Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പുതിയ ശാലയ്ക്കു സ്ഥലം തേടി ലോഹിയ ഓട്ടോ

Lohia Auto Industries Lohia Auto Industries

വൈദ്യുത വാഹന നിർമാണത്തിനായി പുതിയശാല സ്ഥാപിക്കാൻ നോയ്ഡ ആസ്ഥാനമായ ലോഹിയ ഓട്ടോ ഒരുങ്ങുന്നു. മഹാരാഷ്ട്ര, ആന്ധ്ര പ്രദേശ്, തെലങ്കാന സംസ്ഥാനങ്ങളിലാണു പുതിയ വൈദ്യുത വാഹന, ഇരുചക്രവാഹന നിർമാണശാലയ്ക്കായി കമ്പനി സ്ഥലം തേടുന്നത്. ഇതു സംബന്ധിച്ച് ലോഹിയ ഓട്ടോ ചീഫ് എക്സിക്യൂട്ടീവ് ഓഫിസർ ആയുഷ് ലോഹിയ മൂന്നു സംസ്ഥാനങ്ങളിലെയും ഉദ്യോഗസ്ഥരുമായി ചർച്ചകളും നടത്തുന്നുണ്ട്. പുതിയ ശാലയ്ക്കായി 80 — 100 കോടി രൂപയുടെ നിക്ഷേപമാണു കമ്പനി ലക്ഷ്യമിടുന്നത്. 500 മുതൽ 1000 തൊഴിലവസരങ്ങളും പുതിയ ശാല സൃഷ്ടിക്കുമെന്നു ലോഹിയ കണക്കുകൂട്ടുന്നു.

പുതിയ ശാല 2021ൽ പ്രവർത്തനക്ഷമമാവണമെന്നാണ് ലോഹിയ ഓട്ടോയുടെ മോഹം. ഈ ലക്ഷ്യത്തോടെയാണു കമ്പനിയുടെ ആസൂത്രണവും പുരോഗമിക്കുന്നത്. ശാലയ്ക്കായി സ്ഥലം തേടി തെലങ്കാന, ആന്ധ്ര പ്രദേശ് സംസ്ഥാനങ്ങളുമായി ചർച്ചകൾ നടത്തിയതായും ആയുഷ് ലോഹിയ വെളിപ്പെടുത്തി. ജീവക്കാരുടെ ലഭ്യതയിലും വൈദ്യുതി ലഭ്യതയിലുമുള്ള പരിമിതികളാണ് മഹാരാഷ്ട്രയിലെ പ്രശ്നമെന്നും അദ്ദേഹം വെളിപ്പെടുത്തി. ഈ പരിമിതി മൂലാണ് മഹാരാഷ്ട്രയെ അപേക്ഷിച്ച് തെലങ്കാനയും ആന്ധ്ര പ്രദേശും വ്യവസായ രംഗത്തു കൂടുതൽ നിക്ഷേപം നേടുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

പോരെങ്കിൽ മഹാരാഷ്ട്രയിൽ നിർമാണശാലകൾ സ്ഥാപിക്കാൻ ഉൾഭാഗങ്ങളിൽ മാത്രമാണു സ്ഥലലഭ്യതയുള്ളത്; ഇവയൊക്കെ പുണെയിൽ നിന്നും ബാരാമതിയിൽ നിന്നും 150 — 200 കിലോമീറ്ററകലെയാണെന്നും ലോഹിയ ചൂണ്ടിക്കാട്ടി. ഭാവിയുടെ ആവശ്യം മുന്നിൽകണ്ടാണു പുതിയ ശാല സ്ഥാപിക്കാൻ ലോഹിയ ഓട്ടോ നടപടി തുടങ്ങിയതെന്നും അദ്ദേഹംവിശദീകരിച്ചു. ഏതാനും മാസമായി വൈദ്യു വാഹനങ്ങളുടെ വിപണന സാധ്യത മെച്ചപ്പെടാനുള്ള സാഹചര്യം ഒരുങ്ങുന്നുണ്ട്. വൈദ്യുത വാഹനങ്ങളെക്കുറിച്ചുള്ള ചർച്ച വ്യാപകമാവുന്നതും ഗുണകരമാണെന്നു ലോഹിത അഭിപ്രായപ്പെട്ടു.