Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വൈദ്യുത കാർ: ഫോഡുമായി സഹകരിക്കാൻ മഹീന്ദ്ര

Mahindra E2O Mahindra E2O

യു എസ് നിർമാതാക്കളായ ഫോഡ് മോട്ടോറുമായി സഹകരിച്ച് വൈദ്യുത വാഹനങ്ങൾ അവതരിപ്പിക്കുമെന്നു മഹീന്ദ്ര ആൻഡ് മഹീന്ദ്ര(എം ആൻഡ് എം). രാജ്യത്തെ പരിസ്ഥിതി മലിനീകരണവും നിരത്തുകളിലെ ഗതാഗതക്കുരുക്കും ഉയർത്തുന്ന വെല്ലുവിളി പരിഹരിക്കാൻ ലക്ഷ്യമിട്ടാണു വൈദ്യുത വാഹനങ്ങളുടെ പുത്തൻ ശ്രേണി ആവിഷ്കരിക്കുകയെന്നും കമ്പനി ചെയർമാൻ ആനന്ദ് മഹീന്ദ്ര വെളിപ്പെടുത്തി.

നിലവിൽ വൈദ്യുത വാഹന വിഭാഗത്തിൽ ‘ഇ ടു ഒ’, ‘ഇ വെരിറ്റൊ’ എന്നീ മോഡലുകൾ മഹീന്ദ്ര വിൽപ്പനയ്ക്കെത്തിക്കുന്നുണ്ട്. യു എസിൽ മിച്ചിഗനിലെ ഓബെൺ ഹിൽസിൽ ഓഫ് റോഡ് വാഹന നിർമാണത്തിനായി പുത്തൻ ശാല തുറന്ന ശേഷമാണു ഫോഡിന്റെ സഹകരണത്തോടെ വൈദ്യുത വാഹന വിപണിയിൽ കൂടുതൽ മോഡലുകൾ അവതരിപ്പിക്കാനുള്ള സാധ്യത മഹീന്ദ്ര വെളിപ്പെടുത്തിയത്. ചൈനീസ് പങ്കാളിയായ അൻഹുയ് സോട്ടെ ഓട്ടമൊബീലുമായി സഹകരിച്ചു പുതിയ വൈദ്യുത കാർ ശ്രേണി അവതരിപ്പിക്കുമെന്നു ഫോഡ് നേരത്തെ പ്രഖ്യാപിച്ചിരുന്നു. 

സമാനമായ പങ്കാളിത്തത്തിന് ഇന്ത്യയിലും സാധ്യതയുണ്ടെന്നാണു മഹീന്ദ്രയുടെ വിലയിരുത്തൽ. ചൈനീസ് നഗരങ്ങളെ പോലെ ഗതാഗതക്കുരുക്കും പരിസ്ഥിതി മലിനീകരണവും ഇന്ത്യയും നേരിടുന്ന വെല്ലുവിളിയാണ്. ഈ സാഹചര്യത്തിലാണ് 2030 മുതൽ രാജ്യത്ത് വൈദ്യുത കാർ മാത്രം വിൽപ്പനയ്ക്കെത്തിക്കുകയെന്ന വമ്പൻ ലക്ഷ്യം കേന്ദ്ര സർക്കാർ മുന്നോട്ടു വയ്ക്കുന്നതെന്നും ആനന്ദ് മഹീന്ദ്ര അഭിപ്രായപ്പെട്ടു.

വൈദ്യുത കാർ വികസനത്തിൽ സഹകരിക്കാൻ സെപ്റ്റംബറിലാണു ഫോഡും മഹീന്ദ്രയുമായി ധാരണയിലെത്തിയത്; കണക്റ്റഡ് കാർ മേഖലയിലും ഇന്ത്യയിലെ വിതരണ രംഗത്തുമൊക്കെ പരസ്പരം സഹകരിക്കാൻ ഇരു കമ്പനികളും സന്നദ്ധത പ്രകടിപ്പിച്ചിട്ടുണ്ട്. ആഗോളതലത്തിൽ വലിപ്പത്തിൽ മൂന്നാമതെത്താൻ കുതിക്കുന്ന ഇന്ത്യൻ കാർ വിപണിയിൽ നഷ്ടം സഹിച്ചാണു ഫോഡ് പ്രവർത്തനം തുടരുന്നത്. മൂന്നു വർഷത്തെ പ്രാബല്യമുള്ള കരാർ പ്രകാരം യോജിച്ചുള്ള പ്രവർത്തനത്തിലൂടെ ചെലവ് കുറയ്ക്കാനും ലാഭം ഉയർത്താനുമൊക്കെയാണ് ഇരുവരും ശ്രമിക്കുന്നത്. സ്പെയർ പാർട്സ് ഒരുമിച്ച് വാങ്ങാനും പുത്തൻ മോഡലുകൾ പരസ്പര സഹകരണത്തോടെ വികസിപ്പിക്കാനുമൊക്കെ കരാറിൽ വ്യവസ്ഥയുണ്ട്.