മഹീന്ദ്രയുടെ കൊറിയൻ പങ്കാളികളായ സാങ്‌യോങ്ങിന്റെ പ്രീമിയം എസ്‌യുവിയുടെ പുതിയ പതിപ്പ് ഇന്ത്യയിലേയ്ക്ക്. യുകെ വിപണിയിൽ ഉടൻ പുറത്തിറങ്ങുന്ന സാങ്‌യോങ് റെക്സ്റ്റണിനെയായിരിക്കും മഹീന്ദ്ര എക്സ്‌യുവി 700 എന്ന പേരിൽ ഇന്ത്യയിൽ പുറത്തിറക്കുക. സാങ്‌യോങ് ബ്രാൻഡിൽ പുറത്തിറക്കിയ ആദ്യ റെക്സ്റ്റണിന് വലിയ ജനപിന്തുണ ലഭിക്കാത്തതാണ് വാഹനത്തെ മഹീന്ദ്രയുടെ പേരിൽ പുറത്തിറക്കാൻ കമ്പനിയെ പ്രരിപ്പിക്കുന്നത്.
ഈ മാസം യുകെ വിപണിയിലെത്തുന്ന റെക്സ്റ്റണ്‍ വലിയ മാറ്റങ്ങളില്ലതെയായിരിക്കും ഇന്ത്യയിലെത്തുക. ടൊയോട്ട ഫോർച്യൂണർ, ഫോഡ് എൻഡവർ തുടങ്ങിയ വാഹനങ്ങളുമായിട്ടാണ് പുതിയ എസ് യു വി മത്സരിക്കുക. വൈ 400 എന്ന കോഡ് നാമത്തിൽ അറിയപ്പെടുന്ന എസ് യു വി 2018 ൽ മഹീന്ദ്ര ഇന്ത്യയിലെത്തിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ വർഷത്തെ പാരിസ് ഓട്ടോഷോയിൽ പ്രദർശിപ്പിച്ച എൽഐവി-2 കൺസെപ്റ്റിൽ നിന്നാണ് പുതിയ വാഹനം വികസിപ്പിച്ചിരിക്കുന്നത്.
പ്രീമിയം എസ് യു വി സെഗ്മെന്റിലെ ബെസ്റ്റ് ഇൻ ക്ലാസ് ഫീച്ചറുകളുമായിട്ടാകും എക്സ്‌യുവി 700 എത്തുക. 4.85 മീറ്റർ നീളവും 1.96 മീറ്റർ വീതിയും 1.8 മീറ്റർ ഉയരവുമുണ്ടാകും പുതിയ എസ് യു വിക്ക്. 2865 എംഎമ്മാണ് വീൽ ബെയ്സ്. നിലവിൽ വിപണിയിലുള്ള റെക്സണിനെ അപേക്ഷിച്ച് കാഴ്ചയിൽ കൂടുതൽ പ്രീമിയം ലുക്ക് പുതിയ എസ് യു വിക്കുണ്ടാകും. പുതിയ മുൻ–പിൻ ബംപറുകൾ, ബോഡിയുടെ നിറമുള്ള ക്ലാഡിങ്ങുകൾ, പുതിയ ഹെഡ്‌ലാമ്പുകൾ എന്നിവ വാഹനത്തിന്റെ പ്രധാന മാറ്റങ്ങളാണ്.
ഡ്യുവൽ ടോണ്‍ കളർ തീമിലുള്ള ക്യാമ്പിൻ, ടച്ച് സ്ക്രീൻ ഇൻഫർടെൻമെന്റ് സിസ്റ്റം എന്നിവ പുതിയ വാഹനത്തിലുണ്ട്. 2.2 ലീറ്റർ ഡീസൽ എൻജിനിലായി മാനുവൽ ഓട്ടമാറ്റിക്ക് വകഭേദങ്ങളാണ് വാഹനത്തിന്റെ യുകെ പതിപ്പിനുള്ളത്. കൂടാതെ 5 സീറ്റർ ഏഴ് സീറ്റർ വകഭേദങ്ങവും ലഭ്യമാണ്. 2.2 ലീറ്റർ ടർബൊ ഡീസൽ എൻജിൻ 4000 ആർപിഎമ്മിൽ 181 ബിഎച്ചിപി കരുത്തും 1400 മുതൽ 2800 വരെ ആർപിഎമ്മിൽ 400 എൻഎം ടോർക്കും ഉത്പാദിപ്പിക്കും. മണിക്കൂറിൽ 185 കിലോമീറ്ററാണ് ഉയർന്ന വേഗം. ഫോർച്യൂണറിനെക്കാള്‍ നാലു മുതൽ അഞ്ചു ലക്ഷം രൂപവരെ വിലക്കുറവായിരിക്കും എക്സ്‌യുവി 700 എന്നാണ് പ്രതീക്ഷിക്കുന്നത്.