Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

യുവാക്കൾക്ക് ആവേശമാകാൻ ടി വി എസ് ‘അപ്പാച്ചെ ആർ ആർ 310’

tvs-akula TVS Akula

കഴിഞ്ഞ ഓട്ടോ എക്സ്പോയിൽ ടി വി എസ് പ്രദർശിപ്പിച്ച ‘അപ്പാച്ചെ ആർ ആർ 310’ അരങ്ങേറ്റം ഡിസംബർ ആറിന്. ആദ്യമായി പ്രദർശിപ്പിക്കുമ്പോൾ ബൈക്കിന് ‘അകുല കൺസപ്റ്റ്’ എന്നായിരുന്നു പേര്. ബി എം ഡബ്ല്യുവിന്റെ സ്പോർട്സ് ബൈക്കായ ‘ജി 310 ആറി’ന്റെ എൻജിനും ഫ്രെയിമുമൊക്കെയാണ് ‘അപ്പാച്ചെ ആർ ആർ 310’ കടമെടുക്കുന്നത്. 

ടി വി എസ് ശ്രേണിയിലെ ഏറ്റവും കരുത്തുറ്റ ബൈക്കെന്ന പെരുമയോടെയാണ് ‘അപ്പാച്ചെ ആർ ആർ 310’ എത്തുന്നത്. ബൈക്കിലെ സിംഗിൾ സിലിണ്ടർ 313 സി സി, ലിക്വിഡ് കൂൾഡ് എൻജിനു പമരാവധി 34 ബി എച്ച് പി വരെ കരുത്ത് സൃഷ്ടിക്കാനാവും; 28 എൻ എം ആണ് എൻജിൻ സൃഷ്ടിക്കുന്ന പരമാവധി ടോർക്ക്. ആറു സ്പീഡ് ട്രാൻസ്മിഷനാണു ബൈക്കിലുള്ളത്. പ്രകടനക്ഷമതയേറിയ ബൈക്കുകളുടെ വിഭാഗത്തിൽ ഇടംപിടിക്കുന്ന ‘അപ്പാച്ചെ ആർ ആർ 310’ ഇന്ത്യയിൽ കെ ടി എം ‘ആർ സി 390’, കാവസാക്കി ‘നിൻജ 300’, ‘ബെനെല്ലി 302 ആർ’ തുടങ്ങിയവയോടാണു മത്സരിക്കുക. ചുവപ്പ്, നീല നിറങ്ങളിൽ ഒറ്റ വകഭേദത്തിൽ മാത്രമാവും ‘അപ്പാച്ചെ ആർ ആർ 310’ വിൽപ്പനയ്ക്കുണ്ടാവുക.

‘ജുപ്പീറ്ററി’ലൂടെ ഗീയർരഹിത സ്കൂട്ടർ വിഭാഗത്തിൽ തിളക്കമാർന്ന പ്രകടനം കാഴ്ചവയ്ക്കാൻ സാധിച്ചതിന്റെ ആഹ്ലാദത്തിലാണു ടി വി എസ്. ഹോണ്ട ‘ആക്ടീവ’ കഴിഞ്ഞാൽ രാജ്യത്ത് ഏറ്റവുമധികം വിൽപ്പനയുള്ള സ്കൂട്ടറായി മാറിയിട്ടുണ്ട് ‘ജുപ്പീറ്റർ’. ‘അപ്പാച്ചെ ആർ ആർ 310’ എത്തുന്നതോടെ പ്രകടനക്ഷമതയേറിയ ബൈക്കുകളുടെ വിഭാഗത്തിലും പ്രകടനം മെച്ചപ്പെടുത്താനാവുമെന്ന പ്രതീക്ഷയിലാണു കമ്പനി.

കഴിഞ്ഞ സാമ്പത്തികവർഷത്തിന്റെ മൂന്നാം പാദത്തോടെ തന്നെ ബി എം ഡബ്ല്യുവിനായി ‘ജി 310 ആർ’ ബൈക്കുകൾ ടി വി എസ് ഹൊസൂരിലെ ശാലയിൽ നിർമിച്ചു നൽകുന്നുണ്ട്. പ്രതിമാസം 2,000 ബൈക്കുകളാണു കമ്പനി ഇത്തരത്തിൽ ബി എം ഡബ്ല്യുവിനായി നിർമിക്കുന്നത്. എൻജിൻ ശേഷിയേറിയ ബൈക്കുകൾ പരസ്പര സഹകരണത്തോടെ രൂപകൽപ്പന ചെയ്തു വികസിപ്പിക്കാൻ 2013 ഏപ്രിലിലാണ് ടി വി എസും ബി എം ഡബ്ല്യു മോട്ടോറാഡും ധാരണയിലെത്തിയത്.