Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പാർക്കിങ് നിയമലംഘനങ്ങളുടെ ചിത്രങ്ങൾ അയച്ചാൽ സമ്മാനം

No Parking No Parking, Representative Image

പാർക്കിങ് നിയമലംഘകരുടെ ചിത്രങ്ങൾ അയച്ചാൽ സമ്മാനം നൽകാമെന്നു കേന്ദ്ര ഷിപ്പിങ്, ഗതാഗത മന്ത്രി നിതിൻ ഗഢ്കരി. നിയമങ്ങൾ ലംഘിച്ചു വാഹനം പാർക്ക് ചെയ്യുന്നവരോട് ഈടാക്കുന്ന 500 രൂപ പിഴയിൽ 10% ആണു മന്ത്രി ചിത്രം അയയ്ക്കുന്നവർക്കു സമ്മാനമായി വാഗ്ദാനം ചെയ്തിരിക്കുന്നത്. സ്വന്തം മന്ത്രാലയത്തിനു പുറത്ത് വാഹന പാർക്കിങ്ങിന് സൗകര്യമില്ലാത്തതിൽ താൻ ലജ്ജിക്കുന്നെന്നും മന്ത്രി വ്യക്തമാക്കി. ഇതുമൂലം വിവിധ രാജ്യങ്ങളിൽ നിന്നുള്ള സ്ഥാനപതിമാരെ പോലുള്ള വിശിഷ്ട വ്യക്തികൾ പോലും മാർഗതടസ്സം സൃഷ്ടിച്ച് സമീപത്തെ റോഡരുകിൽ വാഹനം പാർക്ക് ചെയ്യേണ്ട സ്ഥിതിയാണ്.

എങ്കിലും പുതിയ മോട്ടോർ വാഹന നിയമത്തിൽ പാർക്കിങ് നിയമലംഘകർക്കെതിരെ കടുത്ത നടപടിക്കു മുതിരുമെന്ന സൂചനയും മന്ത്രി നൽകി. ഗതാഗത നിയമം ലംഘിക്കുന്നവിധത്തിൽ നിർത്തിയിട്ട വാഹനങ്ങളുടെ ചിത്രങ്ങൾ മൊബൈൽ ഫോണിലെടുത്ത് പൊലീസിനോ ഗതാഗത വകുപ്പിനോ അയയ്ക്കാനാണു മന്ത്രിയുടെ നിർദേശം. ഈടാക്കുന്ന പിഴയിൽ നിന്ന് 10% ചിത്രം അയച്ചവർക്കു സമ്മാനമായി നൽകുമെന്നും ഗഢ്കരി വ്യക്തമാക്കി. പാർക്കിങ്ങിനുള്ള സ്ഥലസൗകര്യം അപര്യാപ്തമായതോടെ മിക്കവരും റോഡിനെയാണു പാർക്കിങ്ങിനായി തിരഞ്ഞെടുക്കുന്നത്. ഈ സ്ഥിതി അനുവദിക്കാനാവില്ലെന്നും വലിയ സ്ഥാപനങ്ങൾ സ്വന്തം നിലയ്ക്കു പാർക്കിങ് സൗകര്യം ഏർപ്പെടുത്തണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

സ്വന്തം ഓഫിസിനു മുന്നിൽ ആവശ്യത്തിനു പാർക്കിങ് സൗകര്യമില്ലാത്തതു കടുത്ത വെല്ലുവിളി സൃഷ്ടിക്കുന്നുണ്ടെന്നും ഗഢ്കരി സ്ഥിരീകരിച്ചു. റോഡിൽ തടസം സൃഷ്ടിക്കുംവിധത്തിൽ വാഹനം പാർക്ക് ചെയ്യാൻ അതിഥികളെ നിർബന്ധിതരാക്കുന്ന സാഹചര്യമാണ് ഇപ്പോഴുള്ളത്. പുതിയ പാർക്കിങ് സൗകര്യം ഏർപ്പെടുത്താൻ 13 കേന്ദ്രങ്ങളിൽ നിന്നുള്ള അനുമതി ആവശ്യമാണെന്നും അദ്ദേഹം വിശദീകരിച്ചു. തുടർന്ന് മാസങ്ങളോളം നീണ്ട ശ്രമങ്ങളുടെ ഫലമായാണ് ആദ്യ പാർക്കിങ് സൗകര്യം നിർമിക്കാനായത്; അന്നത്തെ നഗരവികസന മന്ത്രി വെങ്കയ്യ നായിഡു സഹായച്ചതോടെയാണു പല തടസ്സവും നീങ്ങിയതെന്നും ഗഢ്കരി വിശദീകരിച്ചു. ഓട്ടമേറ്റഡ് പാർക്കിങ് സൗകര്യം നടപ്പാക്കാനുള്ള അനുമതി ലഭിക്കാൻ ഒൻപതു മാസമെടുത്തു എന്നതു നാണക്കേടാണെന്നും 2016 മേയിൽ പുതിയ സംവിധാനത്തിനു ശിലാസ്ഥാപനം നടത്തിയ വേളയിൽ ഗഢ്കരി തുറന്നു സമ്മതിച്ചിരുന്നു.