Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

യെസ്‍ഡി തിരിച്ചെത്തുമോ? സാധ്യതകൾ വിരൽ ചൂണ്ടുന്നത്

Yezdi Yezdi

കിക്കർ കൊണ്ടു സ്റ്റാർട്ടാക്കി അതേ കിക്കർതന്നെ ഫസ്റ്റ് ഗിയറിലേക്കു മാറ്റി പടക്കംപൊട്ടുന്ന ശബ്ദത്തിൽ മുന്നോട്ടുനീങ്ങുന്ന യെസ്ഡി ബൈക്കുകള്‍ ഒരു കാലത്ത് ഇന്ത്യൻ നിരത്തുകളിലെ താരമായിരുന്നു. ചെക്ക് റിപ്പബ്ലിക്ക് കമ്പനിയായ ജാവയുടെ ബൈക്കുകൾ ആദ്യം ജാവയായും പിന്നീട് യെസ്ഡിയായും ഇന്ത്യൻ നിരത്തുകളിലെത്തി. എൺപതുകളിെല ജാപ്പനീസ് ബൈക്കുകളുടെ കടന്നുകയറ്റത്തിനു മുമ്പ് ഇന്ത്യൻ നിരത്തുകളിലെ താരമായിരുന്നു ഈ ചെക്കോസ്ലോവാക്കിയൻ കമ്പനി. ജാവയും പിന്നീട് യെസ്ഡിയുമായി കളം നിറഞ്ഞ ഈ ബൈക്കുകൾക്കു ജാപ്പനീസ് ബൈക്കുകളുടെ കടന്നുകയറ്റത്തിൽ പിടിച്ചു നിൽക്കാനായില്ല. 1960 ൽ ആരംഭിച്ച ജാവ യുഗം 1996 ൽ അവസാനിച്ചു.

Yezdi Oil king Yezdi Oilking

ഇന്നും ആരാധകരേറെയുള്ള ജാവ–യെസ്ഡി ബൈക്കുകൾ നീണ്ട രണ്ടു പതിറ്റാണ്ടിനുശേഷം തിരിച്ചെത്താനൊരുങ്ങുന്നു. ഇന്ത്യയിലും കിഴക്കനേഷ്യയിലും ജാവയുടെ പേരിൽ ബൈക്കുകൾ പുറത്തിറക്കാനുള്ള ലൈസൻസ് മഹീന്ദ്ര ആൻഡ് മഹീന്ദ്രയുടെ ഉപസ്ഥാപനമായ ക്ലാസിക് ലെജൻഡ്സ് പ്രൈവറ്റ് ലിമിറ്റഡ് (സിഎൽപിഎൽ) സ്വന്തമാക്കിയതോടെയാണ് ജാവ യെസ്‍ഡി തിരിച്ചെത്താനുള്ള വഴി തെളിഞ്ഞത്. ഇതിന്റെ ഭാഗമായി യെസ്‍ഡിയുടെ വെബ്സൈറ്റും കമ്പനി പുറത്തിറക്കി. മഹീന്ദ്ര മേധാവി ആനന്ദ് മഹീന്ദ്രയാണ് യെസ്ഡിയുടെ ഔദ്യോഗിക വൈബ് സൈറ്റ് പുറത്തിറക്കിയ വിവരം അറിയിച്ചത്. 

jawa Jawa

ജാവ യെസ്‍ഡിയുടെ പരമ്പര്യം പറയുന്ന വെബ് സൈറ്റിൽ ഉപഭോക്താക്കളുടെ യെസ്‍‍ഡി കഥകളും പ്രസിദ്ധാകരിക്കാം. ക്ലാസിക്ക്, സിഎൽ 2,  ഡിലക്സ്, മോണാർച്ച്, യെസ്ഡി 175 തുടങ്ങിയ ബൈക്കുകളുടെയെല്ലാം പൂർണ്ണമായ വിവരങ്ങളുമുണ്ട്. പ്രൊജക്റ്റ് യെസ്ഡി എന്ന സംരംഭത്തിന് കീഴിലാണ് വെബ്സൈറ്റ്. ഇന്ത്യൻ നിരത്തിലെ ക്ലാസിക്ക് ബൈക്കായ യെസ്ഡിയുടെ ഓർമ്മകൾ പൊടിതട്ടിയെടുക്കുക എന്നാണ് പ്രൊജക്റ്റ് യെസ്ഡി. ഇതിനായി ഇന്ത്യയിലുടനീളം സഞ്ചരിച്ച് ഏകദേശം 10000 യെസ്‍സി ഓർമ്മകളും പങ്കുവെക്കുമെന്നും വെബ് സൈറ്റിലൂടെ അറിയിച്ചിട്ടുണ്ട്. എന്നാൽ യെസ്‍ഡിയുടെ പേരിൽ ഇനി ബൈക്ക് പുറത്തിറക്കുമോ എന്നതിന് ഔദ്യോഗിക വിശദീകരണങ്ങളൊന്നും കമ്പനി നൽകിയിട്ടില്ല.

