Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പുത്തൻ എൻജിനുകളുമായി ടാറ്റയുടെ ചെറു എസ്‌യുവി നെക്സോൺ

nexon Tata Nexon

ദീപാവലിക്കു വിൽപ്പനയ്ക്കെത്തുമെന്നു കരുതുന്ന സ്പോർട് യൂട്ടിലിറ്റി വാഹന(എസ് യു വി)മായ ‘നെക്സോണി’നുള്ള പുത്തൻ എൻജിനുകളും ഗീയർബോക്സും ടാറ്റ മോട്ടോഴ്സ് അനാവരണം ചെയ്തു. ‘നെക്സോണി’നായി ‘റെവോട്രോൺ’ ശ്രേണിയിൽ പുതിയ 1.2 ലീറ്റർ പെട്രോൾ എൻജിനും ‘റെവോടോർക്’ ശ്രേണിയിൽ പുതിയ 1.5 ലീറ്റർ ഡീസൽ എൻജിനുമാണു കമ്പനി വികസിപ്പിച്ചിരിക്കുന്നത്. ഉയർന്ന ഇന്ധനക്ഷമതയും മികച്ച പ്രകടനവുമാണ് പുതിയ എൻജിനുകളിൽ ടാറ്റ മോട്ടോഴ്സ് വാഗ്ദാനം ചെയ്യുന്നത്. രാജ്യാന്തര തലത്തിൽ പ്രശസ്തരായ എ വി എൽ, ബോഷ്, മഹെൽ, ഹണി വെൽ തുടങ്ങിയ കമ്പനികളുമായി സഹകരിച്ചാണു ടാറ്റ പുതിയ എൻജിനുകൾ വികസിച്ചിരിക്കുന്നത്. 

നാലു സിലിണ്ടർ ഡീസൽ എൻജിന് 3,750 ആർ പി എമ്മിൽ 110 പി എസ് വര കരുത്തും 1,500 — 2,750 ആർ പി എം നിലവാരത്തിൽ 260 എൻ എം വരെ ടോർക്കും സൃഷ്ടിക്കാനാവും. മൂന്നു സിലിണ്ടർ പെട്രോൾ എൻജിൻ സൃഷ്ടിക്കുന്ന പരമാവധി കരുത്താവട്ടെ 5,000 ആർ പി എമ്മിലെ 110 പി എസ് ആണ്. 2,000 — 4,000 ആർ പി എമ്മിലെ 170 എൻ എമ്മാണ് ഈ എൻജിന്റെ പരമാവധി ടോർക്. ഗുജറാത്തിലെ സാനന്ദ് ശാലയിലാവും ‘റെവോട്രോൺ’ എൻജിനുകളുടെ ഉൽപ്പാദനം; ‘റെവോടോർക്’ എൻജിനുകൾ നിർമിക്കുക പുണെയ്ക്കടുത്ത് രഞ്ജൻഗാവിലുള്ള ശാലയിലും. ഓവർഡ്രൈവിനൊപ്പം സിങ്ക്രോമെഷും ചേരുന്ന ‘ടി എ 6300’ എന്ന പുത്തൻ ട്രാൻസ്മിഷനിൽ ആറു ഫോർവേഡ് ഗീയറും റിവേഴ്സുമാണുള്ളത്. കാര്യങ്ങൾ അടുത്ത ഘട്ടത്തിലേക്കു കടക്കുന്നു എന്ന് അർഥം വരുന്ന ‘നെക്സ്റ്റ് ഓണി’ന്റെ ചുരുക്കെഴുത്തായാണു  പുതിയ എസ് യു വിക്ക് ടാറ്റ മോട്ടോഴ്സ് ‘നെക്സോൻ’ എന്ന പേരു തിരഞ്ഞെടുത്തിരിക്കുന്നത്. പുണെയിൽ ടാറ്റ മോട്ടോഴ്സ് വികസിപ്പിച്ച ‘നെക്സോൺ’ കഴിഞ്ഞ ഓട്ടോ എക്സ്പോയിലായിരുന്നു കമ്പനി ആദ്യമായി പ്രദർശിപ്പിച്ചത്. 

പുത്തൻ എസ് യു വിയായ ‘നെക്സോൺ’ അവതരണത്തിനുള്ള തയാറെടുപ്പിൽ വിട്ടുവീഴ്ചകൾക്കു തയാറില്ലെന്നായിരുന്നു ടാറ്റ മോട്ടോഴ്സ് യാത്രാവാഹന വിഭാഗം പ്രസിഡന്റ് മയങ്ക് പരീക്കിന്റെ പ്രഖ്യാപനം. വാഹന പ്രേമികളിൽ നിന്നും വിദഗ്ധ ഡ്രൈവർമാരിൽ നിന്നുമൊക്കെയുള്ള അഭിപ്രായങ്ങൾ സ്വീകരിച്ചാണു പുത്തൻ എൻജിനുകളുടെ വികസനവും രൂപകൽപ്പനയും നിർവഹിച്ചത്. രാജ്യത്തെ വ്യത്യസ്ത സാഹചര്യങ്ങളിൽ വിപുലമായ പരീക്ഷണ ഓട്ടങ്ങളും പൂർത്തിയാക്കിയശേഷമാണ് ഇരു എൻജിനുകളും ‘നെക്സ്റ്റണി’ൽ ഇടംപിടിക്കുന്നതെന്നും പരീക്ക് അറിയിച്ചു. ഭാരക്കുറവിനൊപ്പം കുറഞ്ഞ ഘർഷണവും ഈ എൻജിനുകളുടെ സവിശേഷതയാണ്; അതിനാൽ മികച്ച പ്രകടനവും ഉയർന്ന ഇന്ധനക്ഷമതയും കൈവരിക്കാൻ ഇവയ്ക്കാവുമെന്നും അദ്ദേഹം വിശദീകരിച്ചു. 

Read More: Auto News | Auto Tips | Fasttrack