Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇ കാർ വ്യാപനം: സമയമായില്ലെന്നു ടൊയോട്ട

Toyota Concept i Toyota Concept i

വ്യാപക ഉൽപ്പാദനത്തിനു ബാറ്ററിയിൽ ഓടുന്ന കാറുകൾ സജ്ജമായിട്ടില്ലെന്നു ടൊയോട്ട മോട്ടോർ കോർപറേഷൻ ചെയർമാൻ തകേഷി ഉചിയമാഡ. യു എസിൽ നിന്നുള്ള വൈദ്യുത വാഹന നിർമാതാക്കളായ ടെസ്‍‌ലയെ താൻ മാതൃകയായി പരിഗണിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.  ദീർഘദൂരം ഓടാൻ പ്രാപ്തിയുള്ള ബാറ്ററി കാറുകൾക്ക് വില വളരെ കൂടുതലാണ്; ഇവയുടെ ബാറ്ററി ചാർജ് ചെയ്യാൻ വളരെയേറെ സമയമെടുക്കുമെന്ന പ്രശ്നവുമുണ്ട്. അതുകൊണ്ടുതന്നെ ഇത്തരം കാറുകൾക്ക് ടൊയോട്ടയുടെ പദ്ധതിയിൽ ഇടമില്ലെന്നും അദ്ദേഹം സൂചിപ്പിച്ചു.

പങ്കാളിയായ മസ്ദ മോട്ടോർ കോർപറേഷനുമായി ചേർന്നു കഴിഞ്ഞ സെപ്റ്റംബറിൽ ടൊയോട്ട വൈദ്യുത വാഹന സാങ്കേതികവിദ്യ വികസനത്തിനായി പുതിയ സംരംഭം സ്ഥാപിച്ചിരുന്നു. ബാറ്ററിയിൽ ഓടുന്ന കാറുകളുടെ വിപണി പിടിക്കാൻ എതിരാളികൾ അരയും തലയും മുറുക്കി കളത്തിലിറങ്ങിയ സാഹചര്യത്തിലായിരുന്നു ടൊയോട്ട — മസ്ദ സഖ്യം ഈ മേഖലയിലേക്കു പ്രവർത്തനം വ്യാപിപ്പിച്ചത്. 

പൂർണമായും ബാറ്ററിയിൽ ഓടുന്ന കാറുകൾ ലഭ്യമല്ലാത്തതിനാൽ ഈ സാങ്കേതികവിദ്യയിൽ ടൊയോട്ടയും മസ്ദയും എതിരാളികളെ അപേക്ഷിച്ച് ഏറെ പിന്നിലാണ്. അതേസമയം യു എസിലെ ടെസ്ലയാവട്ടെ കഴിഞ്ഞ ദിവസം ബാറ്ററിയിൽ ഓടുന്ന ഹെവി ഡ്യൂട്ടി ട്രക്കിനൊപ്പം പുത്തൻ ‘റോഡ്സ്റ്ററും’ അനാവരണം ചെയ്തു. എന്നാൽ ടെസ്ല ശത്രുവുമല്ല, മാതൃകയുമല്ലെന്നാണ് ഇതേപ്പറ്റി ഉചിയമാഡയുടെ പ്രതികരണം. ജർമൻ കാർ നിർമാതാക്കളാണു ടെസ്ലയെ എതിരാളിയായി കണക്കാക്കുന്നതെന്നും അദ്ദേഹം വിശദീകരിക്കുന്നു.

പരമ്പരാഗത വാഹനങ്ങൾ അടിത്തറയാവുന്ന വൈദ്യുത കാറുകൾ വാണിജ്യാടിസ്ഥാനത്തിൽ ഉൽപ്പാദിപ്പിക്കാനാവുമെന്ന പ്രതീക്ഷയിലാണു ജർമൻ നിർമാതാക്കളായ ബി എം ഡബ്ല്യുവും മെഴ്സീഡിസുമൊക്കെ. ടെസ്ലയും ഈ രംഗത്തെ സ്റ്റാർട് അപ്പുകളും ഉയർത്തുന്ന വെല്ലുവിളി നേരിടാൻ വിപ്ലവകരമായ രൂപകൽപ്പനയും സാങ്കേതികവിദ്യയും വേണമെന്ന വിലയിരുത്തലിനെ അവഗണിച്ചാണ് ജർമൻ കമ്പനികളഉടെ ഈ നീക്കം. 

നിലവിലുള്ള ബാറ്ററികളെ അപേക്ഷിച്ചു കൂടുതൽ സംഭരണ ശേഷിക്കൊപ്പം അതിവേഗം റീചാർജ് ചെയ്യാനും കഴിയുന്ന ഘരാവസ്ഥയിലുള്ള ബാറ്ററിയുടെ വികസനത്തിലാണു ടൊയോട്ട ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നും ഉചിയമാഡ വെളിപ്പെടുത്തി. പക്ഷേ ഇത്തരം സാങ്കേതികവിദ്യ യാഥാർഥ്യമാവാൻ കൂടുതൽ സമയമെടുക്കും. അതുകൊണ്ടുതന്നെ നാലോ അഞ്ചോ വർഷത്തിനകം ഈ ബാറ്ററി ഉപയോഗിക്കുന്ന കാറുകൾ വാണിജ്യാടിസ്ഥാനത്തിൽ ഉൽപ്പാദിപ്പിക്കാനാണു ടൊയോട്ടയുടെ തയാറെടുപ്പ്.