Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

2,000 ബസ് വാങ്ങാൻ ഡൽഹി; ഡി ടി സിക്ക് 1,000

dtc-lowfloor Representative Image

രാജ്യതലസ്ഥാന മേഖലയിലെ പൊതുഗതാഗത സംവിധാനം ശക്തിപ്പെടുത്താൻ 2,000 പുതിയ ബസ്സുകൾ വാങ്ങാൻ ഡൽഹി സർക്കാർ ഒരുങ്ങുന്നു. പുതിയ ബസ്സുകളിൽ 1,000 എണ്ണം സർക്കാർ സ്ഥാപനമായ ഡൽഹി ട്രാൻസ്പോർട് കോർപറേഷ(ഡി ടി സി)നു നൽകാനും മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭായോഗം തീരുമാനിച്ചു. നോൺ എ സി, സ്റ്റാൻഡേഡ് ഫ്ളോർ വിഭാഗത്തിൽപെടുന്ന പുതിയ ബസ്സുകൾ ഒരു വർഷത്തിനകം നിരത്തിലിറങ്ങുമെന്നും സംസ്ഥാന ഗതാഗത മന്ത്രി കൈലാഷ് ഗെഹ്ലോട്ട് അറിയിച്ചു. 

പുതിയ ബസ്സുകളുടെ പരിപാലന ചുമതല ഡി ടി സിക്കാവുമെന്നും അദ്ദേഹം വ്യക്തമാക്കി. നേരത്തെ ബസ് നിർമാതാക്കൾ തന്നെയായിരുന്നു ഡി ടി സി ബസ്സുകളുടെ പരിപാലനവും നിർവഹിച്ചിരുന്നത്. പുതുതായി വാങ്ങുന്ന 200 ബസ്സുകളിൽ 1,000 എണ്ണം ഡി ടി സിക്കും ബാക്കി ക്ലസ്റ്റർ ബസ് വിഭാഗത്തിലുമാണ് ഉപയോഗിക്കുകയെന്നു ഗെഹ്ലോട്ട് വിശദീകരിച്ചു. വരുന്ന എട്ടു മാസത്തിനകം ക്ലസ്റ്റർ ബസ്സുകൾ നിരത്തിലെത്തുമെന്നാണു പ്രതീക്ഷ. ഡി ടി സിക്കുള്ള ബസ്സുകൾ ലഭ്യമാവാൻ ഒരു വർഷത്തോളമെടുക്കുമെന്നും അദ്ദേഹം വെളിപ്പെടുത്തി. 

ഇതോടൊപ്പം ബസ്സുകളുടെ അഭാവം മൂലം ഡി ടി സി പ്രവർത്തനം അവസാനിപ്പിക്കേണ്ടി വരുമെന്ന വാർത്തകളും അദ്ദേഹം നിഷേധിച്ചു. നാലു വർഷം നീണ്ട ഇടവേളയ്ക്കൊടുവിലാണു ഡി ടി സിക്കു പുതിയ ബസ്സുകൾ ലഭിക്കുന്നത്. അതുകൊണ്ടുതന്നെ മന്ത്രിസഭയുടേത് ചരിത്രപരമായ തീരുമാനമാണെന്നും ഗെഹ്ലോട്ട് ട്വിറ്ററിൽ കുറിച്ചു.  ബസ്സുകളുടെ പരിപാലന ചുമതല കൂടി ഏറ്റെടുക്കേണ്ടി വരുമെന്നതിനാൽ ഡി ടി സിക്കു ബസ് വിൽക്കാൻ നിർമാതാക്കൾ വിമുഖത കാട്ടിയിരുന്നു. പുതിയ ബസ് വാങ്ങാൻ കോർപറേഷൻ മുമ്പു പലതവണ ടെൻഡർ വിളിച്ചെങ്കിലും കാര്യമായ പ്രതികരണമുണ്ടായില്ല. 

ഡി ടി സിക്കു മൊത്തം 3,944 ബസ്സുകളാണുള്ളത്; ക്ലസ്റ്റർ വിഭാഗത്തിൽ ഡൽഹി ഇന്റഗ്രേറ്റഡ് മൾട്ടിമോഡൽ ട്രാൻസിറ്റ് സിസ്റ്റ(ഡി ഐ എം ടി എസ്)ത്തിൽ 1,634 ബസ്സുകളും സർവീസ് നടത്തുന്നുണ്ട്. മൊത്തം 5,600 ബസ്സുകൾ ചേർന്ന് ഡൽഹിയിലെ 75 ശതമാനത്തോളം റൂട്ടുകളിൽ സേവനം ലഭ്യമാക്കുന്നുണ്ടെന്നാണു കണക്ക്. 124 റൂട്ടുകളിലായി 799 മിനി ബസ്സുകളും ഡൽഹിയിൽ സർവീസ് നടത്തുന്നുണ്ട്.