Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സർക്കാരിനു വൈദ്യുത കാർ: പങ്ക് മഹീന്ദ്രയ്ക്കും

e-verito

കേന്ദ്ര സർക്കാർ സ്ഥാപനങ്ങളുടെ ഉപയോഗത്തിനായി വൈദ്യുത കാർ വാങ്ങാനുള്ള ടെൻഡറിന്റെ ആദ്യഘട്ട നടപടികൾ ഊർജ മന്ത്രാലയത്തിനു കീഴിലെ എനർജി എഫിഷ്യൻസി സർവീസസ് ലിമിറ്റഡ്(ഇ ഇ എസ് എൽ) പൂർത്തിയാക്കി. ഏറ്റവും കുറഞ്ഞ വില വാഗ്ദാനം ചെയ്ത ടാറ്റ മോട്ടോഴ്സിനൊപ്പം രണ്ടാം സ്ഥാനത്തെത്തിയ മഹീന്ദ്ര ആൻഡ് മഹീന്ദ്രയും ചേർന്നാവും ആദ്യ ഘട്ടത്തിൽ നിശ്ചയിച്ച കാറുകൾ ലഭ്യമാക്കുക. ടാറ്റ മോട്ടോഴ്സ് വാഗ്ദാനം ചെയ്ത വിലയ്ക്കു വാഹനം നൽകാമെന്നു സമ്മതിച്ചതോടെ മഹീന്ദ്രയിൽ നിന്ന് 150 വൈദ്യുത കാറുകളാണ് ഇ ഇ എസ് എൽ വാങ്ങുക. ആദ്യ ഘട്ടത്തിൽ 250 വൈദ്യുത ‘ടിഗൊർ’ നൽകാമെന്നായിരുന്നു ടാറ്റയുടെ വാഗ്ദാനം. 

മൊത്തം 10,000 വൈദ്യുത കാറുകൾ വാങ്ങാനാണ് ഇ ഇ എസ് എൽ നടപടി ആരംഭിച്ചത്; വൈദ്യുത കാർ വാങ്ങലിനായി ആഗോളതലത്തിൽ തന്നെ നടത്തുന്ന ഏറ്റവും വലിയ ടെൻഡറുമാണിത്. ഒന്നാം ഘട്ടത്തിലെ വാഹനങ്ങൾ നവംബർ 30നകം ഇ ഇ എസ് എല്ലിനു കൈമാറണമെന്നാണു വ്യവസ്ഥ. ഒന്നാം ഘട്ട ഡലിവറി പൂർത്തിയായ ശേഷമാവും അവശേഷിക്കുന്ന 9,500 വാഹനങ്ങൾ ലഭ്യമാക്കാനുള്ള നടപടിക്രമം ആരംഭിക്കുക. ആദ്യഘട്ടത്തിലെന്ന പോലെ രണ്ടാം ഘട്ടത്തിലെ വാഹനങ്ങൾ ലഭ്യമാക്കാനും മഹീന്ദ്രയ്ക്ക് അവസരം ലഭിക്കും.  ടെൻഡർ വിജയിച്ച ടാറ്റ മോട്ടോഴ്സ് 60% വാഹനങ്ങളും രണ്ടാമതെത്തിയ മഹീന്ദ്ര 40% വാഹനങ്ങളുമാവും ലഭ്യമാക്കുക. 

മലിനീകരണ വിമുക്തമായ ഗതാഗത സംവിധാനങ്ങൾ പ്രോത്സാഹിപ്പിക്കാൻ സർക്കാരിനുള്ള താൽപര്യം വ്യക്തമാക്കാൻ ലക്ഷ്യമിട്ടാണു വൈദ്യുത കാർ വാങ്ങാനുള്ള ടെൻഡർ നടപടി ആരംഭിച്ചതെന്ന് ഇ ഇ എസ് എൽ മാനേജിങ് ഡയറക്ടർ സൗരഭ് കുമാർ വെളിപ്പെടുത്തി. ‘മെയ്ക്ക് ഇൻ ഇന്ത്യ’ സിദ്ധാന്തത്തിനു പിൻബലമേകി ഇന്ത്യൻ കമ്പനികളായ ടാറ്റ മോട്ടോഴ്സും മഹീന്ദ്ര ആൻഡ് മഹീന്ദ്രയും ഈ ടെൻഡറിൽ മുൻനിരയിലെത്തിയത് ആഹ്ലാദകരമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.