Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മദ്യപിച്ച് വാഹനമോടിച്ചാൽ കസ്റ്റഡിയിലെടുക്കാമോ? അറിയാം ചില നിയമങ്ങൾ

Representative Image Representative Image

റോഡിൽ വാഹന പരിശോധനകൾ ഉദ്യോഗസ്ഥർ നിരന്തരം നടത്താറുണ്ട്. വാഹനത്തിന്റെ രേഖകളില്ലാതെയും ഡ്രൈവിങ് ലൈസൻസില്ലാതെയും മദ്യപിച്ചും എത്തുന്നവരെ കുടക്കാനാണ് ഇത്തരത്തിലുള്ള പരിശോധനകൾ നടത്താറ്. എന്നാൽ വാഹനപരിശോധന നടത്തുമ്പോള്‍ ഉദ്യോഗസ്ഥര്‍ പാലിക്കേണ്ട മര്യാദകളെക്കുറിച്ച് പൊതുജനത്തിന് ഇനിയും വലിയ ധാരണയില്ല. 

വാഹന പരിശോധനയിൽ പാലിക്കേണ്ട കാര്യങ്ങൾ 

യൂണിഫോമിലുള്ള മോട്ടോർവാഹന ഉദ്യോഗസ്ഥനോ, പൊലീസ് ഉദ്യോഗസ്ഥനോ (സബ് ഇൻസ്പെക്ടറോ അതിനു മുകളിലോ ഉള്ള ഉദ്യോഗസ്ഥൻ) ആവശ്യപ്പെട്ടാൽ വാഹനം നിർത്താനും രേഖകൾ പരിശോധനയ്ക്കു നൽകാനും വാഹനത്തിന്‍റെ ഡ്രൈവർ ബാധ്യസ്ഥനാണ്, അല്ലാത്തപക്ഷം നടപടിയെടുക്കാൻ പൊലീസിന് അധികാരമുണ്ട്. വാഹനം പരിശോധിക്കാനായി തടഞ്ഞു നിർത്തിയാൽ അതാത് ഉദ്യോഗസ്ഥൻ വാഹനത്തിന്റെ അടുത്തേക്ക് ചെന്ന് രേഖകൾ നോക്കണം എന്നാണ് നിയമം. കൂടാതെ മാന്യമായ പെരുമാറ്റം‌ മാത്രമേ ഉദ്യോഗസ്ഥരുടെ ഭാഗത്തു നിന്ന് ഉണ്ടാകാൻ പാടുള്ളൂ.

സാർ എന്നോ മേഡം എന്നോ അഭിസബോധന ചെയ്ത് വേണം സംസാരിക്കാൻ. ഒരു കാരണവശാലും വാഹനം തടയുന്ന ഉദ്യോഗസ്ഥർ വാഹനത്തിന്റെ താക്കോൽ ഊരിയെടുക്കുകയോ ഭീഷണിപ്പെടുത്താനോ പാടില്ല. അത്തരത്തിലുള്ള പെരുമാറ്റം പൊലീസിന്റെയോ മോട്ടർവാഹന ഉദ്യോസ്ഥരുടേയൊ പക്കൽ നിന്നുണ്ടാകുകയാണെങ്കിൽ പരാതിപ്പെടാം.

വാഹനം പരിശോധിക്കുന്ന സമയത്ത് സ്ത്രീകളും കുട്ടികളും വാഹനത്തിലുണ്ടെങ്കിൽ ഒരു കാരണവശാലും വാഹനം സ്റ്റേഷനിലേക്കു കൊണ്ടുപോകാൻ പാടില്ലെന്നും നിയമം അനുശാസിക്കുന്നു. ഗതാഗത നിയമലംഘനമുണ്ടെങ്കിൽ സംഭവസ്ഥലത്തുവച്ചു തന്നെ നോട്ടീസ് നൽകിയശേഷം നടപടിയെടുക്കാം. വാഹന പരിശോധനയ്ക്കിടെ മദ്യപിച്ച് വാഹനമോടിക്കുന്നവരെ പിടിച്ചാൽ വൈദ്യപരിശോധനയ്ക്കു ശേഷമേ സ്റ്റേഷനിൽ കൊണ്ടുപോകാവൂ. മാത്രമല്ല ഒരു മണിക്കൂറിനുള്ളിൽ ജാമ്യത്തിൽ വിടണം എന്നും നിയമം അനുശാസിക്കുന്നു.

മോട്ടോര്‍ ഡ്രൈവിംഗ് ലൈസെന്‍സ് സസ്പെന്‍ഡ്‌ ചെയ്യുന്ന കുറ്റങ്ങള്‍

1. മദ്യപിച്ച് വാഹനം ഓടിക്കുന്നത്
2. അപകടകരമായ രീതിയില്‍ വാഹനം ഓടിക്കുന്നത് 
3. അമിത വേഗതയില്‍ വാഹനം ഓടിക്കുന്നത്.
4. ട്രാഫിക്‌ സിഗ്നല്‍ തെറ്റിക്കുന്നത് 
5. അമിത ഭാരം കയറ്റി ചരക്കുവാഹനം ഓടിക്കുന്നത്
6. മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് വാഹനം ഓടിക്കുന്നത്
7. ചരക്കുവാഹനത്തില്‍ ആളുകളെ കയറ്റി വാഹനം ഓടിക്കുന്നത്.