Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ടയർ ഉൽപ്പാദനം ഇരട്ടിയാക്കാൻ മിഷെലിൻ ഇന്ത്യ

michelin-logo

ഇന്ത്യയിലെ ഉൽപ്പാദന ശേഷി അടുത്ത വർഷത്തോടെ ഇരട്ടിയായി ഉയർത്താൻ ഫ്രഞ്ച് ടയർ നിർമാതാക്കളായ മിഷെലിൻ ഒരുങ്ങുന്നു. ചെന്നൈയിലെ ശാലയിൽ ട്രക്ക് നിർമാണത്തിനുള്ള പുതിയ പ്രൊഡക്ഷൻ ലൈൻ പ്രവർത്തനവും ആരംഭിച്ചു. സ്ഥിരമായ വളർച്ചയാണ് ഇന്ത്യൻ വിപണി കാഴ്ചവയ്ക്കുന്നതെന്ന് മിഷെനിൻ ഗ്രൂപ് ചീഫ് എക്സിക്യൂട്ടീവ് ഓഫിസർ ജീൻ ഡൊമിനിക് സെനാർഡ് അഭിപ്രായപ്പെട്ടു. അതുകൊണ്ടുതന്നെ കമ്പനിയെ സംബന്ധിച്ചിടത്തോളം ഇന്ത്യ തന്ത്രപ്രധാന വിപണിയാണെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം പുതിയ പ്രൊഡക്ഷൻ ലൈൻ സ്ഥാപിച്ച് ചെന്നൈയിലെ ഉൽപ്പാദനശേഷി ഉയർത്താനുള്ള മൂലധന നിക്ഷേപം എത്രയാവുമെന്നു വെളിപ്പെടുത്താൻ അദ്ദേഹം വിസമ്മതിച്ചു. ശാലയ്ക്കും ഗവേഷണ, വികസന കേന്ദ്രത്തിനുമായി മൊത്തം 3,500 കോടിയോളം രൂപയാണു മിഷെലിൻ ഇതു വരെ നിക്ഷേപിച്ചത്. അടുത്ത വർഷത്തോടെ ഇന്ത്യൻ ശാലയുടെ വാർഷിക ശേഷി 30,000 ടണ്ണായിട്ടാണ് ഉയർത്തുകയെന്നു കമ്പനി എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ്(ട്രക്സ് ആൻഡ് ബസ് ടയേഴ്സ്) സെർജി ലഫോൺ അറിയിച്ചു. വാഹന നിർമാതാക്കളുടെയും റീപ്ലേസ്മെന്റ് വിപണിയുടെയും വർധിച്ചു വരുന്ന ആവശ്യം നിറവേറ്റാൻ ലക്ഷ്യമിട്ടാണു ശാല വിപുലീകരണം നടപ്പാക്കുന്നത്. 

വാണിജ്യ വാഹനങ്ങൾക്കുള്ള റേഡിയൽ ടയറുകൾ ലഭ്യമാക്കാൻ മിഷെലിനും അശോക് ലേയ്ലൻഡുമായി കരാർ ഒപ്പുവച്ചിരുന്നു. ഇടത്തരം, ദീർഘദൂര വാണിജ്യ വാഹനമായ ‘ക്യാപ്റ്റൻ 3718 പ്ലസ്’ ശ്രേണിക്കുള്ള ടയറുകളാണ് അശോക് ലേയ്ലൻഡ് മിഷെലിനിൽ നിന്നു വാങ്ങുക. ടയറുകൾക്കുള്ള ടയറുകൾ മാത്രമാണ് മിഷെലിന്റെ ഇന്ത്യൻ ശാല നിർമിക്കുന്നത്. ഇരുചക്രവാഹനങ്ങൾക്കുള്ള ടയറുകൾ ടി വി എസ് ഗ്രൂപ് കമ്പനിയാണു മിഷെലിൻ ഇന്ത്യയ്ക്കു നിർമിച്ചു നൽകുന്നത്. കാറുകൾക്കും മറ്റു യാത്രാവാഹനങ്ങൾക്കുമുള്ള ടയറുകൾ മിഷെലിൻ ഇറക്കുമതി ചെയ്താണ് ഇന്ത്യയിൽ വിൽക്കുന്നത്. വാണിജ്യ വാഹനങ്ങൾക്കുള്ള ടയർ ശ്രേണി വിപുലീകരിക്കുമ്പോഴും ഇരുചക്രവാഹനങ്ങൾക്കുള്ള ടയറുകൾ പുറത്തു നിന്ന് സമാഹരിക്കുന്ന രീതി തുടരാനാണു മിഷെലിന്റെ പദ്ധതി.