Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സ്വയം ഓടുന്ന കാർ: യു കെയിൽ 10 കോടി പൗണ്ട് സഹായം

self-driving-bolt

യു കെയിലെ നിരത്തുകളിൽ ഡ്രൈവർ വേണ്ടാത്ത കാറുകൾ യാഥാർഥ്യമാക്കാൻ 9.90 കോടി ഡോളർ(ഏകദേശം 643.75 കോടി രൂപ) സഹായധനവുമായി ബ്രിട്ടീഷ് ധനമന്ത്രി ഫിലിപ് ഹാമണ്ട്. 2021നകം  ഡ്രൈവർ ആവശ്യമില്ലാത്ത കാറുകൾ യു കെയിലെ നിരത്തിലെത്തിക്കാൻ ആവശ്യമായ ആർട്ടിഫിഷ്യൽ ഇന്റലിജൻസ്(എ ഐ) വികസിപ്പിക്കാനാണു ബ്രിട്ടീഷ് ബജറ്റിൽ ഈ തുക നീക്കിവച്ചിരിക്കുന്നത്.

ബ്രിട്ടനിൽ ഡ്രൈവർരഹിത കാർ വ്യവസായത്തിനു അനുമതി നൽകുംവിധത്തിലുള്ള നിയമങ്ങളിലെ ഭേദഗതികളും ഹാമണ്ട് വൈകാതെ പ്രഖ്യാപിക്കുമെന്നാണു പ്രതീക്ഷ. 2035 ആകുമ്പോഴേക്ക് ബ്രിട്ടനിലെ ഡ്രൈവർരഹിത കാർ വ്യവസായം 2,800 കോടി പൗണ്ട്(2.42 ലക്ഷം കോടിയോളം രൂപ) മൂല്യമുള്ളതായി വളരുമെന്നാണു കണക്കാക്കുന്നത്. ഈ പശ്ചാത്തലത്തിലാണ് മൂന്നു വർഷത്തിനകം ഡ്രൈവറുടെ സഹായം ആവശ്യമില്ലാത്ത കാറുകൾ വ്യാപകമാക്കാൻ യു കെ ബജറ്റിൽ പ്രത്യേക ധനസഹായം നീക്കിവച്ചിരിക്കുന്നതെന്നും ധനമന്ത്രിയുടെ ഓഫിസ് വ്യക്തമാക്കി.

യൂറോപ്യൻ യൂണിയനോടു വിട പറയാനുള്ള ബ്രിട്ടീഷ് തീരുമാനമായ ‘ബ്രെക്സി’റ്റിന്റെ പേരിൽ എതിർപ്പുകൾ നേരിടുന്ന പശ്ചാത്തലത്തിൽ ആകർഷക ബജറ്റ് അവതരിപ്പിക്കാൻ ഹാമണ്ട് കടുത്ത സമ്മർദത്തിലാണ്. കയ്യടി നേടാനുള്ള ശ്രമങ്ങളുടെ ഭാഗമായി രാജ്യത്ത് വൈദ്യുത കാറുകൾക്കുള്ള ചാർജിങ് പോയിന്റ് സ്ഥാപിക്കുന്ന കമ്പനികൾക്ക് 40 കോടി പൗണ്ട് (ഏകദേശം 3453.16 കോടി രൂപ) സഹായവും അദ്ദേഹം പരിഗണിക്കുന്നുണ്ട്. പൂർണമായും മലിനീകരണ വിമുക്തമായ ഗതാഗത സംവിധാനങ്ങളിലേക്കു നീങ്ങാനുള്ള ബ്രിട്ടന്റെ ശ്രമങ്ങളുടെ ഭാഗമായി വൈദ്യുത കാറുകൾ വാങ്ങുന്നവർക്കും ഈ ഫണ്ടിൽ നിന്ന് സഹായം അനുവദിച്ചേക്കുമെന്നാണു സൂചന.

സാങ്കേതിക രംഗത്തെ വ്യവസായങ്ങളിൽ ശ്രദ്ധയൂന്നുന്നതിന്റെ ഭാഗമായി ‘കൃത്രിമ ബുദ്ധിശക്തി’(എ ഐ) വികസിപ്പിക്കുന്ന കമ്പനികൾക്കായി 7.5 കോടി പൗണ്ട്(ഏകദേശം 647.47 കോടി രൂപ) സഹായമാണു ബജറ്റ് വിഹിതം. കൂടാതെ ഫൈവ് ജി സാങ്കേതികവിദ്യ വികസനത്തിൽ ഏർപ്പെട്ടിരിക്കുന്നവർക്കായി 16 കോടി പൗണ്ട്(1381.26 കോടിയോളം രൂപ) സഹായവും ലഭ്യമാക്കും. ഡ്രൈവറുടെ സേവനം ആവശ്യമില്ലാത്ത കാറുകൾ യാഥാർഥ്യമാക്കാൻ ഫൈവ് ജി സാങ്കേതികവിദ്യ അനിവാര്യമാണെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് ഈ നടപടി. 

അതിനിടെ വൈദ്യുത വാഹന, സ്വയം ഓടുന്ന കാർ വിഭാഗങ്ങൾക്ക് വാരിക്കോരി നൽകിയാലും സാമൂഹിക രംഗത്തെ പ്രഖ്യാപനങ്ങളുടെ പേരിലാവും കൺസർവേറ്റീവ് പാർട്ടിയിൽപെട്ട ഹാമണ്ട് വിലയിരുത്തപ്പെടുകയെന്ന വാദവും ശക്തമാണ്. ഗ്രെൻഫെൽ ടവർ ദുരന്ത പശ്ചാത്തലത്തിൽ ധനമന്ത്രിയുടെ പാർപ്പിടനയം എന്താവുമെന്ന് അറിയാനും ആകാംക്ഷയേറെയാണ്.