Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇന്ത്യയിൽ 10% വിപണി പിടിക്കാൻ റെനോ നിസ്സാൻ

renault-nissan

ഇന്ത്യയിലെ വിപണി വിഹിതം 10% ആക്കി ഉയർത്താൻ ഫ്രഞ്ച് — ജാപ്പനീസ് വാഹന നിർമാണ സഖ്യമായ റെനോ നിസ്സാനു മോഹം. നിലവിൽ ഇന്ത്യൻ വിപണിയിൽ ആറു ശതമാനത്തോളം വിഹിതമാണ് ഇരു പങ്കാളികൾക്കും കൂടിയുള്ളത്. ഇന്ത്യയുടെ മൊത്തം ആഭ്യന്തര ഉൽപ്പാദന(ജി ഡി പി)ത്തിൽ 7.1 ശതമാനത്തോളമാണു വാഹന നിർമാണ മേഖലയുടെ സംഭാവന. വൻവളർച്ചാ സാധ്യതയുള്ള വിഭാഗമെന്ന നിലയിൽ ഈ രംഗത്ത് അവസരങ്ങളേറെയാണെന്നു റെനോ നിസ്സാൻ ടെക്നോളജി ആൻഡ് ബിസിനസ് സെന്റർ ഇന്ത്യ(ആർ എൻ ടി ബി ഐ) മാനേജിങ് ഡയറക്ടർ കൃഷ്ണൻ സുന്ദർരാജൻ അഭിപ്രായപ്പെട്ടു. 

ഒപ്പം സേവനദാതാക്കളുടെയും ജീവനക്കാരുടെയും ശൃംഖല വിപുലീകരിക്കാൻ സഹായകമായതിനാൽ ചെന്നൈയിലെ ലൊയോള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബിസിനസ് അഡ്മിനിസ്ട്രേഷൻ(എൽ ഐ ബി എ) പോലുള്ള സ്ഥാപനങ്ങളുമായുള്ള പങ്കാളിത്തത്തെ കമ്പനി വിലമതിക്കുന്നതായും അദ്ദേഹം വ്യക്തമാക്കി. വാഹന വ്യവസായ മേഖലയിലെ തൊഴിൽ സാധ്യതകൾ പ്രയോജനപ്പെടുത്താൻ ലക്ഷ്യമിട്ട് ഓട്ടോമോട്ടീവ് ക്വാളിറ്റി മാനേജ്മെന്റിൽ പുതിയ സർട്ടിഫിക്കറ്റ് കോഴ്സ് തുടങ്ങാനാണ് എൽ ഐ ബി എയും ആർ എൻ ടി ബി സി ഐയുമായി ധാരണയായത്.

ടോട്ടൽ ക്വാളിറ്റി മാനേജ്മെന്റ്(ടി ക്യു എം), ടി പി എം, ലീൻ തിങ്കിങ്, സിക്സ് സിഗ്മ, കൈസെൻ തുടങ്ങിയ ആശയങ്ങളും സങ്കൽപ്പങ്ങളുമൊക്കെ പരിചയപ്പെടാനും അനുഭവിച്ചറിയാനും പുതിയ കോഴ്സ് അവസരമൊരുക്കും. കേന്ദ്ര സർക്കാർ പ്രോത്സാഹിപ്പിക്കുന്ന ‘മെയ്ക്ക് ഇൻ ഇന്ത്യ’ പദ്ധതി കൂടിയാവുമ്പോൾ രാജ്യത്തെ വാഹന വ്യവസായ മേഖലയിൽ തൊഴിൽ അവസരങ്ങൾ ഇനിയുമുയരുമെന്ന് എൽ ഐ ബി എ ഡയറക്ടർ ഫാ പി ക്രിസ്റ്റി അഭിപ്രായപ്പെട്ടു. 

ഒന്നര വർഷ കാലാവധിയുള്ള കോഴ്സിന്റെ ആദ്യ ബാച്ചിൽ വാഹന വ്യവസായ മേഖലയിൽ പ്രവർത്തിക്കുന്ന 50 പേർക്കാണു പ്രവേശനം അനുവദിക്കുക. പുതിയ കോഴ്സിന്റെ പഠനത്തിനുള്ള അടിസ്ഥാന സൗകര്യവും അധ്യാപകരെയുമൊക്കെ എൽ ഐ ബി എയാണു ലഭ്യമാക്കുക. പ്രായോഗിക പരിശീലനത്തിനുള്ള അവസരമാവും റെനോ നിസ്സാന്റെ സംഭാവന.