Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇന്നോവ ക്രിസ്റ്റയുടെ എതിരാളി, മഹീന്ദ്ര യു 321

Representative Image Representative Image

എംപിവി സെഗ്‌മെന്റിൽ കിരീടം വയ്ക്കാത്ത രാജാവായി വിലസുന്ന ഇന്നോവയ്ക്ക് ഒത്ത എതിരാളിയുമായി മഹീന്ദ്ര എത്തുന്നു. പ്രീമിയം ഫീച്ചറുകളും മികച്ച സ്റ്റൈലുമായി എത്തുന്ന വാഹനം യു 321 എന്ന കോഡു നാമത്തിലാണ് അറിയപ്പെടുന്നത്. മഹീന്ദ്രയുടെ നോർത്ത് അമേരിക്കൻ ടെക്നിക്കൽ സെന്ററിൽ വികസിപ്പിക്കുന്ന വാഹനം ഇന്ത്യയിൽ പരീക്ഷണയോട്ടം ആരംഭിച്ചെന്നു റിപ്പോർട്ടുകള്‍‍ സൂചിപ്പിക്കുന്നു. ഈ വർഷം അവസാനമോ, അടുത്ത വർഷം ആദ്യമോ പുതിയ വാഹനം വിൽപ്പയ്ക്കെത്തുമെന്നാണു പ്രതീക്ഷ.

ഉയരം കൂടിയ ഡിസൈൻ കൺസെപ്റ്റിലാണ് പുതിയ എംപിവിയുടെ രുപകൽപന. രാജ്യാന്തര വിപണിയിൽ ഉടൻ പുറത്തിറങ്ങുന്ന പുതിയ സാങ്‍യോങ് റെക്സ്റ്റണിന്റെ ഡിസൈൻ ഘടകങ്ങൾ കടംകൊണ്ടായിരികും മഹീന്ദ്ര പുതിയ എംപിവി പുറത്തിറക്കുക. അകത്തളത്തിൽ പരമാവധി സ്ഥലസൗകര്യം ഉറപ്പാക്കാൻ നീളമേറിയ വീൽബേസും മുന്നിലും പിന്നിലും നീളംകുറഞ്ഞ ഓവർഹാങ്ങുമാവും പുതിയ എം പി വിക്കുണ്ടാവുക. പ്രകടമായ എയർ ഇൻടേക്കും ഫോഗ് ലാംപിനുള്ള സ്ഥലസൗകര്യവുമുള്ള നീളമേറിയ ബംപറും മഹീന്ദ്രയുടെ തനതു ഗ്രില്ലുമാണ് എം പി വിയിലുള്ളത്. 

ഈ പുതിയ മോഡലിന്റെ വികസനത്തിനും നിർമാണത്തിനുമായി മഹാരാഷ്ട്രയിലെ നാസിക്കിലും ഇഗ്ഗത്പുരിയിലുമുള്ള ശാലകളിൽ 1,500 കോടി രൂപ നിക്ഷേപിക്കുമെന്നും കമ്പനി പ്രഖ്യാപിച്ചിട്ടുണ്ട്. എൻജിൻ നിർമാണത്തിനു വേണ്ടിയാണ് ഇഗ്ഗത്പുരി ശാലയിൽ കമ്പനി പണം മുടക്കുക. നാസിക് ശാലയിലെ നിക്ഷേപമാവട്ടെ വാഹന നിർമാണം ലക്ഷ്യമിട്ടുള്ളതാണ്. 1.6 എംഫാൽക്കൺ എൻജിനായിരിക്കും പുതിയ എംപിവിയിൽ ഉപയോഗിക്കുക. 14 ലക്ഷം രൂപമുതൽ 18 ലക്ഷം വരെയാണു വാഹനത്തിന്റെ പ്രതീക്ഷിത വില.