Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സ്റ്റീവ് ജോബ്സിന്റെ സ്പോർട്സ് കാർ ലേലത്തിന്

bmw-Steve-jobs Photo Courtesy: Karissa Hosek courtesy of RM Sotheby's.

ആപ്പിൾ സ്ഥാപകനായ സ്റ്റീവ് ജോബ്സ് ഉപയോഗിച്ചിരുന്ന ‘ബി എം ഡബ്ല്യു’ സ്പോർട്സ് കാർ ലേലത്തിനെത്തുന്നു. യു എസിൽ ലേലത്തിനു വച്ചിരിക്കുന്ന കാറിന് നാലു ലക്ഷം ഡോളർ (ഏകദേശം 2.60 കോടി രൂപ) വില ലഭിക്കുമെന്നാണു പ്രതീക്ഷ.

ഡിസംബർ ആറിനു ലേലത്തിനെത്തുന്ന 2000 മോഡൽ ‘ബി എം ഡബ്ല്യു സീ എയ്റ്റ്’ കൺവെർട്ട്ബ്ളിൽ കാര്യമായ പരിഷ്കാരമൊന്നും ജോബ്സ് വരുത്തിയിട്ടില്ല; അകത്തളത്തിൽ കറുപ്പ് തുകലിനൊപ്പം ടൈറ്റാനിയം ഫിനിഷാണ് അദ്ദേഹം തിരഞ്ഞെടുത്തിരിക്കുന്നത്.രണ്ടായിരത്തിൽ സ്വന്തമാക്കിയ കാർ മൂന്നു വർഷമാണു ജോബ്സ് ഉപയോഗിച്ചത്; തുടർന്ന് 2003ലാണ് ഈ കൺവെർട്ട്ബ്ൾ ലൊസാഞ്ചലസ് സ്വദേശിയായ ഇപ്പോഴത്തെ ഉടമസ്ഥന്റെ പക്കലെത്തുന്നത്.

ശരിയായ ഹാർഡ് ടോപ്പും ഹാർഡ് ടോപ് സ്റ്റാൻഡും സർവീസ് സംബന്ധിച്ചതുമായ മാന്വൽ, സർവീസ് രേഖ, രണ്ടു താക്കോൽ, നാവിഗേഷൻ സി ഡി തുടങ്ങിയവയ്ക്കു പുറമെ ഈ കാറിനൊപ്പം ലഭിച്ചിരുന്ന ‘മോട്ടറോള’ ഫ്ലിപ് ഫോണും പുതിയ ഉടമ ഭദ്രമായി സൂക്ഷിച്ചിട്ടുണ്ട്. 

ഒറക്ക്ൾ ചീഫ് എക്സിക്യൂട്ടീവ് ഓഫിസറായിരുന്ന ലാരി എലിസന്റെ നിർബന്ധത്തിനു വഴങ്ങിയാണു ജോബ്സ് ഈ കാർ വാങ്ങിയതെന്നാണു കഥ. സ്റ്റീവ് ജോബ്സിന്റെ ഉൽപന്നങ്ങളെയും ആത്മാവിനെത്തന്നെയും പ്രതിഫലിപ്പിക്കുന്ന വാഹന വിസ്മയമെന്ന വിശേഷിപ്പിച്ചാണ് എലിസൺ ഈ കാർ വാങ്ങാൻ അദ്ദേഹത്തെ പ്രേരിപ്പിച്ചതെന്നും യു എസിലെ ഓക്ഷൻ ഹൗസായ ആർ എം സോത്ത്ബീസ് വിശദീകരിക്കുന്നു. പോരെങ്കിൽ മോട്ടോറോള ഫോണിനോടും ജോബ്സിനു തീരെ പഥ്യമില്ലായിരുന്നെന്നാണു കഥ. 

അത്ര വലിയ കാർ കമ്പക്കാരനൊന്നുമായിരുന്നില്ലെങ്കിലും ജർമൻ വാഹനങ്ങളോടും അവയുടെ രൂപകൽപ്പനയോടും ജോബ്സിനു തികഞ്ഞ ആരാധനയായിരുന്നു; അതുകൊണ്ടുതന്നെ ‘ബി എം ഡബ്ല്യു’ മോട്ടോർ സൈക്കിളുകളും മെഴ്സീഡിസ് ബെൻസ് ‘എസ് എൽ എസു’മൊക്കെ അദ്ദേഹത്തിന്റെ ഗാരിജിൽ ഇടംപിടിക്കുകയും ചെയ്തു.