Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സിംഗപ്പൂരിൽ സ്വയം ഓടുന്ന ബസ് സർവീസ് 2022ൽ

ez-10

നഗരത്തിലെ പൊതുഗതാഗത സംവിധാനത്തിൽ സ്വയം ഓടുന്ന ബസ്സുകൾ അവതരിപ്പിക്കാൻ സിംഗപ്പൂരിനു പദ്ധതി. 2022ൽ സിംഗപ്പൂരിലെ മൂന്നു ജില്ലകളിൽ സ്വയം ഓടുന്ന ബസ്സുകൾ വിന്യസിക്കാനാണു പദ്ധതിയെന്നു രാജ്യത്തെ ഗതാഗത മന്ത്രാലയം വെളിപ്പെടുത്തി. 

ലോകവ്യാപകമായി തന്നെ വിവിധ രാജ്യങ്ങൾ സ്വയം ഓടുന്ന വാഹന സാങ്കേതികവിദ്യ വികസനത്തെ പ്രോത്സാഹിപ്പിക്കുന്നുണ്ട്. ജനസാന്ദ്രതയേറിയ വൻനഗരമായ സിംഗപ്പൂരിൽ പല മേഖലകളിലും ജോലിക്ക് ആളുകളെ കിട്ടാത്ത സാഹചര്യമുണ്ട്. ഈപ്രതിസന്ധി നേരിടാൻ രാജ്യവാസികളെ പൊതുഗതാഗത സംവിധാനങ്ങളും ഷെയേഡ് വാഹനങ്ങളും ഉപയോഗിക്കാൻ പ്രോത്സാഹിപ്പിക്കാനാണു സിംഗപ്പൂരിന്റെ ശ്രമം.

സിംഗപ്പൂരിൽ പത്തോളം കമ്പനികളാണു സ്വയം ഓടുന്ന വാഹന സാങ്കേതികവിദ്യ വികസന രംഗത്തുള്ളത്. ഇവരിൽ പല കമ്പനികളുടെയും വാഹനങ്ങൾ പരീക്ഷണ ഘട്ടത്തോളം പുരോഗമിച്ചിട്ടുമുണ്ട്. സാധാരണ ഗതിയിൽ ഡ്രൈവർ നിയന്ത്രിക്കുന്ന ബസ്സുകൾക്കൊപ്പമാവും സ്വയം ഓടുന്ന ബസ്സുകളും സിംഗപ്പൂർ നിരത്തുകളിൽ സർവീസിനെത്തുക. തുടക്കത്തിൽ താരതമ്യേന ഗതാഗതത്തിരക്ക് കുറഞ്ഞ നിരത്തുകളിലാവും സ്വയം ഓടുന്ന ബസ്സുകളുടെ സർവീസ്. പോരെങ്കിൽ സ്മാർട് ഫോൺ വഴി യാത്രക്കാരുടെ ആവശ്യത്തിനൊത്ത് ഷട്ടിൽ സർവീസ് നടത്തുന്ന വിധത്തിലും സ്വയം ഓടുന്ന ബസ്സുകൾ ക്രമീകരിക്കാൻ സിംഗപ്പൂർ ലക്ഷ്യമിടുന്നുണ്ട്. സ്വയം ഓടുന്ന ബസ്സുകളുടെ പരീക്ഷണ സർവീസ് വിജയകരമാക്കാൻ ആവശ്യമായ നിർദേശങ്ങൾ വ്യവസായ, ഗവേഷണ മേഖലകളിൽ നിന്നും ആരായുമെന്ന് സിംഗപ്പൂർ സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്.