Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇന്ത്യയിലെ ഹോണ്ട ‘സിറ്റി’ വിൽപ്പന 7 ലക്ഷത്തിൽ

new-honda-city-1

ഇടത്തരം സെഡാനായ ‘സിറ്റി’യുടെ ഇന്ത്യയിലെ ഇതുവരെയുള്ള മൊത്തം വിൽപ്പന ഏഴു ലക്ഷം യൂണിറ്റ് പിന്നിട്ടതായി ജാപ്പനീസ് കാർ നിർമാതാക്കളായ ഹോണ്ട. 1998 ജനുവരിയിലാണ് ഹോണ്ടയുടെ ഉപസ്ഥാപനമായ ഹോണ്ട കാഴ്സ് ഇന്ത്യ ലിമിറ്റഡ്(എച്ച് സി ഐ എൽ) ആഭ്യന്തര വിപണിയിൽ ‘സിറ്റി’ വിൽപ്പനയ്ക്കു തുടക്കമിട്ടത്. നിലവിൽ ‘സിറ്റി’യുടെ മൊത്തം വിൽപ്പനയിൽ 25 ശതമാനത്തിലേറെ ഇന്ത്യയുടെ സംഭാവനയെന്നും ഹോണ്ട വ്യക്തമാക്കി.

ഇന്ത്യയിൽ കമ്പനിക്ക് ഏറ്റവും വിൽപ്പന നേടിക്കൊടുക്കുന്നതു ‘സിറ്റി’യാണെന്ന് എച്ച് സി ഐ എൽ പ്രസിഡന്റും ചീഫ് എക്സിക്യൂട്ടീവ് ഓഫിസറുമായ യോയ്ചിരൊ ഊനൊ അറിയിച്ചു. ഇന്ത്യൻ വിപണിയിൽ ഏഴു ലക്ഷം യൂണിറ്റ് വിൽപ്പനയെന്ന നേട്ടം കൈവരിക്കുന്ന ആദ്യ പ്രീമിയം സെഡാനുമാണ് ‘സിറ്റി’യെന്ന് അദ്ദേഹം അവകാശപ്പെട്ടു. നാലു തലമുറകളായി തുടരുന്ന ശക്തമായ പാരമ്പര്യത്തിന്റെ പിൻബലത്തിൽ ഉപയോക്താക്കളുടെ മാറുന്ന അഭിരുചികളോട് നീതി പുലർത്താൻ ‘സിറ്റി’ക്കു സാധിച്ചിട്ടുണ്ടെന്നും ഊനൊ വിലയിരുത്തി.

ആഗോളതലത്തിൽ അറുപതോളം രാജ്യങ്ങളിലാണു ഹോണ്ട ‘സിറ്റി’ വിൽപ്പനയ്ക്കുള്ളത്. പെട്രോൾ, ഡീസൽ എൻജിനുകളുമായി മാനുവൽ ട്രാൻസ്മിഷനോടെയും പെട്രോളിനൊപ്പം ആധുനിക സി വി ടി ഗീയർബോക്സ് സഹിതവും വിൽപ്പനയ്ക്കുള്ള ‘സിറ്റി’യുടെ നാളിതുവരെയുള്ള മൊത്തം വിൽപ്പനയാവട്ടെ 36 ലക്ഷം യൂണിറ്റിലേറെയാണ്.

‘സിറ്റി’യുടെ വ്യത്യസ്ത തലമുറകൾ ഇന്ത്യയിൽ കൈവരിച്ച വിൽപ്പന:

honda-city

ഇതുവരെയുള്ള മൊത്തം വിൽപ്പന

ഏഴു ലക്ഷം

എൻജിൻ

ആദ്യ തലമുറ (1998 — 2003)

59,378

പെട്രോൾ

രണ്ടാം തലമുറ (2003 — 2008)

177,742

പെട്രോൾ

മൂന്നാം തലമുറ (2008 — 2013)

192,939

പെട്രോൾ

നാലാം തലമുറ (2014 മുതൽ)

269,941

പെട്രോൾ/ഡീസൽ

കീ രഹിത എൻട്രി, ഇലക്ട്രിക് സൺറൂഫ്, സ്റ്റീയറിങ്ങിൽ ഘടിപ്പിച്ച ഓഡിയോ, ബ്ലൂടൂത്ത് ഹാൻഡ്സ്ഫ്രീ, ‘ഡിജിപാഡ്’ എന്നു പേരിട്ട 17.7 സെന്റിമീറ്റർ ടച്സ്ക്രീൻ ഇൻഫൊടെയ്ൻമെന്റ് സംവിധാനം, റിവേഴ്സ് കാമറ — പാർക്കിങ് സെൻസർ, ക്രൂസ് കൺട്രോൾ, ഓട്ടമാറ്റിക് എയർ കണ്ടീഷനർ, ലതർ സീറ്റ്, 16 ഇഞ്ച് അലോയ്സ വീൽ, ഇ ബി ഡി സഹിതം എ ബി എസ്, എയർ ബാഗ് എന്നിവയെല്ലാം സഹിതമാണു ഹോണ്ട ‘സിറ്റി’യെ വിൽപ്പനയ്ക്കെത്തിക്കുന്നത്.