Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഡീസൽ തോറ്റു; പെട്രോൾ ജയിച്ചു

Petrol v/s Diesel

ഡീസലിനെതിരായി യൂറോപ്പിലുണ്ടായിക്കൊണ്ടിരിക്കുന്ന നീക്കങ്ങൾ ഫലം കണ്ടു. ഇക്കൊല്ലം ആദ്യ ആറുമാസം ഡീസൽ കാറുകളെക്കാൾ പെട്രോൾ കാറുകൾ വിറ്റഴിഞ്ഞു. 2009നു ശേഷം ആദ്യമായാണ് ഈ നില. 2016ലെ ആദ്യ ആറുമാസത്തെ വിൽപനയെക്കാൾ 10% കൂടുതൽ പെട്രോൾ കാറുകൾ ഇക്കുറി വിറ്റുപോയി. ഡീസൽ കാറുകളുടെ വിൽപനയാകട്ടെ, 4% കുറയുകയും ചെയ്തു.മൊത്തം കാർ വിൽപനയിൽ 48.5% പെട്രോൾ കാറുകളും 46.3% ഡീസൽ കാറുകളുമാണ് ഇക്കുറി. 2016 ആദ്യപകുതിയിൽ  ഡീസൽ 50.2%,  പെട്രോൾ 45.8% എന്നിങ്ങനെയായിരുന്നു.

ഡീസൽ കാറുകൾ താരതമ്യേന കൂടുതൽ മലിനീകരണം ഉണ്ടാക്കുന്നു എന്നു പണ്ടുമുതലേ അറിയാമെങ്കിലും, അവ ലബോറട്ടറി പരിശോധനകളിൽ കാണുന്നതിനെക്കാൾ കൂടുതൽ മലിനീകരണം ശരിയായ റോഡ് സാഹചര്യങ്ങളിൽ ഉണ്ടാക്കുന്നു എന്നതാണ് ഈയിടെ യൂറോപ്പിൽ ഡീസൽനിയന്ത്രണം കർശനമാകാൻ കാരണം.ഫോക്സ്‌വാഗൺ കാറുകളിൽ പ്രത്യേക സോഫ്റ്റ്‌വെയർ ഘടിപ്പിച്ച്, ലബോറട്ടറി പരിശോധനകളിൽ മലിനീകരണത്തോത് കുറച്ചുകാട്ടുന്നതായി 2015ൽ കണ്ടെത്തിയതോടെയാണ് ഡീസലിനു ദുർദശ ആരംഭിച്ചത്. 2015 ആകുമ്പോഴേക്ക് ഡീസൽ കാറുകൾക്കു നിരോധനം ഏർപ്പെടുത്താൻ പാരിസ് അടക്കം പല നഗരങ്ങളും തീരുമാനിച്ചിട്ടുണ്ട്. കൂടുതൽ നഗരങ്ങളോ രാജ്യങ്ങളോ തന്നെ ഡീസൽ നിരോധനത്തിലേക്കു നീങ്ങുമോ എന്ന ആശങ്കയും വാഹനവ്യവസായലോകത്തുണ്ട്.

അതേസമയം, ഡീസലിനോടുള്ള എതിർപ്പ് പെട്രോൾ കാറുകൾക്കു പ്രോൽസാഹനമാകുന്നത് മലിനീകരണം കുറയാൻ സഹായിക്കില്ലെന്ന് വാഹനനിർമാതാക്കൾ പറയുന്നു. വൈദ്യുത വാഹനങ്ങളും സങ്കര ഇന്ധന വാഹനങ്ങളും പ്രോൽസാഹിപ്പിക്കുകയാണു വേണ്ടത്. 2016 ആദ്യ ആറുമാസത്തെ അപേക്ഷിച്ച് 58% വർധന സങ്കര ഇന്ധന (വൈദ്യുതി+ പെട്രോൾ) കാറുകളുടെ വിൽപനയിലുണ്ട.് 37% വർധന വൈദ്യുത കാറുകളുടെ കാര്യത്തിലും. എന്നാൽ ഇവയുടെ എണ്ണമെടുത്താൽൽ മൊത്തം കാർ വിൽപനയുടെ 3.9 ശതമാനമേ വരൂ. ഉപയോക്താക്കൾക്കു ഇൻസെന്റീവ് കൊടുത്തും കൂടുതൽ ചാർജിങ് സ്റ്റേഷനുകൾ ഏർപ്പെടുത്തിയുമേ വിൽപന ഉയർത്താനാവൂ എന്നാണു നിർമാതാക്കളുടെ പക്ഷം. ഇന്ത്യയും ചൈനയുമടക്കമുള്ള വലിയ കാർ വിപണികൾക്കൊക്കെ ദിശാസൂചിയാണ് യൂറോപ്പിന്റെ പോക്ക്.