jawa-250 Jawa 250

ഇന്ത്യയിൽ  ഇരുചക്രവാഹന നിർമാതാക്കൾ ഇല്ലാതിരുന്ന കാലത്തു മുംബൈയിലെ ഇറാനി ഗ്രൂപ്പായിരുന്നു യെസ്ഡി ബൈക്കുകൾ ആദ്യമായി ഇറക്കുമതി ചെയ്തിരുന്നത്. 1950ൽ കേന്ദ്രസർക്കാർ ഇരുചക്രവാഹന ഇറക്കുമതി നിരോധിച്ചതോടെ വിദേശത്തുനിന്നു പാർട്സുകൾ എത്തിച്ച് ഇന്ത്യയിൽ വച്ച് അസംബിൾ ചെയ്തു ബൈക്ക് നിരത്തിലിറക്കി. റസ്റ്റോം ഇറാനി എന്ന വ്യവസായ പ്രമുഖന്റെ നേതൃത്വത്തിൽ മൈസൂരുവിൽ 1961 മാർച്ചിൽ ഐഡിയൽ ജാവ എന്ന പേരിൽ തദ്ദേശീയ ബൈക്ക് കമ്പനി പ്രവർത്തനമാരംഭിച്ചു. ചെക്കിലെ ജാവ ജെസ്ഡി എന്ന പേരു മാറ്റി ഇന്ത്യയിൽ യെസ്ഡി എന്ന ബ്രാൻഡിലായിരുന്നു ബൈക്ക് ഉൽപാദനം. 

എഴുപതുകളുടെ ആദ്യപാദത്തിൽ ജാവ വിപണിയിൽ നിറഞ്ഞു നിൽക്കെത്തന്നെ ഐഡിയൽ ജാവ ‘യെസ്ഡി’യെ അവതരിപ്പിക്കുകയായിരുന്നു. ആമയോട്ടിപോലെയുള്ള മീറ്റർ ഡയലും വട്ടത്തിലുള്ള ലൈറ്റും ആണിപോലെ തോന്നിക്കുന്ന ഇഗ്നേഷൻ കീയും കറുപ്പു നിറവും ആകെയൊരു ഉത്സവ പകിട്ട്. എല്ലാറ്റിനുമുപരിയായി നെഞ്ചിടിപ്പിനോടു ചേർന്നു നിൽക്കുന്ന ആ ശബ്ദവും...യെസ്ഡിയുടെ വരവിനു കിട്ടിയ സ്വീകാര്യത തൊട്ടടുത്ത വർഷം ക്ലാസിക് മോഡലുകൾ ഇറക്കാൻ ഐഡിയലിനു കരുത്തായി. കറുപ്പിനു പുറമേ സിൽവറും വൈൻ റെഡും നിറങ്ങളിലായി ‘ക്ലാസിക്’ എത്തി. ‘ക്ലാസിക് ടൂ’വും ‘റോഡ് കിങ്ങും’ എത്തിയ 1976ൽ ആമത്തോടു തല വിട്ടു മീറ്റർ‌ ഡയലും ഇഗ്നേഷൻ സ്വിച്ചും വേർ‌പെടുത്തി പ്രത്യേകമാക്കി. എന്നാൽ പുതു തലമുറ ബൈക്കുകളുടെ മുന്നിൽ പിടിച്ചു നിൽക്കാനാവാത്തതും ടൂ സ്ട്രോക്ക് ബൈക്കുകളുടെ നിരോധനവും മൂലം ഐഡിയൽ ജാവ യെസ്‍ഡിയുടെ നിർ‌മാണം 1996 ൽ അവസാനിപ്പിച്ചു.

Read More: Auto News in Malayalam | Car News | Bike News | Upcoming Car and Bikes