Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വനിതാ സെവാഗ് ഹർമൻപ്രീതിനു ഡാറ്റ്സൻ ‘റെഡി ഗൊ’ സമ്മാനം

Harmanpreet Kaur Harmanpreet Kaur

തകർപ്പൻ ബാറ്റിങ്ങിലൂടെ ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീമിനെ ലോകകപ്പ് ഫൈനലോളം എത്തിച്ച ഹർമൻപ്രീത് കൗറിനു സമ്മാനമായി ‘റെഡി ഗൊ’. ഐ സി സി വനിതാ ലോകകപ്പ് ക്രിക്കറ്റ് ടൂർണമെന്റിന്റെ സെമി ഫൈനലിൽ ഓസ്ട്രേലിയക്കെതിരെ നടത്തിയ ഒറ്റയാൾ പോരാട്ട മികവിനെയാണു ഡാറ്റ്സൻ ഇന്ത്യ ആദരിച്ചത്. ഇംഗ്ലണ്ടിൽ നടന്ന മത്സരത്തിൽ കൗർ നേടിയ 171 റൺസിന്റെ പിൻബലത്തിലാണ് ഇന്ത്യ ഫൈനലിലെത്തി റണ്ണേഴ്സ് അപ്പായത്. വെടിക്കെട്ട് ബാറ്റ്സ്മാനായിരുന്ന വീരേന്ദർ സെവാഗിൽ നിന്നു പ്രചോദനം ഉൾക്കൊണ്ട് ദേശീയ വനിതാ ടീമിലെത്തിയ ഓൾ റൗണ്ടറായ ഹർമൻപ്രീത് കൗറിനെ രാജ്യം കഴിഞ്ഞ ദിവസം അർജുന അവാർഡ് നൽകിയും ആദരിച്ചിരുന്നു.

ഇന്ത്യയിലെ യുവാക്കളിൽ മികവുകാട്ടുന്നവരെയും നേട്ടം കൊയ്യുന്നവരെയും സഹായിക്കാൻ അശ്രാന്ത പരിശ്രമമാണു ഡാറ്റ്സൻ ഇന്ത്യ നടത്തുന്നതെന്നു കമ്പനി വൈസ് പ്രസിഡന്റ് ജെറോം സൈഗോട്ട് അറിയിച്ചു. ഹർമൻപ്രീതിനെ പോലുള്ള യുവതികൾ രാജ്യത്തിന് അഭിമാനനേട്ടം സമ്മാനിക്കുന്നത് ആഹ്ലാദകരമാണ്. ഐ സി സി വനിതാ ക്രിക്കറ്റ് ലോകകപ്പിൽ കാഴ്ചവച്ച തകർപ്പൻ പ്രകടനത്തിൽ ഹർമൻപ്രീത് കൗറിനെ അഭിനന്ദിക്കുന്നു. ഈ മികവിനുള്ള അംഗീകാരമായാണു ‘റെഡി ഗൊ’ സമ്മാനിക്കുന്നതെന്നും അദ്ദേഹം വെളിപ്പെടുത്തി. 

പരിശീലനത്തിനായുള്ള യാത്രകൾ ആയാസരഹിതമാക്കാൻ പുത്തൻ ‘റെഡി ഗൊ’യുടെ വരവ് സഹായിക്കുമെന്നായിരുന്നു ഹർമൻപ്രീത് കൗറിന്റെ പ്രതികരണം. പുതിയ കാറിൽ കുടുംബവുമൊത്തൊരു ദീർഘദൂരയാത്രയ്ക്കും പദ്ധതിയുണ്ടെന്നു യുവതാരം വെളിപ്പെടുത്തി. രാജ്യാന്തര ക്രിക്കറ്റ് കൗൺസിൽ സംഘടിപ്പിക്കുന്ന ടൂർണമെന്റുകളുടെ ആഗോള സ്പോൺസറാണ് ഡാറ്റ്സന്റെ മാതൃസ്ഥാപനമായ നിസ്സാൻ.