡെയ്മ്ലർ എ ജിയിൽ നിന്നുള്ള ഭാരത് ബെൻസ് ശ്രേണിയിലെ വാഹനങ്ങൾ 2011 ഫെബ്രുവരിയിലാണ് ഇന്ത്യയിൽ അനാവരണം ചെയ്തത്; 2012 സെപ്റ്റംബറിൽ ഈ വാഹനങ്ങളുടെ വിൽപ്പന തുടങ്ങി. ഇടത്തരം, ഭാര വാണിജ്യ വാഹന വിഭാഗത്തിൽ ശക്തമായ സാന്നിധ്യമുള്ള ഭാരത് ബെൻസ് ബ്രാൻഡിന്റെ  മൊത്തം വിൽപ്പന 2014 ഏപ്രിലിൽ 10,000 യൂണിറ്റ് പിന്നിട്ടു. 2016ൽ ഇടത്തരം ഡ്യൂട്ടി വിഭാഗത്തെ നവീകരിച്ച കമ്പനി ഇക്കൊല്ലം ഭാര വാഹന വിഭാഗവും പൂർണമായും പരിഷ്കരിച്ചു. 

Read More: Auto News | Auto Tips | Fasttrack