Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബി എസ് ആറ് ഇന്ധന വില കുത്തനെ ഉയരില്ലെന്ന് ഇന്ത്യൻ ഓയിൽ

indian-oil

ഭാരത് സ്റ്റേജ് ആറ്(ബി എസ് ആറ്) നിലവാരമുള്ള ഇന്ധനം വിപണിയിലെത്തിക്കാനുള്ള അധിക ചെലവ് പൂർണമായും ഉപയോക്താക്കൾ വഹിക്കേണ്ടി വരില്ല. പകരം നേരിയ വില വർധനയോടെ മലിനീകരണ നിയന്ത്രണത്തിൽ ബി എസ് ആറ് നിലവാരമുള്ള ഇന്ധനം വിൽപ്പനയ്ക്കെത്തിക്കാനാണ് ഇന്ത്യൻ ഓയിൽ കോർപറേഷന്റെ ആലോചന.

ശുദ്ധീകരണ ചെലവും ഇന്ധനത്തിന്റെ വിൽപ്പന വിലയുമായി കാര്യമായ ബന്ധമില്ലാത്ത സാഹചര്യമാണെന്ന് ഇന്ത്യൻ ഓയിൽ കോർപറേഷൻ ചെയർമാൻ സഞ്ജീവ് സിങ് ഓർമിപ്പിച്ചു. ആഗോള വിപണികളിലെ വില കണക്കിലെടുത്തും അതുമായി തുല്യത നിലനിർത്തിയുമാണ് ഇന്ധനവില നിർണയിക്കുന്നതെന്ന് അദ്ദേഹം വിശദീകരിച്ചു. രാജ്യാന്തര വിപണിയിൽ യൂറോ നാല് — യൂറോ ആറ് നിലവാരമുള്ള ഇന്ധനങ്ങളുടെ വിലയിൽ കാര്യമായ വിലവ്യത്യാസമില്ല. ബി എസ് ആറ് നിലവാരമുള്ള ഇന്ധനങ്ങൾ പുറത്തിറക്കാനായി 17,000 കോടിയോളം രൂപയാണ് ഇന്ത്യൻ ഓയിൽ നിക്ഷേപിക്കുക. എന്നാൽ ഈ ചെലവ് മുഴുവൻ നിലവാരമേറിയ ഇന്ധനങ്ങളുടെ വിലയിൽ പ്രതിഫലിക്കില്ലെന്ന് സിങ് വ്യക്തമാക്കി.

എങ്കിലും നിലവിലുള്ള ഇന്ധനങ്ങളെ അപേക്ഷിച്ച് നേരിയ വില വർധനയോടെയാവും ബി എസ് ആറ് നിലവാരമുള്ള ഇന്ധനം വിൽപ്പനയ്ക്കെത്തുകയെന്ന് അദ്ദേഹം സൂചിപ്പിച്ചു. അതേസമയം ശുദ്ധീകരണ ചെലവിലെ വർധന പൂർണമായി ഉപയോക്താക്കൾക്കു കൈമാറുകയുമില്ല. 

രാജ്യാന്തരതലത്തിലെ വില നിലവാരം അടിസ്ഥാനമാക്കിയാവും ഇന്ത്യൻ ഓയിൽ ഉൽപന്ന വില നിർണയിക്കുകയെന്നും സിങ് വിശദീകരിച്ചു. ബി എസ് ആറ് നിലവാരം നടപ്പാക്കാൻ കേന്ദ്ര സർക്കാർ തിടുക്കം കാട്ടുന്ന സാഹചര്യത്തിൽ ഉയർന്ന നിലവാരമുള്ള ഇന്ധനവും വാഹനങ്ങളും പുറത്തിറക്കാനുള്ള തീവ്രശ്രമത്തിലാണ് എണ്ണ ശുദ്ധീകരണ ശാലകളും കാർ നിർമാതാക്കളും.

ബി എസ് ആറ് നിലവാരം നടപ്പായാലും പ്രീമിയം ഉൽപന്നങ്ങൾ വിപണിയിൽ തുടരുമെന്നു സിങ് അറിയിച്ചു. എൻജിന്റെ പ്രകടനം മെച്ചപ്പെടുത്താൻ ഗ്യാസൊലിൻ പോലുള്ള ഘടകങ്ങൾ ചേർത്താണു പ്രീമിയം ഇന്ധനം എത്തുന്നത്. എൻജിനിലെ കാർബൺ നിക്ഷേപം കുറയ്ക്കാനും ഈ ഇന്ധനം സഹായിക്കും. അതേസമയം ബി എസ് ആറ് നിലവാരത്തിൽ സൾഫറിന്റെ അളവിൽ മാത്രമാണു കുറവുള്ളതെന്നു സിങ് വെളിപ്പെടുത്തി.