Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ദീപാവലിയോടെ ഇന്ധനവില കുറയുമെന്നു പ്രധാൻ

dharmendra-pradhan

ദീപാവലിയോടെ രാജ്യത്തെ ഇന്ധനവില കുറയുമെന്ന് കേന്ദ്ര പെട്രോളിയം, പ്രകൃതി വാതക മന്ത്രി ധർമേന്ദ്ര പ്രധാൻ. അടുത്ത മാസം 18നാണു ദീപാവലി ആഘോഷം. രാജ്യാന്തര വിപണിയിൽ അസംസ്കൃത എണ്ണ വില ഇടിഞ്ഞിട്ടും രാജ്യത്ത് ഇന്ധനങ്ങളുടെ ചില്ലറ വിൽപ്പന വില ഉയർന്നതലത്തിൽ തുടരുന്നത് സർക്കാരിനെതിരെ രൂക്ഷമായ വിമർശനത്തിനു വഴിവച്ചിട്ടുണ്ട്. ദിവസം തോറും ഇന്ധനവില പുതുക്കാൻ പൊതുമേഖല എണ്ണ കമ്പനികൾക്ക് അനുമതി നൽകിയതോടെയാണ് പെട്രോൾ, ഡീസൽ വില നിയന്ത്രണമില്ലാതെ കുതിക്കുന്നതെന്നും ആക്ഷേപമുണ്ട്.

പടരുന്ന വിമർശനത്തിന്റെ പശ്ചാത്തലത്തിലാണ് അടുത്ത മാസം മധ്യത്തോടെ ഇന്ധനവിലയിൽ കുറവുണ്ടാവുമെന്ന വിശദീകരണവുമായി പെട്രോളിയം മന്ത്രി രംഗത്തെത്തിയിരിക്കുന്നത്. പ്രളയത്തെ തുടർന്നു യു എസിലെ എണ്ണ ഉൽപ്പാദനം 13% ഇടിഞ്ഞതാണ് റിഫൈനറി ഓയിൽ വില ഉയരാൻ കാരണമെന്നും മന്ത്രി അവകാശപ്പെട്ടു. പെട്രോളിയം, പ്രകൃതിവാതക മന്ത്രാലയത്തിൽ മികച്ച പ്രകടനം കാഴ്ചവച്ചതിന്റെ അടിസ്ഥാനത്തിൽ ധർമേന്ദ്ര പ്രധാനെ സഹമന്ത്രി സ്ഥാനത്തു നിന്ന് അടുത്തയിടെ കാബിനറ്റ് പദവിയിലേക്ക് ഉയർത്തിയിരുന്നു. ഒപ്പം ശേഷി വികസന, സംരംഭകത്വ മന്ത്രാലയത്തിന്റെ അധിക ചുമതലയും നൽകി. 

ഇന്ധനങ്ങൾക്ക് അമിത വില ഈടാക്കി പൊതുമേഖല എണ്ണ കമ്പനികൾ ലാഭം കൊയ്യുന്നെന്ന ആരോപണവും അദ്ദേഹം നിഷേധിച്ചു. കമ്പനികളുടെ ഉടമസ്ഥാവകാശം സർക്കാരിനായതിനാൽ കാര്യങ്ങളൊക്കെ സുതാര്യവും വ്യക്തവുമാണെന്നായിരുന്നു പ്രധാന്റെ നിലപാട്. അമിതലാഭമെടുക്കുന്നെന്ന ആക്ഷേപം അടിസ്ഥാനരഹിതമാണെന്നു കമ്പനികളുടെ കണക്കുകളും രേഖകളുമൊക്കെ പരിശോധിച്ചാൽ വ്യക്തമാവുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഇന്ധന വിലയും ചരക്ക്, സേവന നികുതി(ജി എസ് ടി)യുടെ പരിധിയിൽ പെടുത്തണമെന്ന മുൻനിലപാടും ധർമേന്ദ്ര പ്രധാൻ ആവർത്തിച്ചു. പെട്രോളും ഡീസലുമൊക്കെ ജി എസ് ടി പരിധിയിൽ വന്നാൽ നികുതി പരിഷ്കാരത്തിന്റെ നേട്ടങ്ങൾ ഉപയോക്താക്കൾക്കു ലഭ്യമാവുമെന്നും അദ്ദേഹം വിശദീകരിച്ചു.