Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

‘ഇൻട്രൂഡറി’ന് എഫ് ഐ പതിപ്പുമായി സുസുക്കി

Suzuki intruder

അടുത്ത വർഷത്തെ ഓട്ടോ എക്സ്പോയിൽ ക്രൂസർ ബൈക്കായ ‘ഇൻട്രൂഡറി’ന്റെ ഫ്യുവൽ ഇഞ്ചക്ഷൻ(എഫ് ഐ) പതിപ്പ് അവതരിപ്പിക്കാൻ ജാപ്പനീസ് ഇരുചക്രവാഹന നിർമാതാക്കളായ സുസുക്കി ആലോചിക്കുന്നു. ഫ്യുവൽ ഇഞ്ചക്റ്റഡ് ‘സുസുക്കി ജിക്സർ എസ് എഫി’ലെ അതേ എഫ് ഐ യൂണിറ്റാവും 150 സി സി ബൈക്കായ ‘ഇൻട്രൂഡറി’ലും ഇടംപിടിക്കുകയെന്നാണു സൂചന. ഇതിനപ്പുറം രൂപകൽപ്പനയിലോ സൗകര്യങ്ങളിലോ സംവിധാനങ്ങളിലോ മാറ്റമൊന്നുമില്ലാതെയാവും ‘ഇൻട്രൂഡർ എഫ് ഐ’യുടെ വരവ്.

‘ഇൻട്രൂഡറി’ന് കരുത്തേകുന്നത് 154.9 സി സി, സിംഗിൾ സിലിണ്ടർ, എയർ കൂൾഡ് എൻജിനാണ്; 8,000 ആർ പി എമ്മിൽ 14 ബി എച്ച് പി കരുത്തും 6,000 ആർ പി എമ്മിൽ 14 എൻ എം വരെ ടോർക്കുമാണ് ഈ എൻജിൻ സൃഷ്ടിക്കുക. അഞ്ചു സ്പീഡ് ഗീയർബോക്സാണു ട്രാൻസ്മിഷൻ. പ്രൊജക്ടർ ഹെഡ്ലാംപ്, എൽ ഇ ഡി ടെയിൽ ലൈറ്റ്, അലോയ് വീൽ, വീതിയേറിയ ബക്കറ്റ് ശൈലിയിലുള്ള സീറ്റ്, മുന്നിലും പിന്നിലും ഡിസ്ക് ബ്രേക്ക്, സിംഗിൾ ചാനൽ എ ബി എസ് എന്നിവയെല്ലാം സഹിതമാണ് ‘ഇൻട്രൂഡർ’ എത്തുന്നത്.

നിലവിൽ ‘ജിക്സർ എസ് എഫി’ൽ മാത്രമാണ് സുസുക്കി മോട്ടോർ സൈക്കിൾ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് ഫ്യുവൽ ഇഞ്ചക്ഷൻ സംവിധാനം വാഗ്ദാനം ചെയ്യുന്നത്. സാങ്കേതിക വിഭാഗത്തിൽ ‘ജിക്സറും’ ‘ഇൻട്രൂഡറു’മായി വ്യത്യാസമില്ലാത്തതിനാൽ ഇതേ സംവിധാനം ഈ ബൈക്കിലും ലഭ്യമാക്കാൻ സുസുക്കിക്ക് അനായാസം കഴിയും. ‘ജിക്സറി’നും വൈകാതെ സുസുക്കി ഫ്യുവൽ ഇഞ്ചക്റ്റഡ് പതിപ്പ് അവതരിപ്പിക്കുമെന്നാണു പ്രതീക്ഷ. സുസുക്കിയിൽ നിന്നുള്ള എൻജിൻ ശേഷി കുറഞ്ഞ ആദ്യ ക്രൂസർ ബൈക്കാണ് ‘ഇൻട്രൂഡർ’; ഇന്ത്യൻ വിപണിയിൽ ബജാജ് ‘അവഞ്ചർ’ ശ്രേണിയോടാണു ബൈക്കിന്റെ മത്സരം. എൻജിൻ ശേഷിയിൽ ‘അവഞ്ചർ 150 സ്ട്രീറ്റി’നൊപ്പമെങ്കിലും വിലയുടെ കാര്യത്തിൽ ‘അവഞ്ചർ 220 ക്രൂസി’നോടാണ് ‘ഇൻട്രൂഡറി’ന്റെ മത്സരം.