Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബജാജ്-ട്രയംഫ് സഖ്യത്തിന്റെ ബൈക്കുകൾ 2021ൽ

Bajaj Auto, Triumph Motorcycles Announce Global Partnership Bajaj Auto, Triumph Motorcycles , Representative Image

ബ്രിട്ടീഷ് ബൈക്ക് നിർമാതാക്കളായ ട്രയംഫും ഇന്ത്യയിലെ ബജാജ് ഓട്ടോയും ചേർന്നു വികസിപ്പിച്ച മോട്ടോർ സൈക്കിളുകൾ മിക്കവാറും 2021ൽ വിൽപ്പനയ്ക്കെത്തും. 200 മുതൽ 500 സി സി വരെ എൻജിനുള്ള മോഡലുകളാണ് ട്രയംഫും ബജാജ് ഓട്ടോയും ചേർന്നു വികസിപ്പിക്കുന്നത്. സഹകരിച്ചു പ്രവർത്തിക്കാനും യോജിച്ചു പുത്തൻ മോഡലുകൾ വികസിപ്പിക്കാനുമായി കഴിഞ്ഞ ഓഗസ്റ്റിലാണു ട്രയംഫും ബജാജ് ഓട്ടോയും ധാരണയിലെത്തിയത്. തുടർന്നു കരാറിന്റെ വാണിജ്യ വിശദാംശങ്ങൾ തയാറാക്കി അടുത്ത വർഷത്തോടെ പൂർണതോതിലുള്ള സഹകരണം പ്രഖ്യാപിക്കാനാണ് ഇപ്പോൾ ഇരുകമ്പനികളുടെയും ശ്രമം.

ബജാജുമായുള്ള കരാർ ശരിയായ രീതിയിൽ വികസിക്കുന്നുണ്ടെന്ന് ട്രയംഫ് ഡയറക്ടർ(സെയിൽസ് ആൻഡ് മാർക്കറ്റിങ്) പോൾ സ്ട്രൗഡ് അഭിപ്രായപ്പെട്ടു. ഇരുകമ്പനികൾക്കുമിടയിൽ വാണിജ്യ വിഭാഗത്തിലെ ധാരണകൾക്ക് അന്തിമ രൂപം നൽകാനുള്ള ശ്രമങ്ങളാണ് ഇപ്പോൾ പുരോഗമിക്കുന്നത്. അടുത്ത വർഷം തുടക്കത്തിൽ തന്നെ ഇക്കാര്യത്തിൽ അന്തിമ തീരുമാനം പ്രതീക്ഷിക്കാമെന്നും സ്ട്രൗഡർ വെളിപ്പെടുത്തി. ഇന്ത്യയിൽ അവതരിപ്പിക്കാനുള്ള മോട്ടോർ സൈക്കിളുകളുടെ സംയുക്ത വികസനത്തിനു നടപടി ആരംഭിച്ചതായും അദ്ദേഹം അറിയിച്ചു. മിക്കവാറും 2021ന്റെ തുടക്കത്തിൽ ബജാജും ട്രയംഫും ചേർന്നു വികസിപ്പിച്ച ആദ്യ മോഡൽ വിൽപ്പനയ്ക്കെത്തുമെന്നാണു പ്രതീക്ഷ.

അതേസമയം ഇരുകമ്പനികളും ചേർന്ന് എത്ര മോഡലുകളാവും വികസിപ്പിക്കുകയെന്നതു സംബന്ധിച്ച് തീരുമാനമായില്ലെന്നും സ്ട്രൗഡ് അറിയിച്ചു. വാണിജ്യതലത്തിലെ കരാറുകൾ അന്തിമമായ ശേഷം മാത്രമാവും ഇതുസംബന്ധിച്ച അന്തിമ തീരുമാനമെടുക്കുകയെന്നാണു സൂചന.  എന്നാൽ ബജാജ് ഓട്ടോയുടെ ചക്കൻ ശാലയിലാവും പുതിയ ബൈക്കുകളുടെ നിർമാണമെന്ന് അദ്ദേഹം സ്ഥിരീകരിച്ചു. ബജാജുമായി ചേർന്നു വികസിപ്പിക്കുന്ന മോട്ടോർ സൈക്കിളുകൾ ട്രയംഫ് ബ്രാൻഡിലാണു വിൽപ്പനയ്ക്കെത്തുക. ട്രയംഫിന്റെ വിപണന ശൃംഖല വഴിയാവും ഇവ വിൽപ്പനയ്ക്കുമെത്തുക. 200 — 500 സി സി വിഭാഗത്തിൽ ഇന്ത്യയിൽ മികച്ച വിപണന സാധ്യതയുണ്ടെന്നും സ്ട്രൗഡ് അഭിപ്രായപ്പെട്ടു.