Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇ ഇ എസ് എല്ലിന് മഹീന്ദ്ര 20 ‘ഇ വെരിറ്റൊ’ കൈമാറി

mahindra-e-verito E-Verito

കേന്ദ്ര സർക്കാർ സ്ഥാപനങ്ങളുടെ ഉപയോഗത്തിനായി 20 വൈദ്യുത കാറുകൾ മഹീന്ദ്ര ആൻഡ് മഹീന്ദ്ര(എം ആൻഡ് എം) കൈമാറി. ഊർജ മന്ത്രാലയത്തിനു കീഴിലെ എനർജി എഫിഷ്യൻസ് സർവീസസ് ലിമിറ്റഡ്(ഇ ഇ എസ് എൽ) നടത്തിയ ആദ്യഘട്ട ടെൻഡറിൽ മഹീന്ദ്ര രണ്ടാം സ്ഥാനത്തെത്തിയിരുന്നു. ഇതിന്റെ ഭാഗമായാണ് ബാറ്ററിയിൽ ഓടുന്ന ‘വെരിറ്റൊ’ സെഡാൻ കമ്പനി നിർമിച്ചു നൽകിയത്. 

ഇന്ത്യൻ വാഹന നിർമാതാക്കളിൽ രണ്ട് വൈദ്യുത കാർ മോഡലുകൾ ഉൽപന്നശ്രേണിയിലുള്ള ഏക കമ്പനിയാണു മഹീന്ദ്ര; ബാറ്ററിയിൽ ഓടുന്ന ചെറു ഹാച്ച്ബാക്കായ  ‘ഇ ടു ഒ’യും സെഡാനായ ‘വെരിറ്റൊ’യുമാണു മഹീന്ദ്ര നിർമിച്ചു വിൽക്കുന്നത്. രാജ്യത്തെ വൈദ്യുത വാഹന പ്രസ്ഥാനത്തിനു തന്നെ നിർണായക ദിവസമാണിതെനനായിരുന്നു മഹീന്ദ്ര ആൻഡ് മഹീന്ദ്ര മാനേജിങ്  ഡയറക്ടർ പവൻ ഗോയങ്കയുടെ അവകാശവാദം. ഇ ഇ എസ് എൽ ടെൻഡർ പ്രകാരമുള്ള ആദ്യ ബാച്ച് വാഹനങ്ങൾ മഹീന്ദ്ര നിർമിച്ചു നൽകിയ കാര്യവും അദ്ദേഹം ട്വിറ്ററിൽ പ്രഖ്യാപിച്ചു. 

ഇ ഇ എസ് എല്ലിന് 150 കാറുകളിലേറെ നിർമിച്ചു നൽകില്ലെന്നു മഹീന്ദ്ര നേരത്തെ വ്യക്തമാക്കിയിരുന്നു; കൂടുതൽ കാറുകൾ വിൽക്കുന്നത് നഷ്ടം സൃഷ്ടിക്കുമെന്ന നിലപാടിലാണു കമ്പനി. ആദ്യ ഘട്ടത്തിലെ 500 വൈദ്യുത കാറുകൾക്കുള്ള ഇ ഇ എസ് എൽ ടെൻഡറിൽ ടാറ്റ മോട്ടോഴ്സാണ് ആദ്യ സ്ഥാനത്തെത്തിയത്. അടുത്ത ഘട്ടത്തിലെ 9,500 കാറുകൾക്കുള്ള ഓർഡർ പിന്നാലെ നൽകുമെന്നാണ് ഇ ഇ എസ് എല്ലിന്റെ വാഗ്ദാനം. ആദ്യ ഘട്ടത്തിലെ 500 കാറുകൾ ഇരുകമ്പനികളും ചേർന്നു ലഭ്യമാക്കിയ ശേഷം മാത്രമാവും അടുത്ത 9,500 കാറുകൾക്കുള്ള ഓർഡർ.

ഒറ്റത്തവണ ചാർജ് ചെയ്താൽ 140 കിലോമീറ്റർഓടാൻ ‘ഇ വെരിറ്റൊ’യ്ക്കു കഴിയുമെന്നാണ് മഹീന്ദ്രയുടെ അവകാശവാദം. എന്നാൽ ടാറ്റ മോട്ടോഴ്സ് ഇ ഇ എസ് എല്ലിന് വാഗ്ദാനം ചെയ്ത വിലയെ അപേക്ഷിച്ച് രണ്ടു ലക്ഷത്തോളം രൂപ അധികമാണ് ‘ഇ വെരിറ്റൊ’യ്ക്ക്.  ചരക്ക്, സേവന നികുതിയും അഞ്ചു വർഷത്തെ സമഗ്ര വാറന്റിയുമടക്കം 11.20 ലക്ഷം രൂപയ്ക്ക് ബാറ്ററിയിൽ ഓടുന്ന ‘ടിഗൊർ’ നൽകാമെന്നായിരുന്നു ടാറ്റയുടെ വാഗ്ദാനം.