Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

2019നകം മഹീന്ദ്രയുടെ 2 വൈദ്യുത വാഹനം കൂടി

Mahindra E2O

രണ്ടു വർഷത്തിനകം രണ്ടു പുതിയ വൈദ്യുത വാഹനങ്ങൾ കൂടി പുറത്തിറക്കുമെന്നു മഹീന്ദ്ര ആൻഡ് മഹീന്ദ്ര(എം ആൻഡ് എം). 2019 മധ്യത്തോടെ വിൽപ്പനയ്ക്കെത്തുമെന്നു കരുതുന്ന മോഡലുകൾ വികസന ഘട്ടത്തിലാണെന്നും കമ്പനി അറിയിച്ചു. നിലവിൽ ‘ഇ വെരിറ്റൊ’, ‘ഇ ടു ഒ പ്ലസ്’, ‘ഇ സുപ്രൊ’ എന്നിവയാണു മഹീന്ദ്രയുടെ വൈദ്യുത വാഹന ശ്രേണിയിലുള്ളത്. 

വികസനഘട്ടത്തിലുള്ള വൈദ്യുത വാഹന മോഡലുകളിൽ ആദ്യത്തേത് അടുത്ത വർഷം അവസാനത്തോടെ പുറത്തിറക്കാനാവുമെന്നാണു പ്രതീക്ഷയെന്ന് എം ആൻഡ് എം മാനേജിങ് ഡയറക്ടർ പവൻ ഗോയങ്ക വെളിപ്പെടുത്തി. 2019 മധ്യത്തോടെ രണ്ടാമത്തെ വൈദ്യുത വാഹനവും വിൽപ്പനയ്ക്കത്തും. എന്നാൽ പുതിയ വൈദ്യുത വാഹനങ്ങളുടെ വിശദാംശങ്ങൾ പങ്കുവയ്ക്കാൻ ഗോയങ്ക സന്നദ്ധനായില്ല.

വൈദ്യുത വാഹന ശ്രേണി വികസിപ്പിക്കാനും ഇത്തരം വാഹനങ്ങളുടെ ഉൽപ്പാദനം ഉയർത്താനുമായി അടുത്ത രണ്ടു മൂന്നു വർഷത്തിനുള്ളിൽ 600 കോടി രൂപയുടെ നിക്ഷേപമാണു മഹീന്ദ്ര ലക്ഷ്യമിടുന്നത്. പുതിയ സാങ്കേതികവിദ്യകളുടെ വികസനത്തിനും ബാറ്ററി ഘടക നിർമാണത്തിനുള്ള അടിസ്ഥാന സൗകര്യം വികസിപ്പിക്കാനുമൊക്കെ മഹീന്ദ്ര ഈ നിക്ഷേപം വിനിയോഗിക്കും. ഇതോടൊപ്പം വൈദ്യുത വാഹനങ്ങളുടെ പ്രതിമാസ ഉൽപ്പാദനം നിലവിലുള്ള 500 യൂണിറ്റിൽ നിന്ന് 5,000 യൂണിറ്റായി ഉയർത്താനാണു മഹീന്ദ്രയുടെ പദ്ധതി.

കൂടാതെ പവർ ഇലക്ട്രോണിക്സ്, മോട്ടോർ മേഖലകളിൽ സംയുക്ത സംരംഭത്തിനുള്ള സാധ്യതയും മഹീന്ദ്ര തേടുന്നുണ്ട്. ഇതുവരെ 500 കോടിയോളം രൂപ കമ്പനി വൈദ്യുത വാഹന മേഖലയിൽ നിക്ഷേപിച്ചു കഴിഞ്ഞെന്നു ഗോയങ്ക അറിയിച്ചു. ഇതിനു പുറമെയാണ് വരുംവർഷങ്ങളിൽ 600 കോടി രൂപ കൂടി മുടക്കാൻ കമ്പനി തയാറെടുക്കുന്നത്.  അതേസമയം ബാറ്ററി നിർമാണ മേഖലയിലേക്ക് ഉടനെ പ്രവേശിക്കാൻ മഹീന്ദ്രയ്ക്കു പദ്ധതിയില്ലെന്നും ഗോയങ്ക വ്യക്തമാക്കി. പകരം മൊഡ്യൂൾ, മറ്റു ബാറ്ററി ഘടകങ്ങൾ തുടങ്ങിയ വിഭാഗങ്ങളിൽ ശ്രദ്ധയൂന്നാനാണു കമ്പനിയുടെ തീരുമാനം.