Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

‘ഫെയിം’ ഇന്ത്യ പദ്ധതിക്ക് 6 മാസം കൂടി പ്രാബല്യം

Green Cars

വൈദ്യുത, സങ്കര ഇന്ധന വാഹന വിൽപ്പന പ്രോത്സാഹിപ്പിക്കാൻ ലക്ഷ്യമിട്ട് ആവിഷ്കരിച്ച ‘ഫെയിം ഇന്ത്യ’ പദ്ധതിയുടെ ആദ്യ ഘട്ടം ആറു മാസത്തേക്കു കൂടി ദീർഘിപ്പിക്കാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചു. ആറു മാസം കൂടിയോ നീതി ആയോഗ് പദ്ധതിയുടെ രണ്ടാം ഘട്ടം അവതരിപ്പിക്കും വരെയോ ഫാസ്റ്റർ അഡോപ്ഷൻ ആൻഡ് മാനുഫാക്ചറിങ് ഓഫ് (ഹൈബ്രിഡ് ആൻഡ്) ഇലക്ട്രിക് വെഹിക്കിൾസ് (ഫെയിം) ഇന്ത്യയുടെ ആദ്യഘട്ടം തുടരുമെന്നാണു കേന്ദ്ര ഘന വ്യവസായ, പൊതു സംരംഭ മന്ത്രാലയത്തിന്റെ വിജ്ഞാപനം. ഈ വ്യവസ്ഥകളിൽ ഏതാണോ ആദ്യം പ്രാബല്യത്തിലെത്തുക അതു വരെയാവും ‘ഫെയിം ഇന്ത്യ’ ഒന്നാം ഘട്ടം നിലവിലുണ്ടാവുക.

രാജ്യത്തു ബദൽ ഇന്ധന വാഹന വിൽപ്പന പ്രോത്സാഹിപ്പിക്കാൻ ലക്ഷ്യമിടുന്ന ‘ഫെയിം ഇന്ത്യ’യുടെ ആദ്യ ഘട്ടം 2015 ഏപ്രിൽ ഒന്നു മുതൽ 2017 മാർച്ച് 31 വരെയായിരുന്നു പ്രഖ്യാപിച്ചത്. മൊത്തം 795 കോടി രൂപയായിരുന്നു പദ്ധതി വിഹിതം. പിന്നീട് പദ്ധതിയുടെ കാലാവധി ആറു മാസക്കാലത്തേക്കു കൂടി ദീർഘിപ്പിക്കുകയായിരുന്നു. സെപ്റ്റംബർ 30ന് ഈ കാലപരിധി അവസാനിക്കാനിരിക്കെയാണ് ‘ഫെയിം ഇന്ത്യ’ ആദ്യ ഘട്ടം ആറു മാസത്തേക്കു കൂടി നീട്ടിയിരിക്കുന്നത്. 

കഴിഞ്ഞ ജൂലൈ 26 വരെയുള്ള കണക്കനുസരിച്ച്  ‘ഫെയിം ഇന്ത്യ’ പദ്ധതി പ്രകാരം 127.77 കോടി രൂപയുടെ ആനുകൂല്യങ്ങൾ വിതരണം ചെയ്തിട്ടുണ്ട്. 1,50,550 സങ്കര, വൈദ്യുത വാഹനങ്ങൾക്കാണു പദ്ധതി പ്രകാരമുള്ള ആനൂകൂല്യം ലഭിച്ചത്. സാങ്കേതികവിദ്യ അടിസ്ഥാനമാക്കി ബാറ്ററിയിൽ ഓടുന്ന സ്കൂട്ടറുകൾക്കും മോട്ടോർ സൈക്കിളുകൾക്കും 1,800 മുതൽ 29,000 രൂപ വരെയുള്ള ഇളവുകളാണു ‘ഫെയിം ഇന്ത്യ’ പ്രകാരം ലഭിക്കുക. ത്രിചക്രവാഹനങ്ങൾക്കാവട്ടെ 3,300 രൂപ മുതൽ 61,000 രൂപ വരെയുള്ള ഇളവുകളാണു പദ്ധതി പ്രകാരം ലഭിക്കുക.

നാലു ചക്രവാഹന വിഭാഗത്തിൽ ലഭ്യമാവുന്ന ഇളവ് 13,000 രൂപ മുതൽ 1.38 ലക്ഷം രൂപ വരെയാണ്. ലഘുവാണിജ്യവാഹന വിഭാഗത്തിൽ 17,000 മുതൽ 1.87 ലക്ഷം രൂപ വരെയുള്ള ഇളവുകളും ‘ഫെയിം ഇന്ത്യ’ വാഗ്ദാനം ചെയ്യുന്നുണ്ട്. ബദൽ ഇന്ധനങ്ങളിൽ ഓടുന്ന ബസ്സുകൾക്കും പദ്ധതി പ്രകാരം ഇളവുകൾ ലഭ്യമാണ്.