Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ത്രിശങ്കുവിൽ കുടുങ്ങി ‘ആംഫിബിയൻ ബസ്’

amphibious-bus Representative Image

കരയിലും വെള്ളത്തിലും ഓടുന്ന ബസ്: അതായിരുന്നു കേന്ദ്ര റോഡ് ഗതാഗത, ഹൈവേ, ഷിപ്പിങ് മന്ത്രി നിതിൻ ഗഢ്കരി കണ്ട സ്വപ്നം. തുടർന്നു മുംബൈ മഹാനഗരത്തിൽ വിനോദസഞ്ചാരം പ്രോത്സാഹിപ്പിക്കാനായി ഇത്തരമൊരു ‘ആംഫിബിയൻ ബസ്’ മന്ത്രി തന്നെ മുൻകയ്യെടുത്ത് ഇറക്കുമതിയും ചെയ്തു. പക്ഷേ രാജ്യത്തെ ഏറ്റവും വലിയ കണ്ടെയ്നർ തുറമുഖമായ ജവഹർ ലാൽ നെഹൃ പോർട്ട് ട്രസ്റ്റി(ജെ എൻ പി ടി)ൽ കടൽക്കാറ്റേറ്റു വിശ്രമിക്കാനാണ് ആ ബസ്സിന്റെ വിധി. പിന്നെ ഇതൊന്നും മുംബൈയുടെ മാത്രം വിധിയല്ല; ഇത്തരം ബസ് ഇറക്കുമതി ചെയ്ത പഞ്ചാബിലും ഗോവയിലും സ്ഥിതി ഇതൊക്കെ തന്നെയാണെന്നു വേണമെങ്കിൽ ആശ്വസിക്കാമെന്നു മാത്രം.

ഇറക്കുമതി ചുങ്ക നിരക്ക്, റജിസ്ട്രേഷൻ, കടലിലിറങ്ങാനും കരയ്ക്കു കയറാനുമുള്ള റാംപിന്റെ അഭാവം തുടങ്ങിവയൊക്കെ ചേർന്നാണ് ‘ആംഫിബിയൻ ബസ്സു’കളെ കളത്തിലിറങ്ങുംമുമ്പേ കട്ടപ്പുറത്താക്കിയത്. മൂന്നു കോടിയോളം രൂപ മുടക്കി ജെ എൻ പി ടി ‘ആംഫിബിയൻ ബസ്’ ഇറക്കുമതി ചെയ്തിട്ട് വർഷമൊന്നു തികയാറായി. പക്ഷേ നിയമങ്ങളിലെ അവ്യക്തതയും നിരത്തിലോടാനുള്ള അനുമതിയില്ലാത്തതുമൊക്കെ ചേർന്നു ബസ്സിനെ പുറത്തിറക്കാതെ കുരുക്കിയിരിക്കുകയാണ്. 

‘ആംഫിബിയൻ ബസ്സി’ന് ഈടാക്കേണ്ട കസ്റ്റംസ് ഡ്യൂട്ടിയെ ചൊല്ലിയാണു പ്രധാന തർക്കം. ഇന്ത്യയിലാരും നിർമിക്കുന്നില്ലാത്തതിനാൽ ഇത്തരം ബസ് ഇറക്കുമതി ചെയ്യുക മാത്രമാണു മാർഗം. നിരത്തിലോടിക്കാൻ വേണ്ട ഫിറ്റ്നസ് സാക്ഷ്യപ്പെടുത്തലാണു മറ്റൊരു വെല്ലുവിളി. പോർട്ട് ട്രസ്റ്റിനുള്ള സ്വാധീനം മൂലമാവാം കടലിൽ സർവീസ് നടത്താനുള്ള മറൊൻ സർട്ടിഫിക്കേഷൻ മാത്രമാണു നിലവിൽ ‘ആംഫിബിയൻ ബസി’നുള്ളത്. 

മുംബൈയിലെ വിനോദസഞ്ചാരികളെ ആകർഷിക്കാൻ മറൈൻ ഡ്രൈവ് കേന്ദ്രമായി ‘ആംഫിബിയൻ ബസ്’ ഓടിക്കാനായിരുന്നു പദ്ധതി. എന്നാൽ ഈ മേഖലയിൽ സ്ഥിരം നിർമാണങ്ങൾക്കു കർശന വിലക്കുള്ളതിനാൽ റാംപ് സൗകര്യം ഏർപ്പെടുത്താനാവില്ല. വെള്ളത്തിൽ ബസ്സിന് സഞ്ചരിക്കാൻ ഒന്നര മീറ്റർ ആഴം വേണം; ഇത് ഉറപ്പാക്കാൻ ഡ്രജിങ്ങും നടത്തേണ്ടി വരും.  

‘ആംഫിബിയൻ ബസ്സി’ന്റെ സ്ഥാനം ജലയാനങ്ങൾക്കൊപ്പമാണെന്നാണ് കസ്റ്റംസിന്റെ പക്ഷം; അതിനാൽ ബസ്സിന് 225% ഇറക്കുമതി ചുങ്കം ബാധകമാണെന്നും അധികൃതർ വാദിക്കുന്നു. ഈ ചുങ്കം നൽകിയാൽ ബസ്സിന്റെ വില ഒൻപതു കോടി രൂപയോളമാവും. അതേസമയം ഇതൊരു ബസ് ആയതിനാൽ ആ വിഭാഗത്തിനു ബാധകമായ 45% ചുങ്കമല്ലേ ഈടാക്കേണ്ടതെന്നാണ് ഗതാഗത വകുപ്പിന്റെ ചോദ്യം. തുടർന്നു പ്രശ്നം പരിഹരിക്കാൻ കേന്ദ്ര ധനമന്ത്രാലയത്തെ സമീപിച്ചെങ്കിലും ഇതുവരെ തീരുമാനം വന്നിട്ടില്ല. 

കരയിലും വെള്ളത്തിലും വിനോദസഞ്ചാരം വളർത്താനായി പഞ്ചാബും ഗോവയും ഇത്തരം ബസ്സുകൾ വാങ്ങിയിരുന്നു; അവയുടെ ഗതിയും വ്യത്യസ്തമല്ല. ഇറക്കുമതി ചുങ്കത്തിന്റെ കാര്യത്തിലൊരു തീരുമാനമാവും വരെ ഈ ‘ആംഫിബിയൻ ബസ്സു’കളൊന്നും കരയിലും ഓടില്ല, വെള്ളത്തിലും ഓടില്ല എന്നതു മാത്രമാണു തീർച്ചയുള്ള കാര്യം.