Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇന്ത്യയിൽ സാന്നിധ്യം ശക്തമാക്കാൻ പിരേലി

pirelli-tyres

ഇന്ത്യൻ വിപണിയിലെ സാന്നിധ്യം ശക്തമാക്കാൻ ഇറ്റാലിയൻ ടയർ നിർമാതാക്കളായ പിരേലി തയാറെടുക്കുന്നു. ഗതാഗത സൗകര്യം മെച്ചപ്പെടുകയും കൂടുതൽ ആളുകൾ വലിയ കാറുകൾ വാങ്ങുകയും ചെയ്യുന്ന സാഹചര്യത്തിൽ ഇന്ത്യയിൽ പ്രകടനക്ഷമതയേറിയ ടയറുകൾക്കുള്ള ആവശ്യം കുത്തനെ ഉയരുമെന്ന പ്രതീക്ഷയിലാണു പിരേലി ഈ വിപണിയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. അതുകൊണ്ടുതന്നെ പിരേലി ടയർ വിൽപ്പനയ്ക്കുള്ള പ്രത്യേക ഷോറൂമുകളായ ‘ടയർ സെന്ററു’കളുടെ എണ്ണം വർധിപ്പിക്കാനും കമ്പനി തീരുമാനിച്ചിട്ടുണ്ട്.

രാജ്യത്തെ റോഡുകൾ മെച്ചപ്പെടുന്നതിനാൽ ഇന്ത്യയിൽ പ്രകടനക്ഷമതയേറിയ ടയറുകൾക്ക് ആവശ്യമേറുമെന്നാണു കമ്പനിയുടെ കണക്കുകൂട്ടലെന്ന് പിരേലി ടയേഴ്സ് ജനറൽ മാനേജർ സഞ്ജയ് മാത്തൂർ അഭിപ്രായപ്പെട്ടു. വരുമാനം ഉയർന്നതോടെ കൂടുതൽ പേർ വലിപ്പവും കരുത്തുമേറിയ കാറുകൾ വാങ്ങുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇതോടൊപ്പം കർശനമായ സുരക്ഷാ മാനദണ്ഡങ്ങളും ഗുണനിലവാരമേറിയ ടയറുകൾ അനിവാര്യമാക്കുമെന്നാണു മാത്തൂറിന്റെ വിലയിരുത്തൽ. മുന്തിയ കാറുകളുടെ വിൽപ്പനയിൽ പ്രതിവർഷം 20% വളർച്ചയാണു രേഖപ്പെടുത്തുന്നത്. വരും വർഷങ്ങളിലും ആഡംബര കാർ വിൽപ്പനയിലെ ഈ വളർച്ച തുടരുമെന്ന് മാത്തുർ പ്രതീക്ഷ പ്രകടിപ്പിച്ചു. ഭാവിയിലെ ഈ സാധ്യത പ്രയോജനപ്പെടുത്താൻ കഴിയും വിധം ഇന്ത്യയിലെ സാന്നിധ്യം ശക്തമാക്കാനാണു പിരേലി ഒരുങ്ങുന്നത്.

പിരേലിയെ സംബന്ധിച്ചിടത്തോളം സുപ്രധാന വിപണിയാണ് ഇന്ത്യയെന്ന് മാത്തൂർ വ്യക്തമാക്കി. അതുകൊണ്ടുതന്നെ ഇക്കൊല്ലം അവസാനിക്കുമ്പോഴേക്ക് 20 ‘ടയർ സെന്ററു’കൾ പ്രവർത്തനക്ഷമമാക്കാനാണു പിരേലിയുടെ തീരുമാനം. ടയർ വിൽപ്പനയും വിൽപ്പനാന്തര സേവനവും കംപ്യൂട്ടറൈസ്ഡ് വീൽ അലെയ്ൻമെന്റ്, വീൽ ബാലൻസിങ്, ഓട്ടമേറ്റഡ് ടയർ ചേഞ്ചിങ്, നൈട്രജൻ നിറയ്ക്കൽ തുടങ്ങി എല്ലാവിധ സേവനങ്ങളും ലഭ്യമാവുന്ന കേന്ദ്രങ്ങളാണു പിരേലി ‘ടയർ സെന്റർ’. നിലവിൽ മൈസൂരുവിലും മംഗലാപുരത്തും ഡൽഹിയിലുമായി മൊത്തം അഞ്ചു ‘ടയർ സെന്റർ’ ആണു പിരേലിക്കുള്ളത്. അതേസമയം ഇന്ത്യയിലെ വികസന പ്രവർത്തനങ്ങൾക്കു പ്രതീക്ഷിക്കുന്ന ചെലവ് സംബന്ധിച്ച സൂചനകളൊന്നും മാത്തൂർ നൽകിയില്ല. 

നിലവിൽ ഇന്ത്യയിൽ ഉൽപ്പാദനമില്ലാത്തതിനാൽ ഇറക്കുമതി വഴിയാണു പിരേലി ടയറുകൾ ഇവിടെ വിൽപ്പനയ്ക്കെത്തുന്നത്. ബൈക്ക്, സ്കൂട്ടർ, കാർ, ട്രക്ക് തുടങ്ങിയവയ്ക്കൊക്കെ യോജിച്ച ടയറുകൾ പിരേലി ശ്രേണിയിലുണ്ട്; 3,000 മുതൽ 1.5 ലക്ഷം രൂപ വരെയാണു വിവിധ ടയറുകളുടെ വില.