Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സൂപ്പർ ഹിറ്റായി ടെസ്‌ലയുടെ വൈദ്യുത ട്രക്ക്

Tesla Semi Truck Tesla Semi Truck

യു എസ് നിർമാതാക്കളായ ടെസ്ല ഇൻകോർപറേറ്റഡ് അവതരിപ്പിച്ച വൈദ്യുത ട്രക്കുകൾ സ്വന്തമാക്കാൻ ഡി എച്ച് എൽ രംഗത്ത്. ഡോയിച് പോസ്റ്റ് എ ജിയുടെ ഡി എച്ച് എല്ലിനു പുറമെ കാനഡയിലെ വൻകിട ഫ്ളീറ്റ് മാനേജ്മെന്റ് കമ്പനിയായ ഫോർട്ടിഗൊ ഫ്രൈറ്റ് സർവീസസ് ഇൻകോർപറേറ്റഡും ടെസ്ലയുടെ സെമി ട്രക്കിൽ താൽപര്യം പ്രകടിപ്പിച്ചിട്ടുണ്ട്. ഈ മാസം അരങ്ങേറ്റം കുറിച്ച ടെസ്ല ‘സെമി ട്രക്ക്’ ഉപയോഗിച്ചു തിരഞ്ഞെടുത്ത റൂട്ടുകളിൽ പരീക്ഷണ ഓട്ടം നടത്താനാണ് ഇരുകമ്പനികളുടെയും പദ്ധതി.

പോരെങ്കിൽ റീട്ടെയ്ൽ വ്യാപാര മേഖലയിലെ വമ്പന്മാരായ വാൾമാർട് സ്റ്റോഴ്സ് ഇൻകോർപറേറ്റഡും ഫ്ളീറ്റ് ഓപ്പറേറ്റർമാരായ ജെ ബി ഹണ്ടും ടെസ്ല കഴിഞ്ഞ 16ന് അനാവരണം ചെയ്ത ‘സെമി ട്രക്ക്’ വാങ്ങാൻ തീരുമാനിച്ചിട്ടുണ്ട്. ‘സെമി’ 2019ൽ വാണിജ്യാടിസ്ഥാനത്തിൽ വിൽപ്പനയ്ക്കെത്തിക്കാനാണു ടെസ്ല ലക്ഷ്യമിടുന്നത്. വൈദ്യുത കാറുകൾക്കു പുറമെ സൗരോർജ മേൽക്കൂരകളും ഊർജ സംഭരണ സംവിധാനങ്ങളുമൊക്കെയായി സമ്പദ്വ്യവസ്ഥയെ പരമ്പരാഗത ഇന്ധനങ്ങളിൽ നിന്നകറ്റാനുള്ള ടെസ്ലയുടെ പദ്ധതിയിലെ പുതുതന്ത്രമായാണു ‘സെമി’ വാഴ്ത്തപ്പെടുന്നത്.

യു എസ് നിർമാതാക്കൾക്കും വിതരണക്കാർക്കുമായി ഗതാഗത, വെയർഹൗസിങ്, വിതരണ സേവനങ്ങൾ ലഭ്യമാക്കുന്ന ഡി എച്ച് എൽ സപ്ലൈ ചെയിൻ 10 ‘സെമി’ വാങ്ങാനാണു ലക്ഷ്യമിടുന്നത്. ഇതുവഴി യു എസിലെ പ്രധാന നഗരങ്ങളിൽ ‘സെമി’ ഉപയോഗിക്കാനുള്ള സാധ്യത പഠിക്കുകയാണു ഡി എച്ച് എല്ലിന്റെ പരിപാടി. അതതു ദിവസം സാധനങ്ങൾ ലക്ഷ്യത്തിലെത്തിക്കാനുള്ള ഹ്രസ്വദൂര ഷട്ടിൽ സർവീസുകൾക്കാവും ഈ ട്രക്കുകൾ വിന്യസിക്കുകയെന്നും ഡി എച്ച് എൽ വ്യക്തമാക്കുന്നു. ഒപ്പം ഇന്ധനക്ഷമത പരിശോധിക്കാനായി ദീർഘദൂര യാത്രകളിലും ‘സെമി’ ഉപയോഗിച്ചു നോക്കും.

ഒന്റാരിയൊ ആസ്ഥാനമായ ഫോർട്ടിഗൊ ഒരു ടെസ്ല ‘സെമി’ ട്രക്കിനാണ് ഓർഡർ നൽകിയതെന്ന് കമ്പനി ചീഫ് എക്സിക്യൂട്ടീവ് എലിയാസ് ഡെമാൻഗോസ് അറിയിച്ചു. അഡ്വാൻസായി 20,290 ഡോളറും കമ്പനി അടച്ചിട്ടുണ്ട്. വിലയിലെ ബാക്കിയായ 1.81 ലക്ഷം ഡോളർ ട്രക്ക് കൈമാറുമ്പോൾ നൽകുമെന്നാണു വ്യവസ്ഥ. കമ്പനിയുടെ ബിസിനസ് ലക്ഷ്യങ്ങൾ നിറവേറ്റാൻ ‘സെമി’ക്കു കഴിയുമോ എന്നു പരിശോധിക്കാനാണു ട്രക്ക് വാങ്ങുന്നതെന്നും ഡെമാൻഗോസ് അറിയിച്ചു. അതേസമയം ‘സെമി’ ട്രക്കിനു ലഭിച്ച ഓർഡറിന്റെ വിശദാംശങ്ങൾ ടെസ്ല പങ്കുവച്ചിട്ടില്ല.