Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സാങ്‌യങ്ങിന്റെ ചിറകിലേറി മഹീന്ദ്ര യു എസിലേക്ക്

tivoli-1

ദക്ഷിണ കൊറിയൻ ഉപസ്ഥാപനമായ സാങ്യങ്ങിന്റെ ചിറകിലേറി യു എസ് വിപണിയിൽ സജീവമാകാൻ മഹീന്ദ്ര ആൻഡ് മഹീന്ദ്ര(എം ആൻഡ് എം). യു എസിനു സ്പോർട് യൂട്ടിലിറ്റി വാഹന(എസ് യു വി)ങ്ങളോടുള്ള പ്രിയം സാങ്യങ് ശ്രേണിയിലൂടെ മുതലെടുക്കാനാവുമെന്ന പ്രതീക്ഷയിലാണു മഹീന്ദ്ര. ലോകത്തിന്റെ കാർ തലസ്ഥാനമായ വാഴ്ത്തപ്പെടുന്ന ഡെട്രോയ്റ്റിൽ മഹീന്ദ്ര സ്ഥാപിച്ച നിർമാണശാല അടുത്തയിടെ പ്രവർത്തനം തുടങ്ങിയിരുന്നു. കഴിഞ്ഞ കാൽ നൂറ്റാണ്ടിനിടെ ഡെട്രോയ്റ്റിൽ ഉയരുന്ന ആദ്യ ശാലയ്ക്കായി 23 കോടി ഡോളർ(ഏകദേശം 1484.66 കോടി രൂപ) ആണു മഹീന്ദ്ര നിക്ഷേപിച്ചിരിക്കുന്നത്.

ശാല സ്ഥാപിച്ചതു മഹീന്ദ്രയെങ്കിലും യു എസ് വിപണിയിലിറങ്ങുക ദക്ഷിണ കൊറിയൻ നിർമാതാക്കളായ സാങ്യങ് മോട്ടോർ കമ്പനിയുടെ ഉൽപന്നശ്രേണിയാവുമെന്ന് എം ആൻഡ് എം ഗ്രൂപ് ചെയർമാൻ ആനന്ദ് മഹീന്ദ്രയാണു സൂചിപ്പിച്ചത്. അതേസമയം യു എസ് വിപണിയിൽ പ്രവേശിക്കാനുള്ള സമയക്രമം തീരുനമായിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. യു എസ് പ്രവേശം സംബന്ധിച്ച് സാങ്യങ്ങും മനസ്സ് തുറന്നിട്ടില്ല; 2011ൽ മഹീന്ദ്ര സ്വന്തമാക്കിയ കമ്പനിയുടെ ബോർഡ് ഇക്കാര്യത്തിൽ ഇതുവരെ തീരുമാനമെടുത്തിട്ടില്ല. 

ഹ്യുണ്ടേയ്, കിയ തുടങ്ങിയ കമ്പനികളിലൂടെ യു എസ് വിപണിക്ക് ദക്ഷിണ കൊറിയൻ ബ്രാൻഡുകളും അവയുടെ മേന്മയും പരിചിതമാണെന്ന് ആനന്ദ് മഹീന്ദ്ര ഓർമിപ്പിച്ചു. അതുകൊണ്ടുതന്നെ ഹ്യുണ്ടേയിക്കും കിയയ്ക്കും പിന്നാലെ മൂന്നാമതു കൊറിയൻ ബ്രാൻഡായി സാങ്യങ്ങിനെ യു എസിൽ അവതരിപ്പിക്കുന്നതു ഗുണകരമാണ്. പുതിയ ബ്രാൻഡിനോടുള്ള പരിചയക്കുറവോ അവിശ്വാസമോ സാങ്യങ്ങിനു നേരിടേണ്ടി വരില്ലെന്നും അദ്ദേഹം കരുതുന്നു. ഈ സാഹചര്യത്തിലാണ് എസ് യു വി വിഭാഗത്തിൽ സാങ്യങ്ങിനെ കൂട്ടുപിടിച്ച് യു എസിൽ യാത്ര തുടങ്ങാൻ മഹീന്ദ്ര ആലോചിക്കുന്നത്. 

ഡെട്രോയ്റ്റ് ശാലയിൽ ഓഫ് റോഡറുകളാവും നിർമിക്കുകയെന്നു മഹീന്ദ്ര വ്യക്തമാക്കിയിരുന്നു. ശാലയിൽ നിന്നുള്ള ആദ്യ വാഹനങ്ങൾ അടുത്ത വർഷമാദ്യം പുറത്തെത്തുമെന്നാണു പ്രതീക്ഷ. യു എസിൽ ട്രാക്ടർ നിർമാതാക്കളെന്ന നിലയിലാണു മഹീന്ദ്രയുടെ പ്രശസ്തി. യു എസിലെ ട്രാക്ടർ വിൽപ്പനയിൽ മൂന്നാം സ്ഥാനവും കമ്പനിക്കു സ്വന്തമാണ്.  അതേസമയം യു എസിലെ കാർ വിപണിയിലേക്കു പ്രവർത്തനം വ്യാപിപ്പിക്കുന്നതു സംബന്ധിച്ചു നിലവിൽ പദ്ധതിയൊന്നുമില്ലെന്നും മഹീന്ദ്ര വ്യക്തമാക്കുന്നു. പിനിൻഫരിന പോലുള്ള ബ്രാൻഡുകൾ മഹീന്ദ്രയുടെ പക്കലുണ്ട്; ഈ ബ്രാൻഡിൽ വൈദ്യുത കാർ പുറത്തിറക്കാനുള്ള മോഹവും ആനന്ദ് മഹീന്ദ്ര നേരത്തെ പങ്കുവച്ചിരുന്നു. എന്നാൽ ഇതിനപ്പുറം കാര്യങ്ങൾക്കൊന്നും വ്യക്തതയായിട്ടില്ലെന്ന നിലപാടിലാണ് അദ്ദേഹം.