Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

‘ഫെയിം ഇന്ത്യ’: നേട്ടമേറെ മൈൽഡ് ഹൈബ്രിഡിന്

Green Cars

വൈദ്യുത വാഹന വിൽപ്പന പ്രോത്സാഹിപ്പിക്കാൻ ലക്ഷ്യമിടുന്ന ഫാസ്റ്റർ അഡോപ്ഷൻ ആൻഡ് മാനുഫാക്ചറിങ് ഓഫ് ഹൈബ്രിഡ് ആൻഡ് ഇലക്ട്രിക് വെഹിക്കിൾസ്(ഫെയിം) ഇൻ ഇന്ത്യ പദ്ധതി വഴിയുള്ള ആനുകൂല്യത്തിൽ ഭൂരിഭാഗവും നേടിയെടുത്തതു മൈൽഡ് ഹൈബ്രിഡുകൾ. പദ്ധതി പ്രകാരം കഴിഞ്ഞ ജൂൺ വരെ വിതരണം ചെയ്ത 196.77 കോടി രൂപയിൽ 60 ശതമാനത്തിലേറെ മൈൽഡ് ഹൈബ്രിഡ് സാങ്കേതികവിദ്യയുടെ പിൻബലമുള്ള നാലുചക്ര വാഹനങ്ങൾക്കാണു ലഭിച്ചതെന്നു ലോക്സഭയിൽ അവതരിപ്പിച്ച കണക്കുകൾ വ്യക്തമാക്കുന്നു. 

പരിസ്ഥിതി സൗഹൃദ ഗതാഗത സംവിധാനങ്ങൾ പ്രോത്സാഹിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ 2015ലാണു കേന്ദ്ര സർക്കാർ ‘ഫെയിം ഇന്ത്യ’ പദ്ധതി പ്രഖ്യാപിച്ചത്. വൈദ്യുത, സങ്കര ഇന്ധന വാഹനങ്ങൾക്കായിരുന്നു പദ്ധതി പ്രകാരമുള്ള ഇളവുകൾ ബാധകമാവുക; പരിസ്ഥിതി സൗഹൃദ ഇരുചക്രവാഹനങ്ങൾക്ക് 29.500 രൂപയും കാറുകൾക്ക് 1.38 ലക്ഷം രൂപയുമാണ് ‘ഫെയിം ഇന്ത്യ’ പ്രകാരമുള്ള ആനുകൂല്യം. 2020 വരെയുള്ള ആറു വർഷക്കാലത്തേക്കാണു പദ്ധതി പ്രാബല്യത്തിലുണ്ടാവുക.

മൈൽഡ് ഹൈബ്രിഡ് ഗണത്തിൽപെട്ട നാലു ചക്രവാഹനങ്ങൾക്ക് 2015 ഏപ്രിൽ മുതൽ കഴിഞ്ഞ ജൂൺ 30 വരെയുള്ള കാലത്തിനിടെ 124.77 കോടി രൂപയാണു ‘ഫെയിം ഇന്ത്യ’ പദ്ധതിയിൽ ആനുകൂല്യമായി നൽകിയതെന്നു കേന്ദ്ര ഘന വ്യവസായ, പൊതു സംരംഭ സഹമന്ത്രി ബാബുൽ സുപ്രിയൊ ലോക്സഭയെ അറിയിച്ചു. ജൂൺ 30 വരെയുള്ള കണക്കനുസരിച്ച് മൊത്തം 1.45 ലക്ഷം വാഹനങ്ങൾക്കാണു പദ്ധതി പ്രകാരമുള്ള ആനൂകൂല്യം അനുവദിച്ചതെന്നും മന്ത്രി വ്യക്തമാക്കി. ജൂലൈ 26 വരെയുള്ള നില പരിഗണിച്ചാൽ 1.50 ലക്ഷം വാഹനങ്ങൾക്ക് ‘ഫെയിം ഇന്ത്യ’യുടെ പ്രയോജനം ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം വെളിപ്പെടുത്തി.

നിലവിൽ ‘ഫെയിം ഇന്ത്യ’ പദ്ധതിയുടെ ആദ്യഘട്ടമാണു പ്രാബല്യത്തിലുള്ളത്; ഈ സെപ്റ്റംബർ 30നാണ് ആദ്യ ഘട്ടം പൂർത്തിയാവുക. മൈൽഡ് ഹൈബ്രിഡ് വിഭാഗത്തിൽ 95,980 നാലു ചക്രവാഹനങ്ങൾക്കാണു ‘ഫെയിം ഇന്ത്യ’യുടെ സഹായം ലഭിച്ചത്. പൂർണതോതിലുള്ള സങ്കര ഇന്ധന സാങ്കേതികവിദ്യയുള്ള 2,446 വാഹനങ്ങൾക്കും പദ്ധതിയുടെ ആനുകൂല്യം ലഭിച്ചു. ബാറ്ററിയിൽ ഓടുന്ന ഇരുചക്രവാഹനങ്ങളാണ് ‘ഫെയിം ഇന്ത്യ’ ഗുണഭോക്തൃ പട്ടികയിൽ രണ്ടാം സ്ഥാനത്ത്; ഇത്തരത്തിലുള്ള 41,872 വാഹനങ്ങൾക്കായി 31.4 കോടി രൂപയാണ് ഇതുവരെ ആനുകൂല്യമായി വിതരണം ചെയ്തത്.