Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കാവസാക്കിയുടെ പുതിയ ഷോറൂം കോഴിക്കോട്

kawasaki-logo

ജാപ്പനീസ് ഇരുചക്രവാഹന നിർമാതാക്കളായ കാവസാക്കി കോഴിക്കോട്ടടക്കം രാജ്യത്ത് 10 പുതിയ പുതിയ ഡീലർഷിപ്പുകൾ തുറക്കുന്നു. കോഴിക്കോടിനു പുറമെ കോലാപ്പൂർ, നാഗ്പൂർ, വിശാഖപട്ടണം, മംഗളൂരു, കൊൽക്കത്ത, ഡെറാഡൂൺ, ഭുവനേശ്വർ, ലുധിയാന, ഗോവ നഗരങ്ങളിലാണു കാവസാക്കി പുതിയ വിൽപ്പന കേന്ദ്രങ്ങൾ ആരംഭിക്കുക. ഇക്കൊല്ലം അവസാനത്തോടെ പുതിയ ഡീലർഷിപ്പുകൾ പ്രവർത്തനക്ഷമമാവുമെന്നാണു കാവസാക്കിയുടെ പ്രതീക്ഷ; നിലവിൽ കൊച്ചിയിലെ കളമശേരിയിലടക്കം 12 വിൽപ്പന കേന്ദ്രങ്ങളാണു കമ്പനിക്കുള്ളത്. കോഴിക്കോട്ട് കൊളത്തറ ചെറുവണ്ണൂരിൽ എ എച്ച് റോഡിലാണു കാവസാക്കിയുടെ ഡീലർഷിപ് ഒരുങ്ങുന്നത്. 

ബജാജ് ഓട്ടോ ലിമിറ്റഡുമായുള്ള പങ്കാളിത്തത്തിലാണ് എട്ടു വർഷത്തോളം കാവസാക്കി ഇന്ത്യയിൽ ബൈക്കുകൾ വിറ്റുപോന്നത്. എന്നാൽ കഴിഞ്ഞ ഏപ്രിൽ ഒന്നിനു ബജാജുമായുള്ള സഖ്യം ഉപേക്ഷിച്ചു കാവസാക്കി ഇന്ത്യ സ്വതന്ത്ര നിലയിൽ പ്രവർത്തനം തുടങ്ങുകയായിരുന്നു. പുണെയ്ക്കടുത്തു ചക്കനിൽ കമ്പനി സ്വന്തം നിർമാണശാലയും സ്ഥാപിച്ചു. തുടർന്നു ഡൽഹി, മുംബൈ, ചെന്നൈ, പുണെ, ബെംഗളൂരു, ഹൈദരബാദ്, അഹമ്മദബാദ്, കോയമ്പത്തൂർ തുടങ്ങിയ പ്രധാന നഗരങ്ങളിലായി 12 ഡീലർഷിപ്പുകളും പ്രവർത്തനക്ഷമമാക്കി. എന്നാൽ ഇന്ത്യ പോലൊരു വലിയ രാജ്യത്ത് 12 ഷോറൂമുകൾ പര്യാപ്തമല്ലെന്ന തിരിച്ചറിവിലാണു കാവസാക്കി 10 പുതിയ ഡീലർഷിപ്പുകൾ കൂടി തുറക്കാൻ ഒരുങ്ങുന്നത്.

ഡീലർഷിപ്പുകളുടെ ഔപചാരിക ഉദ്ഘാടനത്തിനു മുമ്പു തന്നെ ബുക്കിങ് സ്വീകരിക്കുകയും വാഹന വിൽപ്പന തുടങ്ങുകയും ചെയ്യുന്നതാണു കാവസാക്കി ഇന്ത്യയുടെ രീതി. അതുകൊണ്ടുതന്നെ പൂർണതോതിലുള്ള വിൽപ്പനാന്തര സേവനം സജ്ജമാവുംമുമ്പു തന്നെ ഇടപാടുകാർക്കു പുത്തൻ ബൈക്ുകൾ സ്വന്തമാക്കാനാവും. നിലവിലുള്ള ഡീലർഷിപ്പുകളിൽ എട്ടിടത്ത് മൊബൈൽ സർവീസ് വാൻ മുഖേനയും സർവീസ് സൗകര്യം ലഭ്യമാക്കിയിട്ടുണ്ട്. ‘സീ 900 പരിമിതകാല പതിപ്പ്’ ആണു കാവസാക്കി ഇന്ത്യ ശ്രേണിയിലെ പുതുമുഖം; സാങ്കേതികമായി മാറ്റമില്ലെങ്കിലും പുത്തൻ നിറക്കൂട്ടാണു ബൈക്കിന്റെ ആകർഷണം.