Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഫോർമുല വൺ ഇന്ത്യയിൽ തിരിച്ചെത്താൻ സാധ്യത

formula-one-logo

ഫോർമുല വൺ കാറോട്ട മത്സരവേദിയായി ഇന്ത്യ തിരിച്ചെത്തിയേക്കും. ഫോർമുല വൺ കലണ്ടറിൽ ഇന്ത്യൻ ഗ്രാൻപ്രി തിരിച്ചെത്താൻ സാധ്യതയുണ്ടെന്നു മത്സര സംഘാടകരായ ലിബർട്ടി മീഡിയ മേധാവിയും ഫോർമുല വൺ ചെയർമാനും ചീഫ് എക്സിക്യൂട്ടീവ് ഓഫിസറുമായ ചേസ് കാരിയാണു സൂചന നൽകിയത്. ആറു വർഷം മുമ്പ് 2011ലായിരുന്നു ആദ്യ ഇന്ത്യൻ ഗ്രാൻപ്രി; ഉത്തർപ്രദേശിലെ ഗ്രേറ്റർ നോയ്ഡയിലെ ബുദ്ധ് ഇന്റർനാഷനൽ സർക്യൂട്ടായിരുന്നു മത്സരവേദി. തുടർന്ന് 2012, 2013 സീസണുകളിലും ഇന്ത്യൻ ഗ്രാൻപ്രി ഫോർമുല വൺ മത്സരവേദിയായി തുടർന്നു. അന്നു റെഡ്ബുള്ളിനൊപ്പമായിരുന്ന ജർമൻ ഡ്രൈവർ സെബാസ്റ്റ്യൻ വെറ്റൽ തന്റെ നാലാം ലോക ചാംപ്യൻഷിപ് ഉറപ്പാക്കിയതും ഇന്ത്യൻ ഗ്രാൻപ്രിയിലായിരുന്നു.

എന്നാൽ നികുതി നിരക്ക് നിർണയം സംബന്ധിച്ചു സർക്കാരുമായുള്ള തർക്കമാണ് ഇന്ത്യൻ ഗ്രാൻപ്രിയുടെ ചിറകരിഞ്ഞത്. രണ്ടു തവണ കൂടി മത്സരം നടത്താൻ റേസ് ട്രാക്ക് ഉടമകളും സംഘാടകരുമായി കരാർ നിലവിലുണ്ടെങ്കിലും ഫോർമുല വൺ പോരാട്ടം പിന്നെ ഇന്ത്യയിൽ തിരിച്ചെത്തിയിട്ടില്ല. അതിനിടെ ഫോർമുല വൺ ചാംപ്യൻഷിപ്പിന്റെ വാണിജ്യാവകാശം ബെർണി എക്ൽസ്റ്റണിൽ നിന്നു യു എസിലെ ലിബർട്ടി മീഡിയയുടെ പക്കലെത്തിയതാണ് ഇന്ത്യൻ ഗ്രാൻപ്രിക്കു പ്രതീക്ഷയാവുന്നത്. വിപണന സാധ്യതയേറിയ ഇന്ത്യ പോലുള്ള രാജ്യത്ത് നാലു വർഷമായി മത്സരമില്ലെന്നത് പോരായ്മയാണെന്നായിരുന്നു പുതിയ എഫ് വൺ മേധാവി ചേസ് കാരിയുടെ വിലയിരുത്തൽ. 

ഇന്ത്യയുടെ സാധ്യത പരിഗണിക്കുമ്പോൾ ഫോർമുല വൺ മത്സരം തിരിച്ചെത്തിക്കാനുള്ള ശ്രമങ്ങൾ നടത്തുമെന്നായിരുന്നു സിംഗപ്പൂർ ഗ്രാൻപ്രിക്കെത്തിയ കാരിയുടെ പ്രതികരണം. വാണിജ്യാവകാശം ലഭിച്ചിട്ട് ഒന്നര വർഷത്തോളമായെങ്കിലും ഇന്ത്യൻ ഗ്രാൻപ്രി സംബന്ധിച്ച വിശദാംശങ്ങൾ പരിശോധിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. അടുത്ത വർഷം 21 മത്സരങ്ങൾ ഉറപ്പാക്കാനാണു സംഘാടകർ ശ്രമിക്കുന്നതെന്നു കാരി വെളിപ്പെടുത്തി. ഇതിൽ അഞ്ചെണ്ണമാവും ഏഷ്യയ്ക്ക് അനുവദിക്കുക. എന്നാൽ കാലങ്ങളായി മത്സരവേദിയാവുന്ന സെപാങ്ങിലെ മലേഷ്യൻ ഗ്രാൻപ്രി അടുത്ത വർഷം ഉണ്ടാവില്ലെന്നാണു സൂചന. ഈ വിടവ് നികത്താനും മലേഷ്യയുടെ അവസരം സ്വന്തമാക്കാനും പല ഏഷ്യൻ രാജ്യങ്ങളും രംഗത്തുണ്ട്. 

അതേസമയം ബുദ്ധ് ഇന്റർനാഷനൽ സർക്യൂട്ട് ഉടമസ്ഥരായ ജേപീ ഗ്രൂപ് നേരിടുന്ന സാമ്പത്തിക പ്രശ്നങ്ങളും ഇന്ത്യയിലെ നികുതി നിർണയവുമായി ബന്ധപ്പെട്ട തർക്കങ്ങളും മാറ്റമില്ലാതെ തുടരുന്ന സാഹചര്യത്തിൽ ഇന്ത്യൻ ഗ്രാൻപ്രിയുടെ മടങ്ങിവരവ് എളുപ്പമാവില്ലെന്നു കരുതുന്നവരുമേറെയാണ്.