Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഉത്സവകാല വിൽപ്പന: 10 ലക്ഷമായെന്നു ഹീറോ

Hero MotoCorp

നവരാത്രി, ദീപാവലി ആഘോഷത്തിന്റെ ആദ്യ നാളുകളിൽ തന്നെ വിൽപ്പന 10 ലക്ഷം യൂണിറ്റ് പിന്നിട്ടെന്നു ഹീറോ മോട്ടോ കോർപ്. ദീപാവലി ആഘോഷം പൂർത്തിയാവാൻ മൂന്നാഴ്ചയോളം ബാക്കി നിൽക്കെയാണ് ഉത്സവകാല വിൽപ്പനയിൽ കമ്പനി ഈ തകർപ്പൻ നേട്ടം സ്വന്തമാക്കിയതെന്നും രാജ്യത്തെ ഏറ്റവും വലിയ ഇരുചക്രവാഹന നിർമാതാക്കളായ ഹീറോ മോട്ടോ കോർപ് അവകാശപ്പെടുന്നു.

ഉത്സവകാല വിൽപ്പനയ്ക്ക് ഇടപാടുകർ തകർപ്പൻ വരവേൽപ്പാണു നൽകിയതെന്നാണു ഹീറോയുടെ വിലയിരുത്തൽ. ഉത്സവാഘോഷം ആരംഭിച്ച് ആദ്യ ദിനങ്ങളിൽ തന്നെ വിൽപ്പന 10 ലക്ഷം യൂണിറ്റ് പിന്നിട്ടു. വിവിധ മോഡലുകൾക്കു മേഖല തിരിച്ചുള്ള വിപണന തന്ത്രങ്ങൾ തയാറാക്കിയതാണ് ഉത്സവകാല വിൽപ്പനയിൽ ഗുണകരമായതെന്നു ഹീറോ മോട്ടോ കോർപ് കരുതുന്നു. ഉപഭോക്തൃ വിഭാഗങ്ങളെ തിരിച്ചറിഞ്ഞ് അവരുമായി സംവദിക്കാനുള്ള വിശദ രൂപരേഖയും തയാറാക്കിയിരുന്നു.

ഇന്ത്യ ആതിഥ്യമരുളുന്ന ഫിഫ അണ്ടർ 17 ലോകകപ്പ് ഫുട്ബോൾ മത്സരങ്ങളുമായി ബന്ധപ്പെട്ടു കമ്പനി തയാറാക്കിയ വിപണന തന്ത്രങ്ങളെയും ഉത്സവകാല പ്രചാരണവുമായി ബന്ധിപ്പിച്ചിരുന്നു ഫിഫ ടൂർണമെന്റിന്റെ ദേശീയ പങ്കാളിയാവാൻ ഈ വർഷം ആദ്യമാണു ഹീറോ മോട്ടോ കോർപ് തീരുമാനിച്ചത്. തുടർന്നു ലോകകപ്പ് ഫുട്ബോളുമായി ബന്ധപ്പെട്ട് അച്ചടി, ടെലിവിഷൻ, ഡിജിറ്റൽ, സാമൂഹിക മാധ്യമ മേഖലകളിൽ വിപുലമായ പരസ്യപ്രചാരണത്തിനും കമ്പനി നടപടി സ്വീകരിച്ചു.

കേരളത്തിലെ ഓണക്കാലത്തും മഹാരാഷ്രയിൽ ഗണേശ് ചതുർഥി സമയത്തും മികച്ച വിൽപ്പന കൈവരിക്കാൻ കഴിഞ്ഞതായി ഹീറോ നേരത്തെ അവകാശപ്പെട്ടിരുന്നു.  മഹാരാഷ്ട്രയിലെ വിനായക ചതുർഥികാല  വിൽപ്പനയിൽ 25% വർധനയാണു കമ്പനി കൈവരിച്ചത്; മുംബൈ, പുണെ, നാഗ്പൂർ, കോലാപ്പൂർ, സോലാപ്പൂർ, ഔറംഗബാദ് നഗരങ്ങളിലെല്ലാം മികച്ച പ്രകടനം കാഴ്ചവയ്ക്കാൻ സാധിച്ചെന്നും ഹീറോ മോട്ടോ കോർപ് വ്യക്തമാക്കി. 

ഓണവും ഗണേശ് ചതുർഥിയുമെല്ലാം ചേർന്നതോടെ ഓഗസ്റ്റിൽ റെക്കോഡ് വിൽപ്പന നേടാനും ഹീറോയ്ക്കു കഴിഞ്ഞു; 6.78 ലക്ഷം യൂണിറ്റ് വിൽപ്പനയോടെയാണു കമ്പനി പ്രതിമാസ വിൽപ്പനയിൽ പുതിയ ചരിത്രം സൃഷ്ടിച്ചത്. പോരെങ്കിൽ കമ്പനിയുടെ ഇതുവരെയുള്ള മൊത്തം വിൽപ്പന ഏഴര കോടി യൂണിറ്റ് പിന്നിട്ടതായും ഹീറോ മോട്ടോ കോർപ് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. 2020ൽ മൊത്തം വിൽപ്പന 10 കോടിയിലെത്തിക്കാനാണു കമ്പനി ലക്ഷ്യമിട്ടിരിക്കുന്നത്.