Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

‘പറക്കും ടാക്സി’ 2020ലെത്തുമെന്നു യൂബർ

flying-car Representative Image

മൂന്നു വർഷത്തിനകം ‘പറക്കും ടാക്സി’ യാഥാർഥ്യമാക്കുമെന്ന് സാൻഫ്രാൻസിസ്കൊ ആസ്ഥാനമായ റൈഡ് ഷെയറിങ് കമ്പനിയായ യൂബർ. യു എസ് നഗരങ്ങളായ ഡാലസ്, ടെക്സസ്, ലൊസാഞ്ചലസ്, കലിഫോണിയ എന്നിവിടങ്ങളിലാവും തുടക്കത്തിൽ യൂബറിന്റെ ‘പറക്കും ടാക്സി’ സേവനം ലഭ്യമാവുക. 2020ൽ പ്രവർത്തനം ആരംഭിക്കുമെന്നു കരുതുന്ന ‘പറക്കും ടാക്സി’ ബുക്ക് ചെയ്യാനുള്ള നടപടിക്രമങ്ങൾ വിശദീകരിക്കുന്ന വിഡിയോയും കമ്പനി പുറത്തിറക്കിയിട്ടുണ്ട്. നാലു പേർക്കു സൗകര്യമുള്ള ‘പറക്കും ടാക്സി’ക്കു  മണിക്കൂറിൽ 300 കിലോമീറ്ററോളം വേഗവും യൂബർ വാഗ്ദാനം ചെയ്യുന്നു. 

‘പറക്കും ടാക്സി’ ബുക്ക് ചെയ്യുന്നവർ നിശ്ചിത സമയത്ത് ‘യൂബർ സ്കൈപോർട്ടി’ൽ എത്തണമെന്നാണു വ്യവസ്ഥ; നഗരത്തിൽ തന്നെ കെട്ടിടങ്ങളുടെ മുകളിലായിട്ടാവും ‘സ്കൈ പോർട്ടി’ന്റെ സ്ഥാനം. ഓരോരുത്തരെയും അവരവർക്ക് ആവശ്യമുള്ള സ്ഥലങ്ങളിൽ എത്തിക്കുന്നതിനു പകരം യാത്രക്കാർക്കെല്ലാം ഒരേ പോലെ സൗകര്യപ്രദമായ കേന്ദ്രത്തിലാവും ‘പറക്കും ടാക്സി’ എത്തുക. തുടർന്ന് യാത്രക്കാരെ പ്രത്യേക ടാക്സികളിൽ ലക്ഷ്യത്തിലെത്തിക്കും; ഇതിനായി സ്വയം ഓടുന്ന കാറുകളുടെ വ്യൂഹമാണു യൂബർ വിന്യസിക്കുക. യു എസിനു പുറമെ 2020ൽ ദുബായിലും ‘പറക്കും ടാക്സി’ അവതരിപ്പിക്കുമെന്നായിരുന്നു ‘യൂബർ എലിവേറ്റ്’ ഉച്ചകോടിയിൽ കമ്പനിയുടെ ചീഫ് പ്രോഡക്ട് ഓഫിസർ ജെഫ് ഹോൾഡന്റെ വാഗ്ദാനം.

വലിപ്പം കുറഞ്ഞതും ബാറ്ററിയിൽ പ്രവർത്തിക്കുന്നതുമായ വെർട്ടിക്കൽ ടേക് ഓഫ് ആൻഡ് ലാൻഡിങ്(വി ടി ഒ എൽ) വിമാനങ്ങളാണു യൂബർ ‘പറക്കും ടാക്സി’ക്കായി ഉപയോഗിക്കുക. ഓരോ മൈൽ ദൂരത്തിനും 1.32 ഡോളർ(1.6 കിലോമീറ്ററിന് 86 രൂപ) ആയിരിക്കും ‘പറക്കും ടാക്സി’യുടെ വാടക. കാലക്രമേണ ‘പറക്കും ടാക്സി’യുടെ നിരക്ക് കുറയുമെന്നും ഭാവിയിൽ കാറിനെ അപേക്ഷിച്ചു കുറഞ്ഞ നിരക്കിൽ ‘പറക്കും ടാക്സി’ ലഭിക്കുന്ന കാലം വരുമെന്നുമാണു യൂബറിന്റെ പ്രവചനം.

നഗരപ്രാന്തങ്ങളും നഗരഹൃദയ മേഖലയുമായി വേഗമേറിയതും വിശ്വസനീയവുമായ ഗതാഗതസൗകര്യം ലഭ്യമാക്കുക എന്നതാണു ‘പറക്കും ടാക്സി’യിലൂടെ യൂബർ ലക്ഷ്യമിടുന്നത്; ഭാവിയിൽ നഗരത്തിനുള്ളിലെ യാത്രകൾക്കും ഇതേ സംവിധാനമാവും പ്രചാരം നേടുകയെന്നും യൂബർ കരുതുന്നു. നിലവിലുള്ള ഗതാഗത സംവിധാനത്തിന് എത്തിപ്പെടാനാവാത്തതും തിരക്കേറിയതുമായ നഗരമേഖലകളെയാവും ആദ്യ ഘട്ടത്തിൽ യൂബർ ‘പറക്കും ടാക്സി’യിലൂടെ ബന്ധിപ്പിക്കുക. വാഹനങ്ങൾക്കുള്ള ചാർജിങ് കേന്ദ്രങ്ങൾ നിർമിക്കുന്ന ചാർജ് പോയിന്റ് അടക്കം ഡസനോളം കമ്പനികളാണ് ‘പറക്കും ടാക്സി’യിൽ യൂബറിന്റെ പങ്കാളികൾ. ബാറ്ററിയിൽ പറക്കുന്ന വിമാനങ്ങൾക്കുള്ള സവിശേഷ ചാർജർ വികസിപ്പിക്കുകയാണു ചാർജ്പോയിന്റിന്റെ ദൗത്യം.

ഹെലികോപ്റ്ററിനെ അപേക്ഷിച്ച് ശബ്ദശല്യമില്ലാത്തതും പരിസ്ഥിതിയെ മലിനമാക്കാത്തതും വില കുറഞ്ഞതുമാവും വൈദ്യുത വിമാനമെന്നാണു യൂബറിന്റെ അവകാശവാദം. ഭാവിയിൽ ഈ ആകാശയാനങ്ങൾ സ്വയം പറക്കുന്ന രീതിയിലേക്കു മാറ്റാനും യൂബറിനു പദ്ധതിയുണ്ട്; ഇതോടെ ‘വി ടി ഒ എൽ’ നിയന്ത്രിക്കുന്നവർക്കു സംഭവിക്കാവുന്ന പിഴവ് കൂടി ഒഴിവാക്കാനാവുമെന്നാണു യൂബറിന്റെ വിലയിരുത്തൽ.