Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഓട്ടോ എക്സ്പോ 2018 ഫെബ്രുവരിയിൽ

Auto Expo 2018 Auto Expo 2018

രാജ്യത്തെ ഏറ്റവും വലിയ വാഹന പ്രദർശനമായ ഓട്ടോ എക്സ്പോയ്ക്ക് ഫെബ്രുവരി രണ്ടാം വാരം അരങ്ങുണരും. ഉത്തർ പ്രദേശിലെ ഗ്രേറ്റർ നോയ്ഡയിലുള്ള ഇന്ത്യ എക്സ്പോ മാർട്ടാണ് 2018 ഫെബ്രുവരി ഒൻപതു മുതൽ 14 വരെ നീളുന്ന ഓട്ടോ എക്സ്പോയ്ക്ക് വേദിയാവുക. അതേസമയം വാഹനഘടക നിർമാതാക്കൾ പങ്കെടുക്കുന്ന കംപോണന്റ്സ് ഷോ ഫെബ്രുവരി എട്ടു മുതൽ 11 വരെ ന്യൂഡൽഹിയിലെ പ്രഗതി മൈതാനത്തു നടക്കും. 

വാഹന പ്രേമികളുടെ സൗകര്യാർഥം ഇക്കുറി ഓട്ടോ എക്സ്പോയുടെ സമയക്രമം ഒരു ദിവസം ദീർഘിപ്പിച്ചിട്ടുണ്ട്. സന്ദർശകരുടെ എണ്ണത്തിലെ വർധന പരിഗണിച്ചാണ് ഈ തീരുമാനമെന്നു സംഘാടകരായ ഇന്ത്യൻ വാഹന നിർമാതാക്കളുടെ സൊസൈറ്റി(സയാം)യും കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രി(സി ഐ ഐ)യും ഓട്ടമോട്ടീവ് കംപോണന്റ് മാനുഫാക്ചറേഴ്സ് അസോസിയേഷൻ ഓഫ് ഇന്ത്യ(എ സി എം എ)യും അറിയിച്ചു. ‘കോ ക്രിയേറ്റ്, കോ എക്സിസ്റ്റ് ആൻഡ് സെലിബ്രേറ്റ്’ എന്നതാണ് വരുന്ന ഓട്ടോ എക്സ്പോയുടെ പ്രമേയമെന്നും ‘സയാം’ ഡയറക്ടർ ജനറൽ വിഷ്ണു മാഥുർ വെളിപ്പെടുത്തി.

മൊത്തം 1.85 ലക്ഷം ചതുരശ്ര മീറ്റർ വിസ്തൃതിയാലണ് ഓട്ടോ എക്സ്പോ അരങ്ങേറുക; 14 പ്രദർശന ഹാളുകളിലായി രാജ്യത്തെ പ്രമുഖ വാഹന നിർമാതാക്കളുടെയെല്ലാം സാന്നിധ്യം പ്രതീക്ഷിക്കാം. പുത്തൻ മോഡൽ അവതരണങ്ങൾക്കൊപ്പം ഭാവി മോഡൽ മാതൃകകളുടെ പ്രദർശനവും ഓട്ടോ എക്സ്പോയുടെ സവിശേഷതയാവും. കൂടാതെ വിന്റേജ് കാറുകളും സൂപ്പർ കാറുകളുമൊക്കെ പ്രദർശിപ്പിക്കുന്ന പ്രത്യേക വിഭാഗവുമുണ്ടാകും. സന്ദർശകർക്കായി ഇന്നൊവേഷൻ സോൺ, ഡസ്റ്റിനേഷൻ സോൺ, സ്മാർട് മൊബിലിറ്റി സോൺ, കോംപറ്റീഷൻ സോൺ തുടങ്ങിയ പ്രത്യേക മേഖലകളും ഇത്തവണ സജ്ജീകരിക്കുന്നുണ്ട്.